നീന്തി നീരാടിയ റെക്കോഡ്

ചേലേമ്പ്ര സ്വിംഫിൻ സ്വിമ്മിങ് അക്കാദമി വനിതകൾക്കായി സംഘടിപ്പിച്ച നീന്തൽ റിലേ
സ്വന്തം ലേഖകൻ ചേലേമ്പ്ര 79 മിനിറ്റ് തുടർച്ചയായി നീന്തുക. ചേലേമ്പ്ര സ്വിംഫിൻ സ്വിമ്മിങ് അക്കാദമി 79-ാം സ്വാതന്ത്ര്യദിനത്തിൽ ആ ലക്ഷ്യം പൂർത്തീകരിച്ചു. അക്കാദമിയിലെ താരങ്ങളായ 19 വനിതകളാണ് ചരിത്രത്തിലേക്ക് നീന്തിക്കയറിയത്. 30മുതൽ 50 വയസ്സുവരെ പിന്നിട്ട സ്ത്രീകളാണ് നീന്തൽ റിലേയിൽ പങ്കെടുത്തത്. പലർക്കും നീന്തലിന്റെ ബാലപാഠംപോലും അറിയുമായിരുന്നില്ല. കഴിഞ്ഞ രണ്ട് മാസം സ്വിംഫിൻ അക്കാദമിയിൽ രാവിലെ അഞ്ചുമുതൽ ആറുവരെ സ്ഥിരമായി പരിശീലനത്തിനെത്തി. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക്ക് ജേതാവുകൂടിയായ അക്കാദമി സ്ഥാപകൻ ഹാഷിർ ചേലൂപ്പാടമായിരുന്നു പരിശീലകൻ. അങ്ങനെ 19 വനിതകൾ മാറിമാറി 79 മിനിറ്റ് തുടർച്ചയായി നീന്താനുള്ള കരുത്തുനേടി. 40 പിന്നിട്ട 27 പുരുഷൻമാരും കഴിഞ്ഞ രണ്ട് മാസക്കാലമായി രാവിലെ ആറുമുതൽ ഏഴുവരെ അക്കാദമിയുടെ കീഴിൽ നീന്തൽ അഭ്യസിക്കുന്നുണ്ട്. ഡിസംബറിൽ വെറ്ററൻ പുരുഷ വനിത അംഗങ്ങളെ ഉൾപ്പെടുത്തി ചാലിയാർ പുഴ നീന്തിക്കടക്കുന്ന മഹത്തായ യജ്ഞം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഹാഷിർ ചേലൂപ്പാടം പറഞ്ഞു. ജോഷിത, അനശ്വര, ഷംന, സൂര്യ, വാസന്തി, ബീന, നിഷ, നന്ദന, മായ, സഫറിയ, സുഗത, ജിസി, താഹിറ, അനിത, നജ്മുന്നീസ, പ്രീജ, രാജലക്ഷ്മി, ഭവ്യ, രജിത എന്നിവരാന്ന് നീന്തൽ റിലേയിൽ പങ്കെടുത്തത്. റിലേ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ വേണുഗോപാൽ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്തംഗം പ്രതീഷ് കുട്ടൻ, സ്വിംഫിൻ സ്വിമ്മിങ് അക്കാദമി കൺവീനർ വി സുരേഷ്, ഭാരവാഹികളായ കെ വി ഷാജി, കെ ആർ ശ്രീഹരി, കെ ജ്യോതിബസു, നവാസ് നീലാട്ട്, കെ പുരുഷോത്തമൻ, പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നീന്തൽ യജ്ഞം പൂർത്തീകരിച്ച വനിതകളെ മെമെന്റോ നൽകി ആദരിച്ചു.









0 comments