പാറമ്മലിലെ യാത്രാ ദുരിതം പരിഹരിക്കണം
ദേശീയപാത ഓഫീസിനുമുന്നിൽ ഉപവാസവുമായി നാട്ടുകാർ

പാറമ്മൽ പുതുക്കോട് അണ്ടർപാസ് ആക്ഷൻ കമ്മിറ്റി മലാപ്പറമ്പിലെ ദേശീയപാത അതോറിറ്റി ഓഫീസിനുമുമ്പിൽ സംഘടിപ്പിച്ച ഉപവാസം
കൊണ്ടോട്ടി പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാറമ്മൽ പുതുക്കോട് അണ്ടർപാസ് ആക്ഷൻ കമ്മിറ്റി മലാപ്പറമ്പിലെ ദേശീയപാത അതോറിറ്റി ഓഫീസിനുമുമ്പിൽ ഉപവാസ സമരം നടത്തി. ദേശീയപാതയിൽ ഇപ്പോഴുള്ള ചെറുപാതയും അടയ്ക്കുന്നതോടെ യാത്രാ ദുരിതം ഇരട്ടിയാകും. പാതയുടെ കിഴക്കുഭാഗത്തെ എൽപി സ്കൂൾ, റേഷൻകട, ഹെൽത്ത് സെന്റർ, ആരാധനാലയങ്ങൾ, പടിഞ്ഞാറ് ഭാഗത്തെ അക്ഷയകേന്ദ്രം, സഹകരണ ബാങ്ക്, വായനശാല, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം എത്തിപ്പെടാൻ പ്രദേശവാസികൾ കൂടുതൽ ദൂരം സഞ്ചരിക്കണം. പ്രശ്‌നം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി ആക്ഷൻ കമ്മിറ്റി പ്രതിനിധികൾക്ക് നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ല. തുടർന്നാണ് എൻഎച്ച്‌എഐ ഓഫീസിനുമുമ്പിൽ ഉപവാസം സംഘടിപ്പിച്ചത്. വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവൻ ഉദ്ഘാടനംചെയ്തു. കെ ജിജേഷ് അധ്യക്ഷനായി. കെ കൃഷ്ണൻ, എ വി അനിൽകുമാർ, എം വാസുദേവൻ, സി രാവുണ്ണിക്കുട്ടി, വിജയൻ മംഗലത്ത്, കൃഷ്ണൻ റോയൽ, അജയൻ പുല്ലാല, സി ഉഷ, എം എം രാധാകൃഷ്ണൻ, സി വേണുഗോപാൽ എന്നിവർ സംസാരിച്ചു. എഴുത്തുകാരൻ ഇ പി പവിത്രൻ പഞ്ചായത്ത് പ്രസിഡന്റിന് നാരങ്ങനീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു.









0 comments