ഉജ്ജീവനം, ഉപജീവനം

ഉജ്ജീവനം പദ്ധതി ഭാഗമായി ഊർങ്ങാട്ടിരി പഞ്ചായത്തിൽ ആരംഭിച്ച കട (ഫയൽചിത്രം)
സുധ സുന്ദരൻ
Published on Apr 27, 2025, 01:30 AM | 1 min read
മലപ്പുറം
അതിദാരിദ്ര്യ നിർമാര്‍ജനം പദ്ധതി ഭാഗമായി കുടുംബശ്രീ ‘ഉജ്ജീവനം’ പദ്ധതിയിൽ ജില്ലയിൽ ഉപജീവനത്തിന് വഴിയൊരുങ്ങിയത് 878 അതിദരിദ്ര കുടുംബങ്ങൾക്ക്. വിവിധ ഘട്ടങ്ങളിൽ 2,38,35000 രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉപജീവന പദ്ധതികൾ നടപ്പാക്കിയത് ജില്ലയിലാണ്. വനിതകളും വയോധികരുമാണ് ഗുണഭോക്താക്കളിൽ ഏറെയും. ആദ്യഘട്ടത്തിൽ 92 കുടുംബങ്ങൾക്ക് 23.32 ലക്ഷം രൂപയുടെയും രണ്ടാംഘട്ടത്തിൽ 307 കുടുംബങ്ങൾക്ക് 1.12 കോടിയുടെയും തുടർ ഘട്ടങ്ങളിലായി മറ്റ് കുടുംബങ്ങൾക്കുമുള്ള ഉപജീവന പദ്ധതികളാണ് തയ്യാറാക്കിയത്. കുടുംബശ്രീ ഫണ്ട് കൂടാതെ വിവിധ സിഡിഎസുകൾ സ്‌പോൺസർഷിപ്പിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് 30 കുടുംബങ്ങൾക്കും വരുമാനമാർഗം ഉറപ്പാക്കിയിട്ടുണ്ട്. ഗുണഭോക്താക്കളുടെ ആവശ്യാനുസരണം തയ്യൽ, -കുടനിർമാണം, ഭക്ഷ്യവിതരണം, വളർത്തുമൃഗ പരിപാലന സംരംഭങ്ങൾ, ഓട്ടോറിക്ഷ, ഓൺലൈൻ സേവനകേന്ദ്രങ്ങൾ, ബ്യൂട്ടിപാർലർ എന്നിവയാണ് ലഭ്യമാക്കിയത്. രണ്ടാം എൽഡിഎഫ് സർക്കാർ നാലാം നൂറുദിന കർമ പരിപാടിയിലും അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഉപജീവനം ഉറപ്പാക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്.









0 comments