സര്‍ക്കാര്‍ സര്‍വീസിലുണ്ട് 71 ഗോത്രമക്കള്‍


എം സനോജ്
Published on May 14, 2025, 10:51 PM | 1 min read
നിലമ്പൂർ
ആദിവാസി നഗറുകളിലെ വീടുകളിൽ സങ്കടക്കടൽ മായുകയാണ്. അപ്പങ്കാപ്പിലെ ചാന്ദിനിമുതൽ വെറ്റിലപ്പാറയിലെ എൻ എസ് ശിവപ്രസാദുവരെ ജില്ലയിലെ ഗോത്രനഗറുകളിലെ 71 പേരെയാണ് സർക്കാർ സർവീസിൽ നിയമിച്ചത്. രാജ്യ ചരിത്രത്തിൽതന്നെ ആദ്യമായാണ് ഒരുസർക്കാർ ഇത്രയും ആദിവാസി വിഭാഗങ്ങൾക്ക് പ്രത്യേക നിയമനത്തിലൂടെ വിവിധ വകുപ്പുകളിൽ ജോലിനൽകുന്നത്. എല്ലാവരും പണിയൻ, അടിയാൻ, ഊരാളി, കാട്ടുനായ്‌ക്ക, ചോലനായ്‌ക്ക, കറുമ്പർ, മുതുവാൻ വിഭാഗത്തിൽപ്പെട്ടവർ. ദുരിതവും പട്ടിണിയും രോഗവും നിറഞ്ഞ ഗോത്രസമൂഹത്തിന്റെ ചിത്രമാണ് എൽഡിഎഫ് സർക്കാർ മാറ്റിയെഴുതുന്നത്. 2016ൽ ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരമേറ്റതോടെ ആദിവാസി നഗറുകളിൽ വലിയ മാറ്റമുണ്ടായി. ആദിവാസി യുവതീ യുവാക്കൾക്ക് സർക്കാർ സർവീസിൽ നേരിട്ട് തൊഴിൽ നൽകുന്ന പദ്ധതി ആരംഭിച്ചു. വനിതാ സിവിൽ പൊലീസ് ഓഫീസർ (നാല്), സിവിൽ പൊലീസ് ഓഫീസർ (നാല്), വനിതാ പൊലീസ് കോൺസ്റ്റബിൾ (ഏഴ്), പൊലീസ് കോൺസ്റ്റബിൾ (എട്ട്), സിവിൽ എക്സൈസ് ഓഫീസർ (മൂന്ന്), ബീറ്റ് ഫോറസ്റ്റ് ഓഫീസർ (31) വനം വാച്ചർ (നാല്), ആയ (10) എന്നിങ്ങനെയാണ് നിയമനം. 44 യുവാക്കൾക്കും 27 യുവതികൾക്കും നിയമനം നൽകി. കൂടുതൽ പേർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്‌തികയിലാണ്–- 31 പേർ. വനത്തിലും വനാതിർത്തിയിലും താമസിക്കുന്നതും വനത്തെ ആശ്രയിക്കുന്നതുമായ ആദിവാസികളിൽ യോഗ്യതയുള്ള യുവജനങ്ങൾക്കാണ് നിയമനം. യൂണിഫോം സേനകളിൽ നിയമനം ലഭിച്ചവർക്ക് ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ്, അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള രാത്രികാല ഫയറിങ് പരിശീലനം, തീരദേശ പരിപാലനത്തിനുള്ള പ്രത്യേക പരിശീലനം എന്നിവ ലഭിച്ചു. കംപ്യൂട്ടർ, നീന്തൽ, യോഗ, കരാത്തെ എന്നിവയിലും പരിശീലനം നൽകി. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, അനധികൃത കുടിയേറ്റം തടയൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിൽ പരിചിതരായ ജീവനക്കാരുടെ കുറവ് കണക്കിലെടുത്താണ് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടത്തിയത്. കുടുംബശ്രീ, എക്സൈസ്, പട്ടികവർഗ വകുപ്പുകൾ ഉദ്യോഗാർഥികൾക്ക് പ്രത്യേക പിഎസ്‌സി പരീശിലനം നൽകിയിരുന്നു.
0 comments