തേക്കിൻ ഗരിമ, സംസ്‌കാരപ്പെരുമ

നിലന്പൂർ-—ഊട്ടി റോഡ്. വിനോദ സഞ്ചാര കേന്ദ്രമായ കനോലി പ്ലോട്ടിന് സമീപത്തുനിന്നുള്ള ദൃശ്യം \ഫോട്ടോ: കെ ഷെമീർ
സി പ്രജോഷ്‌കുമാർ
Published on May 29, 2025, 12:23 AM | 1 min read
നിലമ്പൂർ
തേക്കിൻ നാടാണ് നിലമ്പൂർ. ചാലിയാർപ്പുഴയും കരിമ്പുഴയും കുതിരപ്പുഴയും നിറഞ്ഞൊഴുകും നാട്. മലമുത്തന്മാരും പാതിനായ്‌ക്കരും ചോലനായ്‌ക്കരും പണിയന്മാരുമായിരുന്നു ഇവിടുത്തെ ആദിമ ജനവിഭാഗങ്ങൾ. പിന്നീട് നിലമ്പൂർ കോവിലകം ഭരണസിരാകേന്ദ്രമായി. വനസമ്പത്തും ഫലഭൂയിഷ്ഠമായ മണ്ണും ജനങ്ങളെ ആകർഷിച്ചു. തേക്കിന്റെ മഹിമയറിഞ്ഞ് വിദേശികളെത്തി. തേക്ക് കടത്തിക്കൊണ്ടുപോകാൻ ബ്രിട്ടീഷുകാർ റെയിൽവേ ലൈൻ കൊണ്ടുവന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ കുടിയേറ്റ കർഷകരെത്തി. അവർ മണ്ണ് പൊന്നാക്കി. മരവ്യാപാരം ലക്ഷ്യമിട്ട് ബ്രിട്ടീഷുകാർ നിലമ്പൂരിലേക്ക് റെയിൽവേ ലൈൻ നീട്ടി. ചാലിയാർപ്പുഴയായിരുന്നു ചരക്കുനീക്കത്തിന്റെ കേന്ദ്രം. സാമൂഹ്യമുന്നേറ്റ ചരിത്രത്തിലും നാട് സുവർണ അധ്യായം രചിച്ചു. ദേശീയപ്രസ്ഥാനം സജീവമായതോടെ സാമൂഹ്യമാറ്റങ്ങൾക്കായി പോരാട്ടവും ശക്തിപ്രാപിച്ചു. സഖാവ് കുഞ്ഞാലിയുടെ നേതൃത്വത്തിൽ തോട്ടം തൊഴിലാളി പ്രക്ഷോഭങ്ങൾ നിലമ്പൂരിന്റെ മണ്ണിൽ വിപ്ലവചിന്തയുടെ വിത്തുപാകി. കലയും സാഹിത്യവും സാമൂഹ്യമാറ്റത്തിന്റെ ഇന്ധനമായി. നിലമ്പൂർ യുവജനവായനശാലയും യുവജനകലാസമിതിയും മലബാറിന്റെ കലാ സാംസ്‌കാരിക മുന്നേറ്റത്തിന് ഊർജമേകി. ഡോ. എം ഉസ്‌മാൻ, ഇ കെ അയമു, നിലമ്പൂർ ബാലൻ, കെ ജി ഉണ്ണീൻ, നിലമ്പൂർ ആയിഷ തുടങ്ങിയവർ നാടകങ്ങളിലൂടെ നാടിനെ ഇളക്കിമറിച്ചു. ജന്മി നാടുവാഴിത്ത വ്യവസ്ഥക്കെതിരെ കർഷകരും കർഷക തൊഴിലാളികളും പോർമുഖം തുറന്നു. കർഷകസംഘം നേതൃത്വത്തിലുള്ള തരിശുഭൂമി, വെട്ടിപ്പൊളി സമരങ്ങൾ സാധാരണക്കാരെ ഭൂമിയുടെ അവകാശികളാക്കി. മാനവമൈത്രിയുടെ വിളനിലമാണ് നിലമ്പൂർ. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻവിഭാഗങ്ങൾക്ക് ഒരേപോലെ പ്രാതിനിധ്യമുണ്ടിവിടെ. ഒട്ടേറെ കലാ–-സാംസ്‌കാരിക പ്രതിഭകൾക്കും നാട് ജന്മമേകി. ഗായകൻ കൃഷ്‌ണചന്ദ്രൻ, എസ് എ ജമീൽ, നിലമ്പൂർ ഷാജി, നാടകരംഗത്തെ പ്രശസ്‌തനായ നിലമ്പൂർ മണി, സിനിമാനടി സീനത്ത്, ഇന്ത്യയിലെ ആദ്യ വനിതാ മജീഷ്യൻ നിർമലാ മലയത്ത്, മജീഷ്യന്മാരായ ആർ കെ മലയത്ത്, ഗോപിനാഥ് മുതുകാട്, പി പ്രദീപ്കുമാർ എന്നിവർ ഈ നാടിന്റെ സംഭാവനയാണ്. വികസനത്തിൽ പിന്നാക്കമായിരുന്നു മലയോരം. ദീർഘകാലം കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് നിയമസഭയിൽ പ്രതിനിധീകരിച്ച മണ്ഡലത്തിന് കാലത്തിനൊപ്പം കുതിക്കാനായില്ല. എന്നാൽ, കഴിഞ്ഞ ഒമ്പതുവർഷത്തെ എൽഡിഎഫ് ഭരണം നാടിന്റെ മുഖംമാറ്റി. മറ്റൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഈ വികസനക്കാറ്റാണ് പ്രധാന ചർച്ചാവിഷയം.









0 comments