പുതുപാതയിൽ കുതിച്ച് മൂത്തേടം

മൂത്തേടം പഞ്ചായത്ത് കാര്യാലയം
വി കെ ഷാനവാസ്
Published on Jun 09, 2025, 12:20 AM | 1 min read
എടക്കര
മൂന്നുഭാഗം പുഴകളാലും ഒരുഭാഗം വനത്താലും ചുറ്റപ്പെട്ട മൂത്തേടം പഞ്ചായത്ത് ദ്വീപിനുസമാനമായ അവികസിത കാർഷിക ഗ്രാമമായിരുന്നു. 48 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്ത് 1979ലാണ് രൂപീകരിച്ചത്. തെക്ക് കരിമ്പുഴയും വടക്ക് പടിഞ്ഞാറ് പുന്നപ്പുഴയും കിഴക്ക് റിസർവ് ഫോറസ്റ്റുമാണ്. 8209 വീടുകളുണ്ട്. 22,455 വോട്ടർമാരും.
1987ൽ നായനാർ സർക്കാരിൽ മന്ത്രിയായ ടി കെ ഹംസ കാറ്റാടിക്കടവിൽ പാലം അനുവദിച്ചതോടെ നാട് പുറംലോകവുമായി ബന്ധപ്പെട്ട് തുടങ്ങി. കാലവർഷം കനത്താൽ പുഴ കടക്കാൻ കഴിയാതെ തോണിയിൽ പ്രസവവും മരണവും കണ്ട ദുരിതനാളുകൾക്ക് അങ്ങനെ അവസാനമായി. ജനകീയാസൂത്രണംവരുന്നതുവരെ മൺപാതകളെമാത്രം ആശ്രയിച്ചിരുന്ന പഞ്ചായത്താണിത്.
ജില്ലയിൽ ആദ്യം മലയോര ഹൈവേ പൂർത്തീകരിച്ച പഞ്ചായത്താണ് മൂത്തേടം. 30 കോടി ചെലവിൽ ഒമ്പത് കിലോമീറ്റർ ദൂരത്തിൽ 12 മീറ്റർ വീതിയിലാണ് മലയോര ഹൈവേ. മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് കോടിയുടെ കെട്ടിടം നിർമിച്ചു. ഒരുകോടി വീണ്ടും ബജറ്റിൽ അനുവദിച്ചു. ലൈഫ് ഭവന പദ്ധതിപ്രകാരം 800 വീടുകൾ അനുവദിച്ചു. ക്ഷേമ പെൻഷൻ വാങ്ങുന്ന 3691 പേരും പഞ്ചായത്തിലുണ്ട്. ഏഴ് കോടി ചെലവിൽ മുപ്പിനിയിൽ പാലം നിർമാണം തുടങ്ങി.
ചുങ്കത്തറ–മൂത്തേടം പഞ്ചായത്തിനെ ബന്ധിപ്പിച്ച് ആരംപുളിക്കൽ കടവിൽ 3.9 കോടിയുടെ പാലവും ചെക്ക് ഡാമും, മരംവെട്ടിച്ചാൽ - കൽക്കുളം പൊതുമരാമത്ത് റോഡിന് റബറൈസ് ചെയ്യാൻ 4.5 കോടി തുടങ്ങി ഒമ്പത് വർഷത്തെ മാറ്റം കൺമുന്നിലുണ്ട്. ആരോഗ്യമേഖലയിൽ പിഎച്ച്സിക്ക് 33.75 ലക്ഷം അനുവദിച്ച് പുതിയ കെട്ടിടം നിർമിച്ചു. പാലിയേറ്റീവിന് വാഹനം, പാലക്കുന്ന് കുടിവെള്ള പദ്ധതി, ഒരുകോടി ചെലവിട്ട് ഉച്ചക്കുളം തീക്കടി നഗർ നവീകരണം, 65 ലക്ഷം മുടക്കി ഉച്ചക്കുളം ആദിവാസി നഗർ കോൺക്രീറ്റ് റോഡ് എന്നിവയും എൽഡിഎഫ് സർക്കാർ കാലത്തെ വികസനമാണ്. ഒമ്പത് വർഷത്തിനിടെ 2.51 കോടി ചെലവഴിച്ച് 17 ഗ്രാമീണ റോഡുകളാണ് നവീകരിച്ചത്. മൂത്തേടം പഞ്ചായത്ത് ഓഫീസ് നവീകരണം, കൽക്കുളം പകൽവീട്, പനമ്പറ്റയിൽ ബഡ്സ് സ്കൂളിന് സ്വന്തമായി ഭൂമിയും കെട്ടിടവും, പഞ്ചായത്ത് പൊതുശ്മശാനത്തിന് റോഡ് എന്നിവയും എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളാണ്.









0 comments