തുടരും മികവിന്റെ മാതൃകകൾ

കുടുംബശ്രീ പ്രീമിയം കഫേ
സുധ സുന്ദരൻ
Published on Oct 26, 2025, 01:16 AM | 2 min read
മലപ്പുറം
‘‘ 10 പാക്കറ്റ് ഉണ്ണിയപ്പവുമായി 2012ലാണ് തുടക്കം. 13 വർഷം പിന്നിട്ടപ്പോൾ സംസ്ഥാനത്തെ മികച്ച സംരംഭകയായി ഞാൻ. മികവിന്റെ അവാർഡും നേടി. കുടുംബശ്രീയാണ് ജീവിതത്തിന് വെളിച്ചം നൽകിയത്. തുടക്കത്തിൽ കിലോമീറ്ററുകൾ നടന്നാണ് പലഹാരം വിറ്റിരുന്നത്. ഇന്ന് സ്വന്തമായി മൂന്ന് വാഹനങ്ങളുണ്ട്’’ –- മലപ്പുറം സിഡിഎസ്–-2 സംരംഭക കളത്തിങ്ങൽ ഷെരീഫ (45) പറഞ്ഞു. ഇത് ഒരു സംരംഭകയുടെ മാത്രം അനുഭവമല്ല. ഓരോ അംഗത്തിനും പറയാനുണ്ട് വിജയത്തിന്റെ നിമിഷങ്ങൾ. ഓരോ കുടുംബത്തിനുമൊപ്പം നാടിനും സ്പന്ദമേകിയ പ്രവർത്തനങ്ങളും ഏറെയാണ്. സന്നദ്ധ പ്രവർത്തനങ്ങൾ, ശുചിത്വ പ്രവർത്തനങ്ങൾ, പുതു വരുമാന രീതികൾ...തുടങ്ങി ഓരോ ദിനവും പുതു പദ്ധതികളും സേവനങ്ങളും പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് കുടുംബശ്രീ. തണലേകി സ്‌നേഹവീട് സ്വന്തമായി വീടുണ്ടാക്കാൻ കഴിയാത്ത നിർധനർക്ക് ‘സ്‌നേഹവീട്’ പദ്ധതിയിലൂടെ വീടുകൾ യാഥാർഥ്യമാക്കി. സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ‘ഗൃഹശ്രീ’ പദ്ധതിയുമായി ചേർന്ന് സിഡിഎസുകളുടെ സഹകരണത്തോടെയാണ് സ്‌നേഹവീട് പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ വിവിധ ബ്ലോക്കുകളിലായി 71 സ്നേഹവീടാണ് നിർമിച്ചത്. മാ കെയർ വിദ്യാർഥികൾക്ക് ആവശ്യമായ വസ്‌തുക്കളുമായി സ്‌കൂളുകളിൽ കുടുംബശ്രീ ‘മാ കെയർ’ സെന്ററുകൾ ആരംഭിച്ചു. ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ലഘുഭക്ഷണങ്ങൾ, പാനീയം, സ്കൂൾ സ്റ്റേഷനറി സാധനങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിങ്ങനെ കുട്ടികൾക്ക് ആവശ്യമായതെല്ലാം സ്കൂളുകൾക്കുള്ളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. സധൈര്യം വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകാനായി ‘ധീരം’ പദ്ധതി നടപ്പാക്കി. അയൽക്കൂട്ട അംഗങ്ങൾ, കലാലയങ്ങളിലെ ജെൻഡർ ക്ലബ്, കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരാണ് പ്രധാന ഗുണഭോക്താക്കൾ. സുരക്ഷിതം സ്‌നേഹിത സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം തടയാനും അതിക്രമങ്ങൾക്ക് ഇരയായവർക്ക് പിന്തുണ നൽകാനും ആരംഭിച്ച ജെൻഡർ ഹെൽപ്പ് ഡെസ്‌ക് പദ്ധതിയാണ് സ്‌നേഹിത. 2013 സെപ്‌തംബർ അഞ്ചിന് ആരംഭിച്ച പദ്ധതിയിൽ വിവിധ അവബോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സ്ത്രീകളുടെ മാനസിക പ്രശ്നം പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെ "1 കെ പ്ലസ് ക്യാമ്പയിൻ, പെൺമനസ്സ്, നേരറിവ് പദ്ധതികളും ട്രൈബൽ മേഖലയിൽ ഊരുതേടി, ബാലമിത്ര, തീരപ്രദേശങ്ങളിൽ തീരം, ഉപജീവന പിന്തുണ നൽകാൻ സ്‌നേഹിത മിനി മാർക്കറ്റ് പദ്ധതിയും ജെൻഡർ അവബോധ പരിശീലനത്തിന് കണ്ണാടി, ധ്വനി തുടങ്ങിയ പദ്ധതികളും നടപ്പാക്കുന്നു. സ്നേഹിതയിൽ മിനി ജിമ്മും പ്രവർത്തിക്കുന്നു. കൗൺസലിങ്, ടെലി കൗൺസലിങ്, നിയമ പിന്തുണ, താൽക്കാലിക അഭയം, പുനരധിവാസ സഹായം, അതിജീവന–-ഉപജീവന പിന്തുണ, യാത്രികരായ സ്ത്രീകൾക്ക് അവശ്യഘട്ടത്തിൽ രാത്രികാല താമസം, പിന്തുണ നിർദേശം നൽകൽ, മാസത്തിൽ രണ്ട് ബുധനാഴ്ചകളിൽ ലീഗൽ ക്ലിനിക് സേവനം, സൗജന്യ നിയമസഹായം എന്നിവ സ്‌നേഹിതയിൽ ലഭിക്കുന്നു. മലപ്പുറം ആലത്തൂർപടി വലിയാട്ടപ്പടിയിലാണ് ജില്ലയിലെ സ്‌നേഹിത കേന്ദ്രം. ടോൾ ഫ്രീ നമ്പർ: 18004256864, +91 0483 273 5550. ജീവന്റെ പൾസ് വനിതകളുടെ രക്തദാന കൂട്ടായ്മയാണ് പൾസ്. നിലവിൽ അതത് സിഡിഎസുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി പ്രവർത്തിക്കുന്നത്. ക്രൈം മാപ്പിങ് സിഡിഎസുകൾ മുഖേന ജില്ലയിൽ ക്രൈം മാപ്പിങ് നടത്തി. ഓരോ സിഡിഎസിനുകീഴിലും പരിശീലനം ലഭിച്ച അഞ്ച് ആർപി (റിസോഴ്സ് പേഴ്സൺ)മാരാണ് വിവരശേഖരണം നടത്തിയത്. ഹൈടെക് രുചിയിടങ്ങൾ ജനകീയ ഹോട്ടലുകൾ, വനിതാ ഹോട്ടലുകൾ, നാലുമണി കടകൾ തുടങ്ങി നാടൻ രുചികളുമായി കുടുംബശ്രീ സ്വാദ് നാട് നിറഞ്ഞു. കാലംമാറിയപ്പോൾ കുടുംബശ്രീ പ്രീമിയം കഫേകളും യാഥാർഥ്യമായി. മലപ്പുറം സിഡിഎസ്–-2 സംരംഭക കളത്തിങ്ങൽ ഷെരീഫ (45)യാണ് ജില്ലയിലെ ആദ്യ കുടുംബശ്രീ പ്രീമിയം കഫേ കോട്ടക്കലിൽ ആരംഭിച്ചത്.









0 comments