ഇന്നും റെഡ് അലർട്ട്
പെരുംമഴ, വ്യാപകനാശം

കുറ്റിപ്പുറത്ത് വീടുകളിൽ വെള്ളം കയറിയ നിലയിൽ
സ്വന്തം ലേഖകർ
Published on Jun 17, 2025, 12:15 AM | 2 min read
മലപ്പുറം
ജില്ലയിൽ രണ്ട് ദിവസമായി കനത്ത മഴ തുടരുന്നു. റെഡ് അലർട്ട് തുടരുകയാണ്. ചൊവ്വയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ജില്ലയുടെ പല ഭാഗങ്ങളിലും നാശനഷ്ടമുണ്ടായി. പുഴകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പരപ്പനങ്ങാടി, വള്ളിക്കുന്ന് തീരദേശ മേഖലയിൽ കടലാക്രമണവും രൂക്ഷമാണ്.
പരപ്പനങ്ങാടിയിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. ഒട്ടേറെ മരങ്ങൾ കടപുഴകി. വീടുകൾ തകർന്നു. ഞായറർ രാത്രിയാണ് സംഭവം. എലിമ്പാട്ടിൽ റഫീഖിന്റെ വീടിനുമുകളിൽ മരം വീണു. ഇദ്ദേഹത്തിന്റെ വാഴകൃഷിയടക്കം നശിച്ചു. എലിമ്പാട്ടിൽ സുലൈമാൻ, എലിമ്പാട്ടിൽ അഷറഫ്, പുതുത്തോട്ടിൽ മുഹമ്മത് കുട്ടി, തറയിൽ ഫൈസൽ, എടക്കണ്ടൻ ഇസ്മായിൽ, കറുത്തേടത്ത് സക്കീർ, മാളിയേക്കൽ മമ്മതു, കോഴിപള്ളി വാസുട്ടി, കറുത്തേടത്ത് മൂസഹാജി, പണ്ടം കാവിൽ കലാം, കറുത്തേടത്ത് നസീർ, കറുത്തേടത്ത് കുഞ്ഞീൻരായിൻ ഹാജി, കുറ്റ്യാടി സിദ്ധീഖ്, തയ്യികണ്ടി മുഹമ്മദ് കുട്ടി മുസ്ല്യാർ, അഞ്ചുകണ്ടത്തിൽ ഫാത്തിമ, പള്ളിപുറത്ത് ഇബ്രാഹീംകുട്ടി തുടങ്ങിയവരുടെ വീടിനുമുകളിൽ മരങ്ങൾ വീണു. പലരുടെയും വീടുകൾ തകർന്നിട്ടുണ്ട്. കൊട്ടന്തല എഎംഎൽപി സ്കൂളിന്റെ ഓടുകൾ രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ തകർന്നുവീണു. ക്ലാസ് റൂമുകളടക്കം തകർന്നിട്ടുണ്ട്. മരംവീണ് പരപ്പനങ്ങാടി ന്യൂ കെട്ട് പ്രദേശത്ത് വൈദ്യുതിലൈനുകൾ തകർന്നു. ശക്തമായ കാറ്റിലും മഴയിലുമാണ് മരം വീണത്. കെഎസ്ഇബി അധികൃതരും ട്രോമാ കെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റി.
ചങ്ങരംകുളം മൂക്കുതലയിൽ വ്യാപക നാശനഷ്ടമുണ്ടായി. നവധാര തിയറ്റേഴ്സിന് പിറകുവശത്ത് പെരിശേരി പറമ്പിൽ സോജയുടെ ഓടിട്ട വീടിനുമുകളിലേക്ക് പ്ലാവ് കടപുഴകിവീണു. തിങ്കൾ രാവിലെ 8.45–-ഓടെയാണ് സംഭവം. വീട്ടിൽ ആരും ഇല്ലാത്തതിനാൽ അപകടം ഒഴിവായി. മേൽക്കൂരയും താഴ്പുരയും തകർന്നിട്ടുണ്ട്. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നന്നംമുക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ പി പ്രവീൺ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദർശിച്ചു. മൂക്കുതല കരുവാട്ട് കോളനിയിലെ കരുവാട്ട് സുരേഷിന്റെ വീടിനുമുകളിലേക്ക് വൈദ്യുതി പോസ്റ്റും മരങ്ങളും പൊട്ടിവീണു. ഏറെനേരം വൈദ്യുതി തടസ്സപ്പെട്ടു.
കണ്ടപ്പൻ തൊടിക നഗറിൽ കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പഞ്ചായത്ത് കിണർ ഇടിഞ്ഞുതാഴ്‌ന്നു. കിണർ ഇടിഞ്ഞുവീഴുന്ന സമയം സമീപത്തെ വീടുകളിൽ ചെറിയ കുലുക്കം അനുഭവപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. കിണർ ഇടിഞ്ഞതോടെ വെള്ളം എടുത്തിരുന്ന നാല് കുടുംബങ്ങൾ ബുദ്ധിമുട്ടിലായി. ഏഴൂർ മതിലിങ്ങൽ വടക്കുംപാടത്ത് കിഴക്കുമ്പാട്ട് മുഹമ്മദ് ഫാറസിന്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാഴ്‌ന്നു. വലിയ ശബ്ദത്തോടെ കിണർ ആൾമറയടക്കം ഇടിഞ്ഞ് താഴുകയായിരുന്നു.
ആതവനാട് പാറപ്പുറത്ത് മതിൽ ഇടിഞ്ഞുവീണു. ജുമാ മസ്ജിദിന് സമീപമുള്ള തെക്കേ പുല്ലത്ത് ശരീഫിന്റെ വീടിനോട് ചേർന്ന മതിൽ ഇടിഞ്ഞ് അയൽവാസി അണ്ണത്ത് ബീക്കുട്ടിയുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിന് മുകളിൽ വീഴുകയായിരുന്നു. ആർക്കും പരിക്കില്ല. നന്നമ്പ്ര ഈസ്റ്റ് കുന്നുംപുറം സ്വദേശി വാഴങ്ങാട്ടിൽ മുഹമ്മദലിയുടെ വീടിന്റെ മതിൽ തകർന്നുവീണു. സമീപവാസി കുന്നുമ്മൽ ജാഫറിന്റെ വീടിന്റെ വശത്തേക്കാണ് മതിൽ തകർന്നുവീണത
തിരൂർ വെട്ടത്ത് നിർമാണത്തിലിരിക്കുന്ന വീട് ഇടിഞ്ഞുവീണു. വെട്ടം കാരാട്ടു കടവിന് സമീപം ഇല്ലിക്കൽ ഇസ്മായിലിന്റെ വീടാണ് തിങ്കൾ രാവിലെ മഴയിൽ ഇടിഞ്ഞുവീണത്. വീടിന്റെ മെയിൻ സ്ലാബ് പ്രവൃത്തി പൂർത്തിയായശേഷം ഗോവണിക്കൂട് വാർത്ത നിലയിലായിരുന്നു. മഴയിൽ ഗോവണിക്കൂട് പൂർണമായും തകർന്നു. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഹൃദയസംബന്ധമായ രോഗബാധിതനായ ഇസ്മായിൽ തറവാട് വീടിന് സമീപത്ത് അഞ്ച് സെന്റ് ഭൂമിയിലാണ് വീട് നിർമിക്കുന്നത്. കനത്ത മഴയിൽ കുറ്റിപ്പുറത്ത് വീടുകളിലേക്ക് വെള്ളം കയറി. മൈത്രി കോളനിയിലെ ചക്കുള്ളി വളപ്പിൽ റഫീക്ക് മാണിയുടെയും ചുള്ളിയിൽ സലിം, ഹമീദ്, ബാവനു എന്നിവരുടെയും വീടുകളിലേക്കാണ് വെള്ളം കയറിയത്. കഴിഞ്ഞവർഷവും ഈ ഭാഗത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. കമ്പാല ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലും അമാന ഹോസ്‌പിറ്റലിന്റെ മുൻവശത്തും വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പിഡബ്ല്യുഡി റോഡിലെ ഓടയുടെ സ്ലാബ് തകർന്നതിനാൽ നൊട്ടനാലുക്കൽ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡ് മഴവെള്ളം ഒഴുകിപ്പോകാൻ പറ്റാത്ത അവസ്ഥയിലാണ്.









0 comments