മായാത്ത പാടുകൾ

വി എസ്, ഭാര്യ വസുമതി എന്നിവർക്കൊപ്പം കോട്ടക്കൽ ആര്യവൈദ്യശാലാ ജീവനക്കാർ (ഫയൽ ചിത്രം)
സുധ സുന്ദരൻ
Published on Jul 24, 2025, 12:15 AM | 1 min read
മലപ്പുറം
‘കണ്ടോ ബൂട്ടിന്റെ പാടുകളാണ്. അന്ന് വേദനയറിഞ്ഞില്ല. ഇപ്പോഴാണ് ആ വേദനയെല്ലാം കെട്ടഴിയുന്നത്’–- ഉഴിച്ചിലിനിടെ തന്റെ ദേഹത്തെ പാടുകളെപ്പറ്റി വി എസ് പറഞ്ഞത് മധു ഇന്നും ഓർക്കുന്നു. 2006മുതൽ 12 വർഷത്തോളം വി എസിന് ഉഴിച്ചിൽ നടത്തിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യശാലാ ജീവനക്കാരായ പി വി മധു, കെ സുധീഷ് കുമാർ, വി ടി ഭാർഗവരാജ്, വി ടി സുരേഷ് കുമാർ എന്നിവരാണ്. പി കെ വാരിയരുടെ നിർദേശത്തെ തുടർന്നായിരുന്നു ചികിത്സ. വർഷത്തിൽ 14 ദിവസം ചികിത്സ തുടർന്നു. കോവിഡ് കാലയളവിൽമാത്രമാണ് ഇടവേള നൽകിയത്. ആദ്യഘട്ടത്തിൽ ആര്യവൈദ്യശാലയിലായിരുന്നു ചികിത്സ. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയും ചികിത്സിച്ചു. ‘തുടക്കത്തിൽ വി എസ്സിനോട് എങ്ങനെ ഇടപെടണമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, അടുത്തറിഞ്ഞപ്പോൾ ഞങ്ങളുടെ ആവേശം ഇരട്ടിയായി. മനുഷ്യരെ അത്രത്തോളം അദ്ദേഹം ചേർത്തുനിർത്തുമായിരുന്നു. വീട്ടിലെത്തി ചികിത്സ നടത്തിയിരുന്ന സമയത്ത് ഒരിക്കൽപോലും അദ്ദേഹത്തിനുവേണ്ടി ഞങ്ങൾക്ക് കാത്തിരിക്കേണ്ടിവന്നില്ല. ഞങ്ങൾക്കായി അദ്ദേഹം കാത്തിരുന്നു. ചികിത്സാ വിഷയങ്ങൾ മാത്രമല്ല, ഞങ്ങളുടെ വിശേഷങ്ങളും വീട്ടുകാര്യങ്ങളും അന്വേഷിച്ചറിഞ്ഞു. ഞങ്ങളുടെ ഭക്ഷണകാര്യംവരെ അദ്ദേഹം ശ്രദ്ധിച്ചു. വി എസിന്റെ ഭാര്യ വസുമതി ചേച്ചിയായിരുന്നു ഭക്ഷണം എത്തിച്ചിരുന്നത്. അറിയാത്ത കാര്യങ്ങൾ ചോദിച്ചറിയാനും അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല. ഇതിനിടെ, കാണാനെത്തുന്ന ഓരോമനുഷ്യനെയും കേൾക്കാൻ സമയം കണ്ടെത്തി. മനുഷ്യനോടുള്ള ആ പരിഗണനയും ചേർത്തുനിർത്തലുമാണ് വി എസിന്റെ ജനകീയത–- പി വി മധു പറഞ്ഞു.









0 comments