നാട് വിറപ്പിച്ചു, ഒടുവിൽ കൂട്ടിൽ

കാളികാവ് അടക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ നരഭോജി കടുവ കരുവാരക്കുണ്ട് സുൽത്താന എസ്‌റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയപ്പോൾ
ജിജോ ജോർജ്
Published on Jul 07, 2025, 01:05 AM | 2 min read
കരുവാരക്കുണ്ട്
മലയോര ജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നരഭോജി കടുവ ഒടുവിൽ കൂട്ടിൽ. മെയ് 15ന് അടയ്ക്കാക്കുണ്ടിലാണ് ടാപ്പിങ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തുന്നത്. അന്നുമുതൽ വനം വകുപ്പ് കടുവക്കായി തിരച്ചിൽ നടത്തിവരികയാണ്. വനംവകുപ്പ് സ്ഥാപിച്ച കാമറകളിൽ പലയിടങ്ങളിൽ പുലിയുടെ ചിത്രം പതിഞ്ഞു. പലയിടത്തും പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു. എന്നാൽ, വെടിവയ്‌ക്കാൻ കഴിയുന്നതരത്തിൽ കടുവയെ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഏതാനും ദിവസംമുമ്പ് തിരച്ചിൽ സംഘത്തെ കടുവ ആക്രമിച്ചിരുന്നു. അന്ന് റബർ ബുള്ളറ്റിൻ ഉപയോഗിച്ച് വെടിയുതിർത്തെങ്കിലും രക്ഷപ്പെട്ടു.
തുടർന്ന്, വനംവകുപ്പിന്റെ നിരന്തരമായ തിരച്ചിലിനും ഇടപെടലിനും 53 ദിവസത്തിനുശേഷം ഫലമുണ്ടായി. കടുവയെ പിടികൂടാൻ കഴിയാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലായിരുന്നു.
കടുവയുടെ സാന്നിധ്യം വ്യക്തമായതോടെ കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലെ ജനങ്ങൾ കടുത്ത ഭീതിയിലായിരുന്നു. ഇതോടെ കടുവക്കായി വ്യാപക തരിച്ചിൽ തുടങ്ങി. കാളികാവ് റേഞ്ച് ഓഫീസർ പി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തിയിരുന്നത്. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയ അടക്കമുള്ളവർ സ്ഥലത്ത് എത്തിയിരുന്നു.
കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലെ ആർത്തല, മഞ്ഞൾപ്പാറ, സുൽത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാറശേരി, അടക്കാക്കുണ്ട്, എഴുപതേക്കർ, അൻമ്പതേക്കർ പാന്ത്ര, മാദാരിക്കുണ്ട്, ആർത്തല ചുവന്നകുന്ന് തുടങ്ങിയ ഇടങ്ങിലെല്ലാം കാമറകൾ സ്ഥാപിച്ചു. പലയിടങ്ങളിലായി ലൈവ് സ്ട്രീം കാമറകളും സ്ഥാപിച്ചു. ഡ്രോണുകളും തിരച്ചിലിനായി ഉപയോഗപ്പെടുത്തി. സൈലന്റ്‌വാലി കാടുകളിൽനിന്നാണ് കടുവ ജനവാസമേഖലയിലേക്ക് വന്നതെന്നാണ് നിഗമനം.

ശരീരത്തിൽ ചെറിയ മുറിവുകൾ
പിടികൂടിയ കടുവയെ അമരമ്പലം ഫോറസ്‌റ്റ് ഓഫീസിലേക്കാണ് കൊണ്ടുവന്നത്. തുടർന്ന് വനംവകുപ്പിന്റെ വെറ്ററിനറി സർജൻമാരായ ഡോ. എസ് ശ്യാം (നിലമ്പൂർ), ഡോ. അജേഷ് മോഹൻദാസ് (വയനാട് ആർആർടി സംഘം) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കടുവയെ പരിശോധന നടത്തി. 13 വയസുള്ള കടുവയുടെ മുഖം ഉൾപ്പെടെ ശരീരത്തിൽ പലയിടത്തും ചെറിയ മുറിവുകളുണ്ട്. കാളികാവ് റേഞ്ച് ഓഫീസർ പി രാജീവ്, കരുളായി റേഞ്ച് ഓഫീസർ പി കെ മുജീബ് റഹ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കടുവയെ അമരമ്പലം ഫോറസ്‌റ്റ് ഓഫീസിലേക്ക് കൊണ്ടുപോയത്. * തുടർന്നാണ് ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യസ്ഥിതി പരിശോധിച്ചത്. പ്രാഥമിക പരിശോധനയിൽ ചെറിയ മുറികൾ അല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്താനായില്ല. കടുവയെ മയക്കിയ പരിശോധന നടത്തിയാൽ മാത്രമാണ് മറ്റ് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് കണ്ടെത്താൻ കഴിയുക.
പരിശോധന നടത്തിയശേഷം കോഴി അടക്കമുള്ള ഭക്ഷണം നൽകിയശേഷം വൈകിട്ട് അഞ്ചോടെ കടുവയെ തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോയി.









0 comments