ഓട്ടോറിക്ഷയില്‍ കടത്തിയ കഞ്ചാവുമായി 2 പേർ അറസ്റ്റിൽ

മലപ്പുറം: അന്യസംസ്ഥാനങ്ങളിൽനിന്ന് ട്രയിൻ മാർഗം കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ബീഹാർ മഥുബാനി സ്വദേശി എം ഡി നിജാം (27), ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കൽ സ്വദേശി മുല്ലപ്പള്ളി മുഹമ്മദാലി (38) എന്നിവരാണ് പടപ്പറമ്പ് കൊളത്തൂർ റോഡിൽ ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവുമായി അറസ്റ്റിലായത്.
ഒഡീഷ, ബീഹാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവു കടത്തുന്നതായി ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ബീഹാറിൽനിന്ന് ട്രയിൻമാർഗം എത്തിച്ച കഞ്ചാവ് വിൽപന നടത്താനായി ഓട്ടോറിക്ഷയിൽ കൊണ്ടുപോകുമ്പോഴാണ് പ്രതികൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ പെരിന്തൽമണ്ണ പാലൊളിപ്പറമ്പിലെ വാടകക്വാർട്ടേഴ്സിൽ ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് പടപ്പറമ്പിലെത്തിച്ചശേഷം ചെറിയ പായ്ക്കറ്റുകളിലാക്കി പടപ്പറമ്പ്, കൊളത്തൂർ, ചട്ടിപ്പറമ്പ് ഭാഗങ്ങളിൽ വിൽപന നടത്തുകയാണ് രീതി. ലഹരി സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി എ പ്രേംജിത്ത്, കൊളത്തൂർ ഇൻസ്പെക്ടർ സംഗീത് പുനത്തിൽ എന്നിവർ അറിയിച്ചു. ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡ് എസ്ഐ ഷിജോ സി തങ്കച്ചൻ, പ്രൊബേഷൻ എസ്ഐ അശ്വതി, എസ്ഐ ശങ്കരനാരായണൻ, എസ്‌സിപിഒമാരായ സുമേഷ്, ജയൻ, ഷെരീഫ് എന്നിവരും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.









0 comments