അതിവേഗം മലയോര ഹൈവേ

എസ്എച്ച് 59 മലയോര ഹൈവേ (റെയില്‍വേ ഡിപ്പോയില്‍നിന്നുള്ള ദൃശ്യം)

എം സനോജ്
Published on Mar 20, 2025, 11:39 PM | 2 min read
നിലമ്പൂർ
മലബാറിന്റെ വികസനക്കുതിപ്പിന് കരുത്തേകി മലയോര ഹൈവേ (എസ്എച്ച് 59)യുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. പാലക്കാട് ജില്ലാ അതിർത്തിയായ കാഞ്ഞിരംപാറമുതൽ നായാടംപൊയിൽവരെയാണ് ജില്ലയിൽ മലയോര ഹൈവേ നിർമാണം. നിർദിഷ്ട പാതയുടെ ആദ്യഘട്ടം പൂക്കോട്ടുംപാടംമുതൽ കാളികാവുവരെ 8.7 കി.മീ (41.59 കോടി) പ്രവൃത്തി പൂർത്തിയായി. രണ്ടാംഘട്ടം കാളികാവുമുതൽ കരുവാരക്കുണ്ടുവരെ 12.31 കി.മീറ്ററിൽ (64.26 കോടി) 40 ശതമാനം പ്രവൃത്തി പൂർത്തിയായി. പൂക്കോട്ടുംപാടംമുതൽ മൈലാടിപാലംവരെയുള്ള 10.900 കി.മീ റീച്ചിൽ (55.28 കോടി) 92 ശതമാനം പ്രവൃത്തിയും പൂർത്തിയായി. കോഴിക്കോട്–-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടംപാലംമുതൽ നായാടംപൊയിൽവരെ 15 കി.മീ (80 കോടി) പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ട്. ചാലിയാർ പഞ്ചായത്തിലെ മൈലാടിപാലംമുതൽ മൂലേപ്പാടംപാലംവരെ 9.800 കി.മീ നിർമാണ പ്രവൃത്തിക്ക് 48 കോടിയുടെ എസ്റ്റിമേറ്റ് സാങ്കേതികാനുമതിയ്ക്കായി പൊതുമരാമത്ത് വകുപ്പ് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയെ ബന്ധിപ്പിക്കുന്ന കരുവാരക്കുണ്ടുമുതൽ ചിറക്കൽ ഉച്ചാരക്കടവ് വഴി കാഞ്ഞിരംപാറവരെ 12.28 കി.മീ പ്രവൃത്തിയുടെ സാങ്കേതികാനുമതിയ്ക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി. ഡിബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള റോഡ് 12 മീറ്റർ വീതിയിലാണ് പാതയുടെ പ്രവൃത്തി നടക്കുന്നത്. ഒമ്പത് മീറ്റർ ടാറിങ്ങും ഇരുവശങ്ങളിലും ഒന്നര മീറ്റർവീതം നടപ്പാതയുമുണ്ടാകും. കാലാവസ്ഥാവ്യതിയാനംമൂലമുണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാൻ ഡിബിഎം ആൻഡ് ബിസി നിലവാരത്തിലാണ് നിർമാണം. വൈറ്റ് ടോപ്പിങ്, പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചുള്ള എൻആർഎംബി എന്നിവയും നിർമാണത്തിൽ ഉപയോഗിക്കുന്നുണ്ട്. റബർ പാൽ കൂട്ടിച്ചേർത്തുണ്ടാക്കിയ ബിറ്റുമിൻ ഉപയോഗിച്ചാണ് റോഡിന്റെ ഉപരിതലം നിർമിക്കുന്നത്. ഇരുവശങ്ങളിലും ഡ്രെയ്‌നേജ്, ഭൂഗർഭ കേബിളുകളും പൈപ്പുകളും ഇടുന്നതിന് കോൺക്രീറ്റ് ഡക്ടുകൾ, ക്രോസ് ഡക്ടുകൾ, കിയോസ്‌ക്കുകൾ എന്നിവ സ്ഥാപിക്കും. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. വിനോദസഞ്ചാരം കുതിക്കും മലയോര ഹൈവേ പൂർത്തിയാകുന്നതോടെ മലബാറിന്റെ വിനോദസഞ്ചാര മേഖല കുതിക്കും. കാർഷിക, വാണിജ്യ, വിനോദസഞ്ചാര മേഖലകളിൽ വലിയമാറ്റം കൈവരും. എല്ലാ ആഴ്ചയിലും ഒരുദിവസം പിഡബ്ല്യുഡി മിഷൻ ടീം യോഗം ചേർന്ന് മലയോര ഹൈവേ ഉൾപ്പെടെയുള്ള പ്രധാന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നുണ്ട്. റോഡ് നിർമാണരംഗത്തെ പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് ഹൈവേയുടെ പണി പുരോഗമിക്കുന്നത്. ഗതാഗതസൗകര്യം സുഗമമാകുന്നതിനൊപ്പം മലയോരത്തിന്റെ സമ്പദ്ഘടനയ്‌ക്കും ഹൈവേ വികസനം വലിയ മാറ്റമുണ്ടാക്കും.
പൂക്കോട്ടുംപാടം കാറ്റാടിക്കടവ് റീച്ച് ഉദ്‌ഘാടനം 23ന്
എടക്കര മലയോര ഹൈവേ പൂക്കോട്ടുംപാടംമുതൽ - കാറ്റാടിക്കടവുവരെയുള്ള ആദ്യ റീച്ച് 23ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. മലപ്പുറം ജില്ലയിൽനിന്ന് കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് രണ്ട് പാതകളാണ് മലയോര ഹൈവേ കടന്നുപോകുന്നത്. വയനാട് പാതയിൽ മുണ്ടേരിമുതൽ അരുണപുഴവരെ 17 കിലോ മീറ്റർ വനപ്രദേശമാണ്. പൂക്കോട്ടുംപാടംമുതൽ കാറ്റാടിക്കടവുവരെയും ചാത്തമുണ്ടമുതൽ മുണ്ടേരി തമ്പുരാട്ടിക്കല്ലുവരെയും രണ്ട് റീച്ചുകൾ പ്രവൃത്തി പൂർത്തീകരിച്ചു. ജില്ലയിൽ ആദ്യം ആരംഭിച്ച റീച്ചിൽ അമരമ്പലം, കരുളായി, മൂത്തേടം പഞ്ചായത്തുകളിൽ നിർമാണം പൂർത്തീകരിച്ചു.









0 comments