മാനവ മഹാകാവ്യം

പോത്തുകല്ലിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കുന്നു
സി പ്രജോഷ് കുമാർ
Published on Jun 16, 2025, 12:15 AM | 1 min read
നിലമ്പൂർ
മനസ്സിൽ മഴക്കുളിരാവുകയാണ് വാക്കുകൾ. വികസനം പൂത്തുലഞ്ഞ വഴികളിൽ ആ വാക്കിന്റെ നേര് തൊട്ടറിഞ്ഞവർ തിങ്ങിനിറയുന്നു. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് അരികിലെത്തുമ്പോൾ രാഷ്‌ട്രീയ വേർതിരിവില്ലാതെ നാട് മാനവ മഹാകാവ്യം രചിക്കുന്നു. എടക്കര സ്‌കൂൾകുന്നിലായിരുന്നു ഞായറാഴ്‌ച ആദ്യ സ്വീകരണം. എ എ റഹീം എംപി വാഹന പരിശോധന വിവാദമാക്കിയ കോൺഗ്രസ് നാടകത്തെ പൊളിച്ചടുക്കുമ്പോൾ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയിൽ സ്ഥാനാർഥിയെത്തി. ചെണ്ടവാദ്യങ്ങളുമായി വരവേൽപ്പ്. കാപ്പുണ്ടയിൽ സഹോദരങ്ങളായ ദേവാൻഷിയും അലംകൃതും പൂച്ചെണ്ട് നൽകി വരവേറ്റു. പയമ്പയിൽ നബീസുമ്മക്ക് ആവേശം അടക്കാനായില്ല. സ്വരാജിനെ കെട്ടിപ്പിടിച്ച് സ്‌നേഹപ്രകടനം. പാലേമാട് ടൗൺ ഇളക്കിമറിച്ച് അടുത്ത സ്വീകരണം. വാക്കുകൾക്ക് കാതോർത്ത് പാതയോരങ്ങളിൽ തടിച്ചുകൂടിയവരിലേക്ക് അവരിലൊരാളായി സ്വരാജ് ഇറങ്ങിച്ചെന്നു. വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ടഭ്യർഥന. സർക്കാർ ആശുപത്രിയിൽ മരുന്നില്ലെന്ന യുഡിഎഫ് നുണയെ പൊളിക്കാൻ തനിക്ക് ലഭിച്ച മരുന്നുകെട്ടുമായാണ് താനിമൂലയിൽ പി ചന്ദ്രകുമാർ സ്വീകരണത്തിനെത്തിയത്. പെരുംകുളത്ത് ജോൺ ബ്രിട്ടാസ് എംപിയും എംഎൽഎമാരായ ലിന്റോ ജോസഫും എം വിജിനും എത്തിയപ്പോൾ ആരവം കനത്തു. ഇടുക്കി രാമൻകുളങ്ങര സ്വദേശി പ്രിൻസ് ഭുവനേന്ദ്രൻ നിലമ്പൂർ തേക്കിൽ തീർത്ത സ്വരാജിന്റെ ചിത്രം സമ്മാനിച്ചു. വഴിക്കടവ് പുത്തരിപ്പാടത്ത് കോൺഗ്രസിൽനിന്ന് രാജിവച്ച വാസുദേവർ പ്ലാപ്പറ്റയും ബിജെപി പ്രവർത്തകൻ ബാബുരാജനും സ്വീകരിക്കാനെത്തി. കോരൻകുന്നിലും ആനമറിയിലും കെട്ടുങ്ങലും മഴയെ തോൽപ്പിച്ച് ആവേശം. സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാൻ എങ്ങും തിരക്ക്. ‘പവർകട്ട് വരാതിരിക്കാൻ, പെൻഷൻ മുടങ്ങാതിരിക്കാൻ, സ്കൂൾ തുറക്കുന്നതിനുമുമ്പ് പാഠപുസ്‌തകം ലഭിക്കാൻ ഇടതുപക്ഷ വിജയം ഉറപ്പാക്കാം’–- ചെറുവാക്കുകളിൽ പ്രസംഗമവസാനിപ്പിച്ച് അടുത്ത സ്വീകരണത്തിലേക്ക്. രാത്രി കാഞ്ഞിരത്തിങ്ങലിൽ കൊട്ടിക്കലാശത്തോടെ സമാപനം.









0 comments