print edition എസ്ഐആർ സമ്മർദ്ദം ; ആത്മഹത്യചെയ്യുമെന്ന് ബിഎൽഒയുടെ ശബ്ദസന്ദേശം

കോട്ടയം
വോട്ടർപട്ടിക തീവ്രപരിശോധന (എസ്ഐആർ) ജോലിയുടെ സമ്മർദ്ദം താങ്ങാൻ വയ്യാതെ ആത്മഹത്യചെയ്യുമെന്ന് ബിഎൽഒയുടെ ശബ്ദസന്ദേശം. മുണ്ടക്കയം പഞ്ചായത്തിലെ 110-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആന്റണി വർഗീസിന്റെ പേരിലുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ബിഎൽഒമാരും ഉദ്യോഗസ്ഥരുമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ആയിരുന്നു ഇദ്ദേഹം ശബ്ദ സന്ദേശമിട്ടത്.
സമ്മർദം സഹിക്കാൻ പറ്റുന്നില്ലെന്നും തന്നെ ആരെങ്കിലും കൊല്ലുമെന്നും ഇലക്ഷൻ കമീഷനാണ് ഉത്തരവാദിയെന്നും ബിഎൽഒ പറയുന്നു. ശബ്ദസന്ദേശത്തിന്റെ ചുരുക്കം:
"എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ട് ഭയങ്കര മാനസിക സമ്മർദ്ദത്തിലാണ് ഞാൻ. നിങ്ങൾ പറഞ്ഞതനുസരിച്ച് ഒരാഴ്ചയോളം മെനക്കെട്ട് വീടുകളിൽ ഫോം കൊണ്ട് കൊടുത്തു. പൂരിപ്പിക്കാതെയാണ് പല വോട്ടർമാരും ഫോം തരുന്നത്. ഇവരുടെ ബേസിക് കാര്യങ്ങളും ഞാൻ ചെയ്യണം. 2002ലെ വിവരങ്ങളും തപ്പിപിടിച്ചു കൊടുക്കണം. ഇതിന് കാൽ കാശ് കിട്ടുന്നില്ല. നിങ്ങൾ ഇതിന് ആവശ്യമായ യാതൊരു ഉപകരണങ്ങളും തരുന്നില്ല. ഇന്റർനെറ്റ് തരുന്നില്ല, മൊബൈൽ ഫോൺ തരുന്നില്ല. ഇലക്ഷൻ കമീഷനും ഉദ്യോഗസ്ഥരും ഞങ്ങളെ ചൂഷണം ചെയ്യുകയാണ്. മാനസികമായി ശാരീരികമായും ചൂഷണംചെയ്ത് അടിമപ്പണി ചെയ്യിക്കുന്നത് ദയവായി നിർത്തണം.
സമനില തെറ്റുന്ന സാഹചര്യമാണ്. ഒന്നെങ്കിൽ ഞാൻ ആരെയെങ്കിലും കൊല്ലും, അല്ലെങ്കിൽ ആരെങ്കിലും എന്നെ കൊല്ലും. എന്നെ ഈ ജോലിയിൽനിന്ന് പിന്മാറാൻ ദയവായി അനുവദിക്കണം. സഹികെട്ടിട്ടാണ് പറയുന്നത്. വില്ലേജ് ഓഫീസിലോ കലക്ടറേറ്റിലോ വന്ന് ഞാൻ വിഷം കഴിച്ച് ചാകും. ഞാൻ ആത്മഹത്യ ചെയ്താൽ അതിനുത്തരവാദി ഇലക്ഷൻ കമീഷനും എസ്ഐആറും ആണ്. ബിഎൽഎ പറയുന്നു.







0 comments