ചുവരുകളിൽ നിറംപടർന്ന കാലം

എ കെ മുഹമ്മദുണ്ണി
പി എ സജീഷ്
Published on Nov 26, 2025, 12:41 AM | 1 min read
പൊന്നാനി
മൂന്ന് പതിറ്റാണ്ട് മുന്നിലെ തെരഞ്ഞെടുപ്പ് ഓർമകൾ ചികഞ്ഞെടുക്കുകയാണ് എ കെ മുഹമ്മദുണ്ണി. 83 –ാം വയസ്സിലും ആ മനസ്സിൽ തെരഞ്ഞെടുപ്പാവേശം കെട്ടടങ്ങിയിട്ടില്ല. 95ലും 2005ലും വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റായി. ദീർഘകാലം സിപിഐ എം വെളിയങ്കോട് ലോക്കൽ സെക്രട്ടറിയായിരുന്നു. 2015ൽ പൊന്നാനി ഏരിയാ സെക്രട്ടറിയുമായി. ‘പഴയ കാലത്ത് തെരഞ്ഞെടുപ്പ് അടുത്താൽ ഊണും ഉറക്കവുമുണ്ടാവില്ല. ഇന്നത്തെ മൂന്നും നാലും വാർഡുകൾ ചേർന്നതാണ് അന്നത്തെ ഒരു വാർഡ്. ജനകീയാസൂത്രണം നിലവിൽവന്ന കാലഘട്ടമായിരുന്നു അത്. പ്രചാരണത്തിന് കൊടിയും പിടിച്ച് പ്രവർത്തകരുടെ വലിയകൂട്ടമുണ്ടാവും. അഞ്ചുതവണയെങ്കിലും വീടുകൾ കയറിയിറങ്ങും. അതൊരു ആവേശമായിരുന്നു. വിശ്രമമെല്ലാം സഖാക്കളുടെ വീട്ടിൽ. സമൂഹമാധ്യമങ്ങളില്ലാത്ത അക്കാലം ചുവരെഴുത്തുകളായിരുന്നു പ്രധാനം. ചായപ്പീടികകളാണ് രാഷ്ട്രീയ ചർച്ചാ കേന്ദ്രം. പത്രങ്ങളുടെ തലക്കെട്ട് വായിച്ച് തുടങ്ങുമ്പോഴേക്കും ചർച്ച തുടങ്ങും. എത്ര വലിയ തർക്കങ്ങളുണ്ടായാലും വ്യക്തിബന്ധങ്ങളെ ബാധിക്കാറില്ല.’– മുഹമ്മദുണ്ണി ഓർക്കുന്നു. മൂക്കുതല ഹൈസ്കൂളിലായിരുന്നു പഠനം. എസ്എഫ്ഐയുടെ ആദ്യ രൂപമായ കെഎസ്എഎഫിലൂടെയാണ് സംഘടനാ പ്രവർത്തന തുടക്കം. പരമ്പരാഗത കർഷക കുടുംബമായിരുന്നു എ കെയുടേത്. ഒരുവയസ്സുള്ളപ്പോൾ ബാപ്പ മരിച്ചു. സ്കൂൾ പഠനം പൂർത്തിയായതോടെ സജീവ രാഷ്ട്രീയ പ്രവർത്തകനായി. ഇ യു ജി മേനോൻ, കുട്ടൻ നായർ, കെ ശ്രീധരൻ, ഗോപു പണിക്കർ, ഇ ജി നരേന്ദ്രൻ തുടങ്ങിയവർക്കൊപ്പമായിരുന്നു പ്രവർത്തനം. ഇമ്പിച്ചിബാവക്കൊപ്പം പെരുമ്പടപ്പിലും മാറഞ്ചേരിയിലും വെളിയങ്കോടും നിരവധി മിച്ചഭൂമി സമരങ്ങളിൽ പങ്കെടുത്തു. ജയിൽവാസവും അനുഭവിച്ചു. രാഷ്ട്രീയ ജീവിതത്തിനിടയിൽ പാരമ്പര്യമായി കിട്ടിയ ഭൂസ്വത്ത് പലഘട്ടങ്ങളിലായി വിൽക്കേണ്ടിവന്നു. എരമംഗലത്തെ വീട്ടിൽ ഭാര്യ കുഞ്ഞിമോൾക്കും മക്കൾക്കുമൊപ്പമാണ് താമസം.









0 comments