എന്റെ 
കേരളം

കച്ചവടമല്ല, കരുതലാണ്

കൊട്ടപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് വളന്റിയര്‍മാര്‍ 
മുളകൊണ്ടുള്ള വസ്തുക്കള്‍ വില്‍പ്പന നടത്തുന്നു

കൊട്ടപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് വളന്റിയര്‍മാര്‍ 
മുളകൊണ്ടുള്ള വസ്തുക്കള്‍ വില്‍പ്പന നടത്തുന്നു

avatar
പി അഭിഷേക്

Published on May 12, 2025, 12:43 AM | 1 min read

മലപ്പുറം

ഉൽപ്പന്നം വിറ്റുതീർക്കുകയായിരുന്നില്ല കൊട്ടപ്പുറം ​ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുടെ ലക്ഷ്യം. സന്ദർശകരിൽ പരിസ്ഥിതിബോധത്തിന്റെ വിത്തുനട്ട്, സഹപാഠിയുടെ വീട് നിർമാണത്തിന് കൈത്താങ്ങാകാനാണ് ഇവർ കോട്ടക്കുന്നിലെത്തിയത്. സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിക്കും കുടുംബത്തിനുമാണ്‌ വീടുനൽകുന്നത്‌. മുളകൊണ്ട്‌ നിർമിച്ച ബ്രഷ്, ടങ്‌ക്ലീനർ, ഇയർ ബഡ്സ് എന്നിവയാണ് വിൽക്കുന്നത്. എൻഎസ്എസ് വളന്റിയർ ആദിൽ നാസിർ മുളകൊണ്ട് സാധനങ്ങളുണ്ടാക്കി പ്ലാസ്റ്റിക്കിനെ അകറ്റാനുള്ള ആശയം അവതരിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും അതേറ്റെടുത്തതോടെ വൻ വിജയമായി. ആറുലക്ഷം രൂപയ്‌ക്കടുത്ത് വിദ്യാർഥികൾ സ്വരൂപിച്ചു. പാലക്കാട് മുണ്ടൂരിൽനിന്ന്‌ മുളകൊണ്ടുള്ള ഉൽപ്പന്നങ്ങൾ എത്തിച്ചു. കഴിഞ്ഞ മാർച്ചിൽ വീടിന്റെ കല്ലിട്ടു. കുടുംബത്തിന് നാട്ടുകാർ വാങ്ങിനൽകിയ സ്ഥലത്താണ്‌ വീട്‌ നിർമിക്കുന്നത്‌. മേൽക്കൂരയുടെ കോൺക്രീറ്റ് പൂർത്തിയായി. ജൂലൈയോടെ പണിതീർക്കാനാകുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികളുടെ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നത്തിന്‌ കഴിഞ്ഞമാസം തിരുവനന്തപുരത്ത് നടന്ന വൃത്തി കോൺക്ലേവിൽ സ്റ്റാൾ അനുവദിച്ചിരുന്നു. 100 എൻഎസ്എസ് വളന്റിയർമാരാണ് സ്‌കൂളിലുള്ളത്. പ്രിൻസിപ്പൽ എം വിനയകുമാറും പ്രോ​ഗ്രാം കോ ഓർ‍ഡിനേറ്റർ എ രാജു നാരായണനും മറ്റ് അധ്യാപകരും സഹായവുമായി ഒപ്പമുണ്ട്. മുഹമ്മദ് സിനാനാണ് എൻഎസ്എസ് ലീഡർ.



deshabhimani section

Related News

View More
0 comments
Sort by

Home