ജില്ലാ സ്കൂള്‍ കലോത്സവം നാളെ മുതല്‍
അഞ്ചലില്‍ കലാമാമാങ്കം

കൊല്ലം
അറുപത്തിനാലാമത് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. രാവിലെ 8.30ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ ഐ ലാല്‍ പതാക ഉയര്‍ത്തും. ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. കലക്ടര്‍ എന്‍ ദേവിദാസ് കലോത്സവം ഉദ്ഘാടനംചെയ്യും. ആദ്യദിനം രചന, ക്വിസ്, ചെണ്ടമേളം, കേരളനടനം, മലപ്പുലയാട്ടം, വയലിന്‍ തുടങ്ങിയ മത്സരമാണ് നടക്കുക. അഞ്ചലിലെ 14 വേദികളിലായി നടക്കുന്ന മത്സരത്തില്‍ ആറായിരത്തിലധികം കലാകൗമാരങ്ങള്‍ മാറ്റുരയ്ക്കും. അഞ്ചല്‍ ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളാണ് പ്രധാന വേദി. കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത് തുടങ്ങിയ മത്സരങ്ങളോടെയാകും കലാമാമാങ്കത്തിന് സമാപനം കുറിക്കുക. 29ന് നടക്കുന്ന സമാപന സമ്മേളനം സംവിധായകന്‍ രാജീവ് അഞ്ചല്‍ ഉദ്ഘാടനംചെയ്യും. ജോയിന്റ് ജനറല്‍ കണ്‍വീനറായ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്എസ്എസ് എസ് അജിത അധ്യക്ഷയാകും.






0 comments