വീട്ടിൽ 500 ലിറ്റര്‍ സൂക്ഷിക്കാനുള്ള അറ
വാഷുമായി യുവാവ് പിടിയിൽ

മമ്പാട്
ബാരലിൽ നിറച്ച് 500 ലിറ്റർ വാഷ് സൂക്ഷിക്കാവുന്ന രഹസ്യകേന്ദ്രം വീട്ടിലൊരുക്കിയ യുവാവിനെ കാളികാവ് എക്‌സൈസ് സംഘം പിടികൂടി. മമ്പാട് മേപ്പാടം പള്ളിക്കുന്ന് സ്വദേശി പഴംപാലക്കോട് വീട്ടൽ രാജു (45)ആണ് പിടിയിലായത്. പൊലീസിലും എക്‌സൈസിലുമായി നാല് കേസുകൾ ഇയാളുടെ പേരിലുണ്ട്.
ഇരുപത് വർഷത്തിലധികമായി കെട്ടിട നിർമാണ മേഖലയിൽ ജോലിചെയ്യുന്നയാളാണ് രാജു. രാജുവും ഭാര്യയും ചേർന്നാണ് വീട് നിർമിച്ചത്. ശുചിമുറിയോട് ചാരിയുള്ള ഷെഡിൽ ഭൂമിക്കടിയിലേക്ക് അറ നിർമിച്ച് മുകളിൽ സ്ലാബിട്ട് 12ഓളം ചാക്കിലായി മെറ്റല്‍, വെട്ടുകല്ല് പാഴ് വസ്‌തുക്കൾ എന്നിവയിട്ട് മൂടിയിരുന്നു.
വാഷും ചാരായവും വാറ്റുപകരണങ്ങളും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. വീടിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് അറകൾ എക്‌സൈസ് കണ്ടെത്തി. രണ്ട് ബാരലുകളിലായി 60 ലിറ്റർ വാഷും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.
കാളികാവ് എക്‌സൈസ് ഇൻസ്‌പെക്‌ടർ ടി സി അനീഷിനെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രാജുവിനെ നിലമ്പൂർ കോടതി റിമാൻഡ്ചെയ്‌തു. അസി. എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ എം ശിവപ്രകാശ്, കെ എസ് അരുൻകുമാർ, കെ വി മുഹമ്മദ് ഷരീഫ്, വിപിൻ, കെ അമിത്, മുഹമ്മദ് ഹബീബ്, പി രജനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.









0 comments