ടീച്ചറേ ജയിച്ചൂട്ടാ

എ ഉഫൈസിന് അധ്യാപിക സാന്ദ്ര മുത്തം നൽകുന്നു
വേങ്ങര
‘ടീച്ചറേ മത്സരം തുടങ്ങാറായോ, ഞാൻ ഓടാനാകുമ്പോൾ പറയണേ’... ആദ്യമായി ട്രാക്കിലെത്തിയതിന്റെ ആഹ്ലാദവും ആവേശവും ആയിരം ചോദ്യങ്ങളുമായി ഉഫൈസ് ടീച്ചർക്കൊപ്പം തന്റെ അവസരത്തിനായി കാത്തുനിന്നു. ഒടുവിൽ ഫൈനലിൽ വിജയകിരീടവുമായി അവൻ ടീച്ചർക്കരിലേക്ക് ഓടിയെത്തി. പ്രിയപ്പെട്ട വിദ്യാർഥിയുടെ നേട്ടത്തിൽ സാന്ദ്ര ടീച്ചറും ഡബിൾ ഹാപ്പി. അങ്ങാടിപ്പുറം ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിലെ എ ഉഫൈസാണ് ജൂനിയർ വിഭാഗം 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയത്.
ഷോട്ട്‌പുട്ടിലും ഒന്നാംസ്ഥാനം നേടി. നാട്ടിലെ ഫുട്‌ബോൾ ഗ്രൗണ്ടിലും മറ്റ് പ്രാദേശിക പരിപാടികളിലും സജീവമാണ് ഉഫൈസ്. സ്‌കൂളിൽ നടത്തിയ സ്‌ക്രീനിങ്ങിലൂടെയാണ് ഉഫൈസിനെ തെരഞ്ഞെടുത്തത്. പിന്നീട് ചെറിയ പരിശീലനവും നൽകി. അങ്ങാടിപ്പുറം ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിന്റെയും ആദ്യ മത്സരവേദികൂടിയാണിത്. ഇൗ വർഷമാണ് സെന്റർ പ്രവർത്തനമാരംഭിച്ചത്.
70 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. അതിൽ ഒരുപെൺകുട്ടി ഉൾപ്പെടെ ഏഴ് പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ‘‘വിജയത്തിനപ്പുറത്തേക്ക് കുട്ടികൾക്ക് അവസരം ലഭ്യമാക്കുക, കായികമേള പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ വന്നത്. ആദ്യ മത്സരത്തിൽ രണ്ടിനങ്ങളിൽ ഒന്നാംസ്ഥാനം നേടാൻ കഴിഞ്ഞു. അടുത്ത തവണ കപ്പടിക്കണം എന്ന ലക്ഷ്യത്തോടെ ഞങ്ങൾ വരും’– സാന്ദ്ര ടീച്ചർ പറഞ്ഞു.









0 comments