"ഇ ഹെല്‍ത്ത്' സംവിധാനം കൂടുതലിടങ്ങളില്‍
വീട്ടിലിരുന്നും ടോക്കണെടുക്കാം

പി അഭിഷേക്
Published on Nov 24, 2025, 01:12 AM | 2 min read
മലപ്പുറം
ആരോഗ്യമേഖലയില്‍ ഭൗതികസൗകര്യത്തിലെ കുതിച്ചുചാട്ടംമാത്രമല്ല, പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ എളുപ്പം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. ആശുപത്രിയിൽ മണിക്കൂറുകള്‍ കാത്തിരുന്ന് ഡോക്ടറെ കാണേണ്ട സ്ഥിതിയൊക്കെ മാറി. വീട്ടിലിരുന്ന് ഒപി ടിക്കറ്റെടുക്കാനും ഡോക്ടറെ ബുക്ക്ചെയ്യാനുമുള്ള "ഇ ഹെല്‍ത്ത്' സംവിധാനം കൂടുതല്‍ ആരോഗ്യകേന്ദ്രങ്ങളില്‍ സജ്ജമായി. ജില്ലയിലെ 106 സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളാണ് "ഇ ഹെല്‍ത്ത്' സംവിധാനത്തിനുകീഴിലായത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ ജില്ലാ ആശുപത്രികള്‍, പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുടങ്ങിയിടങ്ങളിലെല്ലാം സേവനം ലഭിക്കും. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 2021മുതല്‍ സേവനമുണ്ട്. മൂന്ന് ജില്ലാ ആശുപത്രികളും 2024ലാണ് ഇ ഹെല്‍ത്തിന് കീഴിലായത്. മലപ്പുറം, തിരൂരങ്ങാടി, കൊണ്ടോട്ടി, പൊന്നാനി, അരീക്കോട്, കുറ്റിപ്പുറം, വണ്ടൂര്‍ താലൂക്ക് ആശുപത്രികള്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ്, വിവിധ സിഎച്ച്സി, ബിഎഫ്എച്ച്സി, എഫ്എച്ച്സി, പിഎച്ച്സി, യുപിഎച്ച്സി എന്നിവിടങ്ങളിലെ ഒപി ടിക്കറ്റും ഓണ്‍ലൈനിലെടുക്കാം. ആശുപത്രിയില്‍ പതിപ്പിച്ച ക്യു ആര്‍ കോഡ് സ്കാന്‍ചെയ്തും വരിനില്‍ക്കാതെ ഒപി ടിക്കറ്റ് എടുക്കാന്‍ സംവിധാനമുണ്ട്. ഒരു ആശുപത്രിയിലെ ആകെ ഒപി ടിക്കറ്റിന്റെ നിശ്ചിത ശതമാനംമാത്രമാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിന് അനുവദിക്കുക. ഇ ഹെല്‍ത്ത് സംവിധാനം ഉപയോഗിച്ച് വീട്ടിലിരുന്ന് ഒപി ടിക്കറ്റെടുക്കാന്‍ "മി ഹെല്‍ത്ത്' മൊബൈല്‍ ആപ്ലിക്കേഷന്‍ ആവശ്യമാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആധാര്‍ അധിഷ്ടിത യുണിക് ഹെൽത്ത് ഐഡന്റിറ്റി (യുഎച്ച്ഐഡി) നമ്പര്‍ ഉണ്ടാക്കണം. ഇതിലൂടെ ജില്ല, ആശുപത്രി, സമയം എന്നിവ തെരഞ്ഞെടുത്ത് ഡോക്ടറെ ബുക്ക്ചെയ്യാം. ഡോക്ടറുടെ കുറിപ്പടി, പരിശോധനാ ഫലം, മെഡിക്കല്‍ റിപ്പോര്‍ട്ട്, മരുന്ന് വിവരങ്ങള്‍ എന്നിവയും ഓണ്‍ലൈനില്‍ കാണാനാകും.

ഫലപ്രദം ഈ മാറ്റം
മഞ്ചേരി
ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാവിലെ എട്ടുമുതല്‍ പകല്‍ ഒന്നുവരെയാണ് ഒപി സമയം. പ്രതിദിനം ശരാശരി 2750 പേരാണ് ഒപി ടിക്കറ്റ് എടുക്കാറുള്ളത്. ആദ്യ ടോക്കണുകള്‍ കിട്ടാനായി നേരത്തെയെത്തി സ്ഥാനംപിടിക്കുന്നവരുമുണ്ട്. ഇത് ടോക്കണ്‍ കൗണ്ടറിനുമുന്നിലെ തിരക്ക് വര്‍ധിപ്പിച്ചിരുന്നു. "ഇ ഹെല്‍ത്ത്' സംവിധാനം ഏര്‍പ്പെടുത്തിയശേഷം ശരാശരി 1300 ടോക്കണ്‍ ഓണ്‍ലൈനിലാണ് ബുക്ക്ചെയ്യുന്നത്. ഇവര്‍ക്ക് ഒപി ടിക്കറ്റ് വാങ്ങാന്‍ ആശുപത്രിയില്‍ പ്രത്യേകം കൗണ്ടറുകളുണ്ട്. യുഎച്ച്ഐഡി നമ്പര്‍ ഉള്ളതിനാല്‍ രോഗിയുടെ കൈയില്‍നിന്ന് ഏതെങ്കിലും മെഡിക്കല്‍ രേഖ നഷ്ടപ്പെട്ടാലും ഓണ്‍ലൈനില്‍നിന്ന് വീണ്ടെടുക്കാനാകും. കിടത്തിച്ചികിത്സകൂടി ഇ ഹെല്‍ത്തിനുകീഴിലാക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതും ഗുണംചെയ്യും. ഡോ. പ്രഭുദാസ് (സൂപ്രണ്ട്, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ്)








0 comments