കിരീടം കാളികാവിന്

ജില്ലാ ബഡ്‌സ് കായികമേളയിൽ കിരീടം നേടിയ കാളികാവ് ടീം
വേങ്ങര തോരാമഴയിലും ആവേശപ്പോരാട്ടവുമായി ബഡ്‌സ് ഒളിമ്പിയ– 2025. വേങ്ങര സബാഹ് സ്ക്വയറിൽ സംഘടിപ്പിച്ച ബഡ്‌സ് ഒളിമ്പിയ-– 2025 കായികമേളയിൽ 33 പോയിന്റ് നേടി കാളികാവ് ബിആർസി ഒന്നാംസ്ഥാനം നേടി. 30 പോയിന്റോടെ ഊർങ്ങാട്ടിരി ബിആർസി രണ്ടാംസ്ഥാനവും 22 പോയിന്റോടെ കൊണ്ടോട്ടി ബഡ്സ് സ്കൂൾ, പുൽപ്പറ്റ ബിആർസി, ഊരകം ബഡ്സ് സ്കൂൾ എന്നിവർ മൂന്നാംസ്ഥാനവും നേടി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും കലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മൂന്നാമത് ജില്ലാതല ബഡ്സ് കായികമേളയിൽ ജില്ലയിലെ 74 ബഡ്‌സ് സ്ഥാപനങ്ങൾ പങ്കാളികളായി. സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഹയർ എബിലിറ്റി, ലോവർ എബിലിറ്റി വിഭാഗങ്ങളിലായി 50 മീറ്റർ, 100 മീറ്റർ ഓട്ടം, നടത്തം, ഷോട്ട്പുട്ട്, ലോങ്‌ജമ്പ് വീൽചെയർ ഓട്ടം, എന്നിങ്ങനെ 34 ഇനങ്ങളിൽ അഞ്ഞൂറോളം വിദ്യാർഥികൾ മാറ്റുരച്ചു. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി വിജയികളായ എല്ലാ വിദ്യാർഥികൾക്കും മെഡലും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണംചെയ്തു. ഒപ്പം കായികമേളയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.









0 comments