സംസ്ഥാന സീനിയർ വനിതാ ഫുട്‌ബോൾ
കലാശപ്പോരിൽ തൃശൂരും *തിരുവനന്തപുരവും

വനിതാ ഫുട്‌ബോൾ
മലപ്പുറം
ദീപാവലി ദിനത്തിൽ നിലന്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ വനിതാ ഫുട്‌ബോളിന്റെ കലാശപ്പോര് നടക്കും.
തിങ്കളാഴ്‌ച രാവിലെ ഏഴിന് തിരുവനന്തപുരവും തൃശൂരും തമ്മിലാണ് ഫൈനൽ പോരാട്ടം. സംസ്ഥാന സീനിയർ വനിതാ ഫുട്‌ബോളിൽ കപ്പുയർത്താൻ ഇരുടീമും കച്ചകെട്ടിയിറങ്ങുന്പോൾ മത്സരത്തിന് വീറും വാശിയും കൂടുമെന്ന് ഉറപ്പ്.
കഴിഞ്ഞവർഷത്തെ റണ്ണേഴ്‌സ് അപ്പായ തൃശൂർ ഇത്തവണ കപ്പുമായി മടങ്ങാൻ തന്നെയാണ് വന്നിരിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന്റെ കരുത്തിലാണ് ടീം ഇറങ്ങുന്നത്. 20 അംഗ ടീമിലെ 19 പേരും സെന്റ് ജോസഫ്‌സിന്റെ താരങ്ങളാണ്. കോളേജിന്റെ പരിശീലകനായ ജിനു ജോസഫ് (സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ) ആണ് തൃശൂർ ടീമിന്റെ പരിശീലകൻ.
ഇ ജെ ശ്രീനന്ദനയാണ് ക്യാപ്‌റ്റൻ. ക്വാർട്ടറിൽ വയനാടിനെ 5–1നും സെമിയിൽ എറണാകുളത്തെ ഏകപക്ഷീയമായ അഞ്ച് ഗോളിനും തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്. യുവനിരയുമായി എത്തിയ തിരുവനന്തപുരവും കപ്പിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പ് മത്സരത്തിൽ കോഴിക്കോടിനെ (5–3) തോൽപ്പിച്ച് തുടങ്ങിയ തിരുവനന്തപുരം ക്വാർട്ടറിൽ നിലവിലെ ചാന്പ്യന്മാരായ കാസർകോടിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്‌ത്തി. സെമിയിൽ എറണാകുളത്തെ ഒന്നിനെതിരെ നാല് ഗോളിന് വീഴ്‌ത്തിയാണ് അവസാന പോരാട്ടത്തിന് യോഗ്യത നേടിയത്.
മെർബിൻ ജെറാൾഡ് പരിശീലിപ്പിക്കുന്ന ടീമിന്റെ ക്യാപ്‌റ്റൻ ഫുട്‌സാൽ ഇന്ത്യൻ താരമായ എം അൽഫോൻസിയയാണ്.
തൃശൂർ ടീം: ഇ ജെ ശ്രീനന്ദന (ക്യാപ്‌റ്റൻ), ജിഷില ഷിബു (വൈസ് ക്യാപ്റ്റൻ), വി ആരതി, സി ആർ നന്ദന, ദിയ രാജൻ, ആഷ്മി റോബർട്ട്, എയ്ഞ്ചൽ കുര്യൻ, മാനസ രതീഷ്, താനുശ്രീ, സോണിയ ജോസ്, ജാസ്മിൻ ജോയ്, ലിയ ജോസ്, വൈഗ സുരേഷ് ബാബു, ആൻ ബാബു, കെ ആർ പാർവതി വർമ, അനുശ്രീ,
അലീന ടോണി, പി രേഷ്‌മ, ആര്യ അനിൽകുമാർ, ദിയ ഗിരിജൻ. ജിനു ജോസഫ് (പരിശീലകൻ). സിജിത (മാനേജർ).
തിരുവനന്തപുരം: എം അൽഫോൻസിയ (ക്യാപ്‌റ്റൻ), വി വിനീത, ആർ ആര്യ, എസ് ബി ആർച്ച, എസ് സുജിമോൾ, എസ് സോന, നാൻസി, ഷാലുമോൾ, ഇ ഷിജി, അമൃത മനോഹരൻ, അശ്വതി അപ്പുക്കുട്ടൻ, എം മെർലിന, ഫാത്തിമ സുഹ്‌റ, പി എസ് പ്രണവിയ, ആർ അഥീന, എം എസ് രേഷ്‌മ, എസ് ശ്രീഷ്‌മ, സി എ സഹനപ്രിയ. മെർബിൻ ജെറാൾഡ് (പരിശീലകൻ).









0 comments