മെഡോറ ഓൺ ഡ്യൂട്ടി

കോട്ടക്കൽ
ഒപിയിൽ ഡോക്ടറില്ലെങ്കിലും ആശങ്ക വേണ്ട. ആവശ്യമുള്ള സേവനങ്ങൾക്ക് ‘മെഡോറ’ റോബോട്ട് ഉണ്ട്. ഈ മിടുക്കൻ റോബോട്ട് ഒരു നഴ്സിന്റെ എല്ലാ ജോലികളും ഒറ്റക്ക് ചെയ്യും. ഇൻസുലിൻ അടിക്കാനും വൈറ്റൽസ് നൽകാനുമെല്ലാം മെഡോറ മതി. ഇനി ഡോക്ടറെ കണ്ട് സംസാരിക്കണമെങ്കിൽ അതിനും അവസരമൊരുക്കും. സെന്റ് പോൾസ് ഇഎംഎച്ച്എസ്എസിലെ വിദ്യാർഥികളായ പി പി മുഹമ്മദ് ഫാദിൽ, കെ നമസ് എന്നിവരാണ് കണ്ടുപിടിത്തത്തിനുപിന്നിൽ.
മെഡിക്കലി എഐ ഓട്ടോമേറ്റഡ് യൂണിറ്റ് ഫോർ റോബോട്ടിക് അസിസ്റ്റൻസ് എന്നാണ് മെഡോറയുടെ പൂർണരൂപം. മെഡിക്കൽ അസിസ്റ്റന്റ് റോബോട്ട് എന്നതാണ് ആശയം.
പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിലും ഗ്രാമപ്രദേശങ്ങളിലും ആദിവാസി ഊരുകളിലും ഡോക്ടർമാർക്ക് എന്നും എത്തിച്ചേരാൻ സാധിക്കാത്ത സ്ഥലങ്ങളിലുമെല്ലാം നഴ്‌സിങ് അസിസ്റ്റന്റായി പ്രവർത്തിക്കാൻ ഇൗ റോബോട്ടിന് സാധിക്കും. രക്തസമ്മർദം, രക്തത്തിലെ ഓക്‌സിജൻ അളവ്, ഹൃദയമിടിപ്പ് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ലോകത്തെവിടെനിന്നും ഡോക്ടർമാർക്ക് ലഭ്യമാകുന്ന എഡബ്ല്യൂഎ ക്ലൗഡിൽ സൂക്ഷിക്കാനും കഴിയും. രോഗിയുടെ മുഖം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് മരുന്ന് നൽകാനും ഈ റോബോട്ട് മതി. ഇതിൽ ഓട്ടോമാറ്റിക് ഇൻസുലിൻ ഇൻജക്ഷൻ സംവിധാനവുമുണ്ട്. രോഗിയുടെ മാനസികാവസ്ഥ മനസ്സിലാക്കി ക്ലിനിക്കൽ തെറാപ്പി സഹായം നൽകാനും രോഗിയുടെ മാനസികാവസ്ഥ അനുസരിച്ച് അരോമ തെറാപ്പി നൽകാനും കഴിയും. പാണക്കാട് ദാറുൽ ഉലും എച്ച്എസ്എസിലെ പി ഹാനി സമൻ, കെ മുഹമ്മദ് മുഹ്‌ബിൻ എന്നിവരും ഉൾപ്പെടുന്ന ടീമായാണ് ഇവർ മത്സരിച്ചത്.







0 comments