പൊന്നാനി കപ്പൽ നിർമാണശാല
റീടെൻഡറിന് മാരിടൈം ബോർഡ്

പൊന്നാനി
പൊന്നാനിയിൽ കപ്പൽ നിർമാണശാല ആരംഭിക്കുന്നതിന് റീടെൻഡറിനൊരുങ്ങി മാരിടൈം ബോർഡ്. ആദ്യം വിളിച്ച ടെൻഡറിൽ ഒരു കമ്പനിമാത്രം പങ്കെടുത്തതിനാലാണ് റീടെൻഡർ നടത്തുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി വാങ്ങണമോ എന്ന കാര്യത്തിലും പരിശോധിച്ചശേഷമായിരിക്കും തുടർ നടപടി. ടെൻഡറിൽ മൂന്ന് കമ്പനിയെങ്കിലും പങ്കെടുക്കണമെന്നാണ് നിയമം. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നൂറുകോടി രൂപയുടെ പദ്ധതിയാണ് വിഭാവനംചെയ്യുന്നത്. ചെറുതും ഇടത്തരവുമായ കപ്പൽ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. വലിയ ട്രോളിങ് ബോട്ടുകളും നിർമിക്കാം. കപ്പലുകൾ, ബാർജുകൾ, ടഗ്ഗുകൾ തുടങ്ങി കടൽയാനങ്ങളുടെ നിർമാണശാല യാഥാര്‍ഥ്യമാകുന്നതോടെ മലബാറിലെ പ്രധാന വ്യാവസായിക ഹബ്ബായി പൊന്നാനി മാറും. നിരവധി പേർക്ക് തൊഴിലും ലഭിക്കും. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ചെറുകിട കപ്പലുകൾ നിർമിക്കാൻ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഭാരതപ്പുഴയും കടലും സംഗമിക്കുന്ന അഴിമുഖത്തിനുസമീപം പഴയ ജങ്കാർ ജെട്ടിക്കുസമീപമാണ് പദ്ധതി. 30 ഏക്കർ കമ്പനിക്ക് കരാർ അടിസ്ഥാനത്തിൽ നൽകും. മാരിടൈം ബോർഡ് നേരത്തെ താൽപ്പര്യപത്രം ക്ഷണിച്ചിരുന്നെങ്കിലും കമ്പനികൾ മുന്നോട്ടുവന്നിരുന്നില്ല. പിന്നീടാണ് ചെറിയ കപ്പൽ നിർമിക്കാൻ താൽപ്പര്യം അറിയിച്ചത്.
അനധികൃത മീൻ ചാപ്പകൾ നീക്കും
പഴയ ജങ്കാർജെട്ടിക്കുസമീപത്തെ മുപ്പത്തിയഞ്ചോളം മീൻ ഷെഡുകൾ നീക്കംചെയ്യാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പൊന്നാനി വലിയ വ്യാവസായിക ഹബ്ബായി മാറാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് അനധികൃത മീൻ ചാപ്പകൾ നീക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കായി ഹാർബറിൽ എഴുപതോളം ഗോഡൗണുകൾ സർക്കാർ നിർമിച്ച് നൽകിയിരുന്നെങ്കിലും പലരും പഴയ ഷെഡുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.









0 comments