സർക്കാർ കൈപിടിച്ചു; മുന്നേറി ചുങ്കത്തറ

ചുങ്കത്തറ പഞ്ചായത്ത് ഓഫീസ്
എടക്കര
കുടിയേറ്റ കർഷകർ ഏറെയുള്ള ചുങ്കത്തറ പഞ്ചായത്തിൽ വൻ വികസന പദ്ധതികളാണ് ഒമ്പത് വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. 1962ലാണ് ചുങ്കത്തറ പഞ്ചായത്ത് രൂപീകരിച്ചത്. 49,026 ആണ് ജനസംഖ്യ. 24,721 സ്ത്രീകളും 24,305 പുരുഷന്മാരും. പഞ്ചായത്തിൽ 39 പട്ടികവർഗ നഗറുമുണ്ട്. 129 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. കിഴക്ക് എടക്കര, മൂത്തേടം പഞ്ചായത്തുകളും വടക്ക് പോത്തുകല്ലും പടിഞ്ഞാറ് ചാലിയാർ പഞ്ചായത്തും തെക്ക് കരിമ്പുഴയും സ്ഥിതിചെയ്യുന്നു. യുഡിഎഫ് കാലത്ത് നിർമിച്ച കൈപ്പിനിക്കടവ് പാലം പ്രളയത്തിൽ പൂർണമായും തകർന്നു. 13 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിച്ച് എൽഡിഎഫ് സർക്കാർ നാടിന് സമർപ്പിച്ചു. 40 വർഷം പഴക്കമുള്ള, ബലക്ഷയം നേരിട്ട മുട്ടിക്കടവ് പാലം പൊളിച്ച് എട്ട് കോടി രൂപ ചെലവിൽ പുതിയ പാലം നിർമിച്ചു. ചുങ്കത്തറ–-മൂത്തേടം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 3.9 കോടി ചെലവിൽ ആറംപുളിക്കൽ പാലം നിർമിച്ചു. ഏനാന്തി കടവിൽ 17.5 കോടിയുടെ പാലം നിർമാണം പുരോഗമിക്കുന്നു. 1052 ലൈഫ് വീട് അനുവദിച്ചു. ഇതിൽ 725 വീട് നിർമാണം പൂർത്തിയാക്കി. 327 വീടിന്റെ നിർമാണം പുരോഗമിക്കുന്നു. ചുങ്കത്തറ–-കുറ്റിമുണ്ട റോഡ് അഞ്ച് കോടി, ചുങ്കത്തറ എരുമമുണ്ട റോഡ് 3.3 കോടി, പള്ളിക്കുത്ത് യുപി സ്കൂളിന് ഒരുകോടി, കുറുമ്പലങ്കോട് യുപി സ്കൂളിന് ഒരുകോടി, കൊന്നമണ്ണ യുപി സ്കൂൾ കെട്ടിടത്തിന് ഒരുകോടി എന്നിങ്ങനെ അനുവദിച്ചു. സംസ്ഥാനത്ത് ആദ്യമായി എൽഡിഎഫ് സർക്കാർ സിഎച്ച്സിയിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചത് ചുങ്കത്തറയിലാണ്. 40 ലക്ഷം ചെലവഴിച്ച് എട്ട് ഡയാലിസിസ് മെഷീൻ ലഭ്യമാക്കി. ഒമ്പത് വർഷത്തിനുള്ളിൽ 50 ഗ്രാമീണ റോഡിന് അഞ്ച് കോടി രൂപ അനുവദിച്ച് പ്രവൃത്തി പൂർത്തിയാക്കി. കൊന്നമണ്ണ, പള്ളിക്കുത്ത് സ്കൂളുകൾക്ക് ബസ് അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 1.32 കോടി ചെലവിൽ 10 റോഡ് നിർമിച്ചു. ചുങ്കത്തറയിലും എരുമമുണ്ടയിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. 5922 ഗുണഭോക്താക്കൾക്ക് പ്രതിമാസം 94 ലക്ഷം രൂപ ക്ഷേമ പെൻഷനായി വിതരണംചെയ്യുന്നു.









0 comments