സ്കൂൾ ഭൂമി കൈയേറി നിർമാണം
മഞ്ചേരി നഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധം

മഞ്ചേരി
ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഭൂമി കൈയറി നഗരസഭ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധം. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി തോടിനോട് ചേർന്നുള്ള ഹൈസ്കൂളിന്റെ ഭൂമി കൈയേറി പൊതുശൗചാലയം നിർമിക്കാനാണ് നഗരസഭ നീക്കം. സ്കൂൾ ഭൂമിയിൽ നിർമാണം നടത്താൻ അനുവദിക്കില്ലെന്ന് അറിയിച്ച് പിടിഎ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. സ്കൂൾ ഗേറ്റിന് കിഴക്കുംതോടിന് വടക്കുമുള്ള സ്ഥലം മുഴുവൻ സ്കൂളിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇത് പുറംമ്പോക്ക് ഭൂമിയാണെന്നാണ് തെറ്റിധരിപ്പിച്ചാണ് നഗരസഭയുടെ നീക്കം. നേരത്തെ സ്കൂളിനോടുചേർന്ന കവളങ്ങാട് തോട് കൈയേറി നിർമാണം നടത്തി. തോടിന്റെ വീതി കുറച്ച് കോൺക്രീറ്റ് പണികൾ നടത്തുന്നത് തോടിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുമെന്നും ഇത് ഭാവിയിൽ വെള്ളക്കെട്ടിന് കാരണമാകുമെന്നും നാട്ടുകാർ പരാതിപ്പെട്ടു. തുടർന്നാണ് സ്കൂൾ ഭൂമിയിലേക്ക് പദ്ധതി മാറ്റിയത്. സ്കൂളിലേക്ക് പ്രവേശിക്കാൻ നിലവിൽ ഒരു കവാടമാണുള്ളത്. ഇതിനുമുന്നിലാണ് ശൗചാലയം നിർമിക്കുന്നത്. ഇത് സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കും. നഗരത്തിലെ തിരക്കേറിയ ഭാഗമാണിത്. ശൗചാലയത്തിലേക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ ഗതാഗതക്കുരുക്കിനും കാരണമാകും. സ്കൂളിനോട് ചേർന്ന് ശൗചാലയത്തിന്റെ സെപ്റ്റിടാങ്ക് നിർമിക്കുന്നതും ഉചിതമല്ലെന്നും പിടിഎ പരാതിയിൽ പറയുന്നു. കുട്ടികളുടെ ആരോഗ്യത്തിനും ജീവനും ദോഷകരമായി ബാധിക്കുന്ന പദ്ധതിയിൽനിന്ന് പിൻമാറണമെന്നും അനുയോജ്യമായ മറ്റു സ്ഥലം കണ്ടെത്തി പദ്ധതി നടപ്പാക്കണമെന്നും പിടിഎ ആവശ്യപ്പെട്ടു.









0 comments