മാലിന്യമുക്തം നവകേരളം
ആക്രിയല്ല, ആർട്ടാണ്

അമരമ്പലം ശിവക്ഷേത്രത്തിനുസമീപം പാഴ്‌വസ്‌തുക്കളാൽ നിർമിച്ച ശിൽപ്പം
സുധ സുന്ദരൻ
Published on Apr 03, 2025, 01:21 AM | 1 min read
മലപ്പുറം
നാടിന്റെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ഓരോ പാഴ്‌വസ്‌തുവിന്റെയും പുനരുപയോഗ സാധ്യതകൂടി കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങൾ. പൊതുയിടങ്ങളിൽ പാഴ്‌വസ്‌തുക്കൾ ഉപയോഗിച്ച് ശിൽപ്പങ്ങളും പൂച്ചട്ടികളും കുപ്പിമതിലുകളും സ്ഥാപിച്ചാണ് ആക്രി വിവിധ ഇടങ്ങളിൽ ആർട്ടാക്കുന്നത്. ‘മാലിന്യമുക്തം നവകേരളം’ ഭാഗമായുള്ള ശുചിത്വ പ്രഖ്യാപനത്തിന്റെ സ്മാരകമായി തദ്ദേശ സ്ഥാപനങ്ങൾ ഒരുസ്ഥലം കണ്ടെത്തി ‘വേസ്റ്റ് ടു ആർട്’ വിഷയമാക്കി ഇൻസ്റ്റലേഷൻ സ്ഥാപിക്കാൻ സർക്കാർ നിർദേശമുണ്ടായിരുന്നു. ജില്ലയിലെ ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളും പൊതുയിടങ്ങളിൽ ‘വേസ്റ്റ് ടു ആർട്’ സ്ഥാപിച്ചിട്ടുണ്ട്. സെൽഫിയെടുക്കാം, മയിലിനൊപ്പം അമരമ്പലത്തെ ശിവക്ഷേത്രത്തിനുസമീപം പീലി നിവർത്തി നിൽക്കുന്ന ഒരുമയിലുണ്ട്. ഒറ്റനോട്ടത്തിൽ ഒറിജിലിനെവെല്ലും. അമരമ്പലം പഞ്ചായത്ത് പാഴ്‌വസ്‌തുക്കൾ ഉപയോഗിച്ച് നിർമിച്ചതാണ് ഈ മയിൽ ശിൽപ്പം. വലിച്ചെറിയുന്ന ബോട്ടിലുകളുടെ പുനരുപയോഗ സാധ്യത പ്രചരിപ്പിക്കാനായി ‘വേസ്റ്റ് ടു ആർട്ടി’ൽ ഒരുക്കിയതാണിത്. ഒരേരൂപത്തിലുള്ള ബോട്ടിലുകൾ ഉപയോഗിച്ച് 10 അടി ഉയരത്തിലാണ് നിർമാണം. പഞ്ചായത്തിലെ 58 ബോട്ടിൽ ബൂത്തുകളിൽനിന്ന് ഹരിത കർമസേന ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളാണ് ഇതിനായി ഉപയോഗിച്ചത്. ശിഹാബ് മമ്പാട്, ബഷീർ, ഫദൽ കവളമുക്കട്ട, സജിത്ത് പാട്ടക്കരിമ്പ്, സുജിത്ത്, അനീഷ് കവളമുക്കട്ട എന്നിവർ ചേർന്ന് നാലുദിവസംകൊണ്ടാണ് ശിൽപ്പം നിർമിച്ചത്. പുഴമുറ്റം പാർക്കിൽ അനക്കോണ്ട പൊന്നാനി പുഴമുറ്റം പാർക്കിൽ കുട്ടികളുടെ കളിചിരികൾക്ക് സാക്ഷിയായി ഒരുവമ്പൻ അനക്കോണ്ടയുണ്ട്. ‘വേസ്റ്റ് ടു ആർട്ടിൽ’ൽ പൊന്നാനി നഗരസഭ ഒരുക്കിയ ഇൻസ്റ്റലേഷനാണിത്. പാഴ്‌മരം ഉപയോഗിച്ചാണ് അനക്കോണ്ടയെ നിർമിച്ചത്. കൂടാതെ, ഹരിത കർമസേന ശേഖരിച്ച പാഴ്‌വസ്‌തുക്കൾ ഉപയോഗിച്ച് പൊതുയിടങ്ങളിൽ ശിൽപ്പങ്ങളും നിർമിച്ചിട്ടുണ്ട്. വാഹനത്തിന്റെ ടയർ ഉപയോഗിച്ച് കസേര, ബോട്ടിലുകൾ ഉപയോഗിച്ച് കാർ, പഴയ സൈക്കിളും പരസ്യബോർഡിന്റെ ഫ്രെയിമും ഉപയോഗിച്ച് സൈക്കിൾ ഫ്രെയിം എന്നിവയൊക്കെ ഇവിടെ കാണാം. ശുചിത്വ മിഷന്റെ ഫണ്ടും ഉപയോഗിച്ചായിരുന്നു നിർമാണം.









0 comments