വികസന തുടർച്ചക്ക് എൽഡിഎഫ് തുടരണം: -എം സ്വരാജ്

എൽഡിഎഫ് പെരിന്തൽമണ്ണ മുനിസിപ്പൽ തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
പെരിന്തൽമണ്ണ
കേരളത്തിന്റെ വികസന തുടർച്ചക്ക് എൽഡിഎഫ് ഭരണം തുടരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. എൽഡിഎഫ് പെരിന്തൽമണ്ണ മുനിസിപ്പൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് ഭരണകാലത്ത് അവർ ഉപേക്ഷിച്ച പദ്ധതികൾക്ക് പുതുജീവൻ പകർന്ന് നടപ്പാക്കിയത് പിന്നീട് അധികാരത്തിലേറിയ പിണറായി സർക്കാരാണ്. നാടിന്റെ മുഖച്ഛായ മാറ്റിമറിച്ച പദ്ധതികളാണ് ഒമ്പതര വർഷംകൊണ്ട് എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. ഇന്ന് കേരളം സമസ്ത മേഖലകളിലും നേട്ടത്തിന്റെ നെറുകയിലാണ്. പെരിന്തൽമണ്ണ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കും തുടർച്ച വേണമെന്നും എം സ്വരാജ് പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശശികുമാർ അധ്യക്ഷനായി. മുൻ ജില്ലാ സെക്രട്ടറി പി പി വാസുദേവൻ സംസാരിച്ചു. മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ നഗരസഭാ ചെയർമാൻ പി ഷാജി സ്വാഗതവും കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. മുൻ എംഎൽഎ പി ശ്രീരാമകൃഷ്ണൻ, അഡ്വ. സി എച്ച് ആഷിഖ്, മുൻ നഗരസഭാ ചെയർമാൻമാരായിരുന്ന സി ദിവാകരൻ, നിഷി അനിൽരാജ് എന്നിവരും നഗരസഭയിലെ 37 വാർഡുകളിലെ സ്ഥാനാർഥികളും പങ്കെടുത്തു.







0 comments