വർഗീയത തോൽക്കും, വികസനം വാഴും

സി പ്രജോഷ്‌കുമാർ
Published on Oct 31, 2025, 01:34 AM | 1 min read
മലപ്പുറം
സമൂഹത്തിൽ വർഗീയതയും വിദ്വേഷവും വിതറുന്ന വലതുപക്ഷ രാഷ്‌ട്രീയത്തിന് വികസന നേട്ടങ്ങൾകൊണ്ട് മറുപടി പറയുകയാണ് എൽഡിഎഫ് സർക്കാർ. ജില്ലയുടെ വികസന കുതിപ്പിന് എക്കാലവും ഗതിവേഗം പകർന്ന ഇടതുപക്ഷ സർക്കാരുകളുടെ നേട്ടങ്ങളുടെ പട്ടികയിൽ അപൂർവതകൾ എഴുതിച്ചേർത്താണ് പിണറായി വിജയൻ സർക്കാർ മുന്നേറുന്നത്. സാമൂഹ്യ സുരക്ഷാമേഖലയിൽ നാടിനെയാകെ ചേർത്തുപിടിക്കുന്നതിന്റെ നേർസാക്ഷ്യമായി പുതിയ പ്രഖ്യപാനങ്ങൾ. ഇടതുപക്ഷ സർക്കാരുകളുടെ വികസന കാഴ്‌ചപ്പാടുകളും നയസമീപനങ്ങളും മാറ്റിമറിച്ച മണ്ണാണ് മലപ്പുറം. ജില്ലാ രൂപീകരണംമുതൽ നാളിതുവരെയുള്ള വളർച്ചയിൽ ഇടതുപക്ഷത്തിന്റെ കൈയൊപ്പുകാണാം. ഒന്നാം ഇ എം എസ് സർക്കാർ തുടക്കമിട്ട ഭൂപരിഷ്‌കരണ നയങ്ങളാണ് സാധാരണക്കാരന്റെ ജീവിതം മാറ്റിമറിച്ചത്. കുടിയിറക്ക് നിരോധനനിയമവും ഭൂപരിഷ്‌കരണ നിയമവുമാണ് പാവങ്ങളെ ഭൂവുടമകളാക്കിയത്. അന്ന് ജന്മി പ്രമാണിവർഗത്തിനൊപ്പം ചേർന്ന് അതിനെ തുരങ്കംവയ്ക്കാനാണ് കോൺഗ്രസും ലീഗും ശ്രമിച്ചത്. ഇ എം എസ് സർക്കാരിന്റെ വിദ്യാഭ്യാസനയമാണ് ജില്ലയുടെ വിദ്യാഭ്യാസ ഭൂപടം മാറ്റിവരച്ചത്. വിമോചനസമരം നയിച്ച് ആ നേട്ടം തകർക്കാനാണ് വലതുപക്ഷ പിന്തിരിപ്പൻ ശക്തികൾ ശ്രമിച്ചത്. സ്‌ത്രീ വിദ്യാഭ്യാസത്തെ അവർ എതിർത്തു. എന്നാൽ, ഇടതുപക്ഷ കാഴ്‌ചപ്പാടിനൊപ്പമാണ് ജില്ല ചലിച്ചത്. ഇന്ന് സമസ്‌ത മേഖലകളിലുമുണ്ടായ സ്‌ത്രീ മുന്നറ്റം അത് സാക്ഷ്യപ്പെടുത്തുന്നു. സർക്കാരിന്റെ വികസന പദ്ധതികളെയെല്ലാം സമുദായവികാരം ഇളക്കി അട്ടിമറിക്കാനാണ് ലീഗും മതതീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ശ്രമിച്ചത്. ഗെയിൽ വാതക പൈപ്പ്‌ലൈനിനെതിരെയും ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കുന്നതിനെതിരെയും അവർ കലാപം ഇളക്കിവിട്ടു. മതചിഹ്നങ്ങളെപ്പോലും പ്രതിഷേധത്തിന് ഉപയോഗിച്ചു. അതിനുമുന്നിൽ അടിപതറാതെ സർക്കാർ മുന്നോട്ടു പോയി. ദേശീയപാതയും ഗെയിൽ വാതക പൈപ്പ്‌ലൈനും യാഥാർഥ്യമാക്കി. തീരദേശപാതയും മലയോര പാതയും തുരങ്ക പാതയും പ്രവൃത്തിപഥത്തിലാണ്. സർക്കാർ വികസനത്തിൽ ഉൗന്നുമ്പോൾ വിഷപ്രചാരണത്തിലാണ് പ്രതിപക്ഷവും ചില മതമൗലിക വാദ പ്രസ്ഥാനങ്ങളും ഉൗന്നുന്നത്. മുഖ്യമന്ത്രിയെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നു. മതനിരപേക്ഷ കാഴ്‌ചപ്പാടിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുമേൽ വർഗീയ ചാപ്പകുത്തുന്നു. അപ്പോഴും ജനങ്ങൾക്കൊപ്പം ജനകീയ നയങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറുകയാണ് എൽഡിഎഫ് സർക്കാർ. ആ നിശ്‌ചയദാർഢ്യമാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങളിലും നിഴലിക്കുന്നത്. അതിനൊപ്പമാണ് ജില്ലയുടെ മതേതര മനസ്സെന്ന് കാലം അടയാളപ്പെടുത്തും.









0 comments