ഇത് വാടക ചോദിക്കാത്ത ചുവരുകള്‍

പെരിന്തല്‍മണ്ണ നഗരസഭ ഒടിയന്‍ചോലയില്‍ നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം
പി അഭിഷേക്
Published on Sep 07, 2025, 12:57 AM | 1 min read
പെരിന്തല്‍മണ്ണ
വാടക ചോദിക്കുന്ന ചുവരുകള്‍ക്കുള്ളില്‍ ഇടുങ്ങിയൊതുങ്ങി ജീവിച്ച നാളുകള്‍ വലമ്പൂര്‍ സ്വദേശിനി ടി പി ഉമൈവത്തിന്റെയുള്ളില്‍ ഇന്നും കെടാതെയുണ്ട്. ഒരുപിടി മണ്ണുപോലും സ്വന്തമില്ലാതെ, വീടെന്ന സ്വപ്നവുമായി വര്‍ഷങ്ങളാണ് ഇവര്‍ വാടകവീട്ടില്‍ തള്ളിനീക്കിയത്. എന്നെങ്കിലും മക്കള്‍ക്ക് വീടുവയ്ക്കാന്‍ സാധിക്കട്ടേയെന്ന പ്രാര്‍ഥനയില്‍ കഴിഞ്ഞ നാല്‍പ്പത്തിയെട്ടുകാരിക്കുമുന്നില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം തെളിച്ചത് പെരിന്തല്‍മണ്ണ നഗരസഭയാണ്. 2019ല്‍ നഗരസഭ ലൈഫ് പദ്ധതിയില്‍ ഭൂരഹിത ഭവനരഹിതര്‍ക്ക് നിര്‍മിച്ചുനല്‍കിയ ഫ്ലാറ്റ് സമുച്ചയത്തിലെ ആദ്യ ഗുണഭോക്താക്കളിലൊരാളായിരുന്നു ഉമൈവത്ത്. "അഞ്ചുവര്‍ഷമായി ഞങ്ങളിവിടെയാണ്. സ്വപ്‌നസാഫല്യമാണ് ഈ വീട്, ഞങ്ങളുടെ സ്വര്‍ഗം. തിരൂര്‍ക്കാടും ജൂബിലി റോഡിലുമായി വര്‍ഷങ്ങളോളം വാടകയ്ക്ക് കഴിഞ്ഞു. ഇവിടെയാകുമ്പോള്‍ വാടകചോദിച്ച് വരുന്നവരെ പേടിക്കാതെ കിടന്നുറങ്ങാം...' പെരിന്തല്‍മണ്ണ ഒടിയന്‍ചോലയിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയങ്ങളില്‍ 26ാം ബ്ലോക്കിലെ വീട്ടിലിരുന്ന് ആത്മവിശ്വാസത്തോടെ ഉമൈവത്ത് പറഞ്ഞു. രണ്ട് കിടപ്പുമുറിയും അടുക്കളയും ഹാളും ശുചിമുറികളുമുള്ള വീടാണ് ലഭിച്ചത്. ഭര്‍ത്താവ് കാദര്‍ പാഷയും മക്കളായ മുഹമ്മദ് ഷുഹൈബും അബ്ദുള്‍ സമദും മുഹമ്മദ് ഷുഹാദും മരുമകള്‍ അനീഷ ഫാത്തിമയും അടങ്ങുന്നതാണ് കുടുംബം. 2015ലെ എല്‍ഡിഎഫ് ഭരണസമിതിയാണ് 5.58 ഏക്കറില്‍ 400 കുടുംബങ്ങള്‍ക്ക് താമസിക്കാനാകുന്ന ഫ്ലാറ്റുകള്‍ പണിയാന്‍ തീരുമാനിച്ചത്. 12 വീടുകള്‍ വീതമുള്ള 34 ഫ്ലാറ്റുകളാണ് പണിതത്. ഇതില്‍ 10 എണ്ണത്തിന്റെ നിര്‍മാണം നടത്തിയതും 14 എണ്ണം പൂര്‍ത്തിയാക്കിയതും 2020ലെ എല്‍ഡിഎഫ് ഭരണസമിതിയാണ്. അങ്കണവാടി, വായനശാല, രണ്ട് കോണ്‍ഫറന്‍സ് ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, കളിസ്ഥലം എന്നിവയും ഒരുക്കി. നിലവില്‍ 200 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കുടിവെള്ള പൈപ്പും മലിനജല സംസ്കരണ പ്ലാന്റും പൂര്‍ത്തിയാകുന്നതോടെ ബാക്കിയുള്ള 200 പേര്‍ക്കുകൂടി താക്കോല്‍ നല്‍കും.









0 comments