മഞ്ചേരിയിലെ ആളുമാറി ശസ്ത്രക്രിയ
അന്വേഷണം വിജിലൻസ് ഡയറക്ടർക്ക്

മഞ്ചേരി
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടറെ നിയമിച്ച് ആരോഗ്യവകുപ്പ്. മൂക്കിലെ ദശമാറ്റാൻ ശസ്ത്രക്രിയയ്ക്ക് എത്തിയ ഏഴുവയസ്സുകാരന് ഹെർണിയക്കുള്ള ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ജനറൽ സർജറി കൺസൾട്ടന്റ് ഡോ. എ സുരേഷ് കുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒമ്പത് ജീവനക്കാർക്ക് കുറ്റാരോപണ നോട്ടീസ് നൽകുകയും ചെയ്തു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി കുറ്റാരോപിതരായ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും മൊഴിയെടുത്തിരുന്നു. ഇവരുടെ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് അന്വേഷണത്തിന് വിജിലൻസ് ഡയറക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്. ഒരുമാസത്തിനകം അന്വേഷണ റിപ്പോർട്ട് സർമർപ്പിക്കാനാണ് നിർദേശം.
2019 മെയ് 20നാണ് സംഭവം. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് തയ്യിൽ മജീദിന്റെ മകൻ മുഹമ്മദ് ഡാനിഷിനെയാണ് ആളുമാറി ശസ്ത്രക്രിയ ചെയ്‍തത്. മണ്ണാർക്കാട് അമ്പാഴക്കോട് ഉണ്ണിക്കൃഷ്ണന്റെ മകൻ ധനുഷിനാണ് (ആറ്) ഹെർണിയയ്ക്ക് ശസ്ത്രക്രിയചെയ്യേണ്ടിയിരുന്നത്. ഹെർണിയ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അതുനടത്തിയതെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. ഒരു പരിശോധനയും നടത്താതെ രക്ഷിതാവിന്റെ സമ്മതംപോലുമില്ലാതെ ശസ്ത്രക്രിയ നടത്തിയതിൽ കുട്ടിയുടെ ബന്ധുക്കൾ മന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകുകയായിരുന്നു.









0 comments