പത്രിക പിന്‍വലിക്കാന്‍ വൈകി
ലീഗുകാർ എത്തിയത് ആംബുലന്‍സിൽ

മലപ്പുറം
സമയം വൈകിയതോടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പോകാൻ ആംബുലന്‍സ് ദുരുപയോഗംചെയ്ത് യുഡിഎഫ് വിമത സ്ഥാനാര്‍ഥി. മലപ്പുറം നഗരസഭയിലെ കച്ചേരിപ്പടി വാര്‍ഡില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കാന്‍ പത്രിക നല്‍കിയ മുസ്ലിംലീഗിലെ വനിതാ സ്ഥാനാര്‍ഥിയും വാര്‍ഡ് ഭാരവാഹികളുമാണ് പെരിന്തല്‍മണ്ണയിലെ വരണാധികാരിയുടെ ഓഫീസിലേക്ക് ആംബുലന്‍സില്‍ പോയത്. പത്രിക പിന്‍വലിക്കാന്‍ കുറച്ചുനേരംമാത്രം ബാക്കിനില്‍ക്കെയാണ് വേഗത്തിലെത്താന്‍ ആംബുലന്‍സ് വിളിച്ചത്. കര്‍ശന നടപടിയെടുക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചതോടെ തിങ്കള്‍ പകല്‍ 2.10നാണ് പത്രിക പിന്‍വലിക്കാന്‍ സ്ഥാനാര്‍ഥിയും കൂട്ടാളികളും തീരുമാനിച്ചത്. പകല്‍ മൂന്നായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം. ഗതാഗതക്കുരുക്കില്‍പ്പെടാതിരിക്കാനാണ് ആംബുലന്‍സ് വിളിച്ചത്. സംഭവത്തില്‍ മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശം ശക്തമായി. സ്ഥാനാര്‍ഥി നിര്‍ണയംമുതല്‍ മലപ്പുറം നഗരസഭയിലെ യുഡിഎഫില്‍ തര്‍ക്കം രൂക്ഷമാണ്. മുസ്ലിംലീഗ് മത്സരിക്കുന്ന പുളിയാട്ടുകുളം വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പത്രിക നല്‍കിയിരുന്നു. കെപിസിസി വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ ഇടപെട്ടാണ് ഇയാളെ പിന്തിരിപ്പിച്ചത്. കോണ്‍ഗ്രസ് പിന്മാറിയിട്ടും ലീഗ് വനിതാ നേതാവ് കച്ചേരിപ്പടിയില്‍ വിമതയാകാന്‍ തീരുമാനിച്ചത് യുഡിഎഫില്‍ പ്രതിസന്ധിയുണ്ടാക്കി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേരിട്ട് താക്കീത് നല്‍കിയതോടെയാണ് ഇവര്‍ പിന്മാറാന്‍ തീരുമാനിച്ചത്.









0 comments