ജലപ്പേടിയില്ലാ കാലം

പ്രളയത്തിൽ നീർപുഴ വിഴുങ്ങിയ ചളിക്കൽ നഗറിലെ ആദിവാസികളുടെ പുനരധിവാസത്തിന് ചെമ്പൻകൊല്ലിയിൽ നിർമിച്ച വീടുകൾ
സി പ്രജോഷ് കുമാർ
Published on Jun 05, 2025, 12:15 AM | 1 min read
നിലമ്പൂർ
മഴക്കാലം പോത്തുകല്ലിലെ ചളിക്കൽ നിവാസികൾക്ക് ഭീതിയുടെ നാളായിരുന്നു. നീർപ്പുഴ കരകവിഞ്ഞാൽ വീടുപേക്ഷിച്ച് ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ പോകണം. 2018ലെ പ്രളയത്തിൽ നീർപ്പുഴ നഗറിനെ പൂർണമായി വിഴുങ്ങി. ഇവിടെ ജീവിതം അസാധ്യമായി. എന്നാൽ, ഇവരുടെ കരംപിടിക്കാൻ സർക്കാരുണ്ടായി. 34 കുടുംബങ്ങളെയും എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലിയിൽ പുനരധിവസിപ്പിച്ചു. ഇന്നിവർക്ക് ജലപ്പേടിയില്ല. 34 വീടുകളുടെ നിർമാണം പൂർത്തിയാക്കി 2021 ജൂലൈ 21ന് മുഖ്യമന്ത്രി കൈമാറി. ഓരോ കുടുംബത്തിനും 10 സെന്റ് സ്ഥലവും വീടുമാണ് നൽകിയത്. ‘മഴക്കാലത്ത് പുറത്തിറങ്ങാനാവാത്തവിധം വീടിനുചുറ്റും വെള്ളം കയറും. പുഴ നിറഞ്ഞാൽ പിന്നെ പേടിയാണ്. ഏത് സമയവും വെള്ളം വീട്ടിനകത്തെത്തും.’–- രാധാമണിയുടെ വാക്കുകളിലുണ്ട് ആ പേടിക്കാലം. ‘പ്രളയത്തിൽ വീട് പൂർണമായും വെള്ളത്തിൽ മുങ്ങി. വെള്ളമിറങ്ങിയപ്പോൾ ചെളിക്കുളമായി. അവിടെ താമസിക്കാൻ കഴിയുമായിരുന്നില്ല. സർക്കാർ ഞങ്ങളെ പുനരധിവസിപ്പിച്ചു. അതിന് ഒരുപാട് നന്ദിയുണ്ട്’ –- ലീലാമണിയുടെ വാക്കിലും സന്തോഷം. ആദിവാസി പുനരധിവാസ വികസന മിഷൻനിൽ ജില്ലാ ഭരണകേന്ദ്രവും പട്ടിക വർഗ വികസനവകുപ്പും എടക്കര വില്ലേജിൽ ചെമ്പൻകൊല്ലി മലച്ചിയിൽ വാങ്ങിയ അഞ്ച് ഏക്കർ ഭൂമിയിലാണ് ഫെഡറൽ ബാങ്ക് കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ വീടുകൾ നിർമിച്ചത്. ഭൂമി വാങ്ങാനും വൈദ്യുതീകരണത്തിനും കുടിവെള്ള കണക്ഷനുമായി പട്ടികവർഗ വികസന വകുപ്പ് 1,72,31,500 രൂപ ചെലവഴിച്ചു. ഭവന നിർമാണത്തിന് ഫെഡറൽ ബാങ്ക് 2.20 കോടി രൂപ നൽകി. രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയുമടങ്ങുന്ന വീടുകളിൽ വൈദ്യുതി, പൈപ്പ് കണക്ഷനുൾപ്പെടെ കുടിവെള്ള സൗകര്യം, ചുറ്റുമതിൽ എന്നിവ ഒരുക്കി. കളിസ്ഥലം, ശ്‌മശാനം, കമ്യൂണിറ്റി ഹാൾ എന്നിവക്ക് സ്ഥലം മാറ്റിവച്ചു. എൽഡിഎഫ് ജനപ്രതിനിധിയായ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തംഗം സോമൻ പാർളിയുടെ ഫണ്ടുപയോഗിച്ച് നഗറിലേക്ക് ടാറിട്ട റോഡും നിർമിച്ചു.









0 comments