കുടുംബശ്രീ ട്രാവൽസ്
കരുതലിന്റെ തണൽവഴികൾ

സുധ സുന്ദരൻ
Published on Oct 25, 2025, 01:14 AM | 2 min read
മലപ്പുറം
‘എന്റെ കുഞ്ഞുങ്ങൾ എന്തിന് മാറിനിൽക്കണം. അവർക്കും കഴിവുകളുണ്ട്. ഭിന്നമായ ആ കഴിവുകളും താൽപ്പര്യങ്ങളും വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങാനുള്ളതല്ല. ലോകത്തിന്റെ വിശാലതയിലേക്ക് അവരും പറക്കട്ടെ. അതിന് വഴിയൊരുക്കിയത് കുടുംബശ്രീയ്‌ക്ക് കീഴിലുള്ള ബഡ്‌സ് സ്‌കൂളാണ്’– -ഭിന്നശേഷിക്കാരായ മക്കളുടെ കഴിവുകൾക്ക് കരുത്തേകുന്ന ബിന്ദുവിന്റെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞു.- വാഴക്കാട് അയ്യൻചോല ബിന്ദു, മക്കളായ നവ്യ, നയന, നീതു എന്നിവരുടെ സ്വപ്‌നങ്ങൾക്ക് നിറംപകരുകയാണ്. മൂന്നുപേരും വാഴക്കാട് ബഡ്‌സ് സ്‌കൂൾ വിദ്യാർഥികൾ. അതേ സ്‌കൂളിൽ തന്നെയാണ് ബിന്ദു ജോലി ചെയ്യുന്നതും. സ്‌ത്രീ സംരംഭത്തിനും വരുമാനത്തിനും വഴിയൊരുക്കുന്നതിനോടൊപ്പം നിരാശ്രയർക്കും കരുതലേകിയാണ് കുടുംബശ്രീ മുന്നേറുന്നത്.
ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിനും ഉന്നമനത്തിനുമായി കുടുംബശ്രീ മേൽനോട്ടത്തിലും സഹായത്തിലും തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ ജില്ലയിൽ 69 ബഡ്‌സ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബഡ്സ് സ്ഥാപനങ്ങളുള്ളതും ജില്ലയിലാണ്– 33 ബഡ്സ് സ്‌കൂളും 36 ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററും. ഇവിടങ്ങളിലായി 2809 വിദ്യാർഥികളുമുണ്ട്. 2006–ലാണ് ജില്ലയിൽ ആദ്യ ബഡ്സ് സ്ഥാപനം ആരംഭിക്കുന്നത്. -2016ന് ശേഷം 55 സ്ഥാപനങ്ങളും പ്രവർത്തനമാരംഭിച്ചു. പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങൾക്ക് കുടുംബശ്രീ ഗ്രാന്റ് -നൽകുന്നുണ്ട്. ഒരു സ്ഥാപനത്തിന് പരമാവധി -25 ലക്ഷം രൂപ.
2018ന് ശേഷം 47 സ്ഥാപനങ്ങൾക്കായി -41.52 കോടി രൂപയാണ് നൽകിയത്.- സ്മാർട്ട് ക്ലാസ് റൂം ഒരുക്കാൻ 18 സ്ഥാപനങ്ങൾക്ക് രണ്ട് ലക്ഷംവീതവും ആറ് ബഡ്സ് സ്കൂളുകൾക്ക് ബസ് വാങ്ങാൻ 15 ലക്ഷം -വീതവും നൽകി. ബഡ്സ് പ്രത്യേക ഉപജീവന പദ്ധതിയിൽ 45 തൊഴിൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സോപ്പ്, സോപ്പ് പൊടി, ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ, ടോയ്‌ലറ്റ് ക്ലീനർ തുടങ്ങിയ ക്ലീനിങ് ഉൽപ്പന്നങ്ങൾ, പേപ്പർ പേന, നോട്ട് പാഡ്, തുണി ചവിട്ടി, പേപ്പർ ക്യാരി ബാഗ്, ക്രാഫ്റ്റുകൾ, കുട, ചന്ദനത്തിരി എന്നിവയാണ് പ്രധാന ഉൽപ്പന്നങ്ങൾ. യൂണിറ്റുകൾക്ക് ധനസഹായമായി -76 ലക്ഷം നൽകി. സ്ഥാപനത്തിൽ കുട്ടികളുടെ കൃഷി പ്രോത്സാഹിപ്പിക്കാനായി അഗ്രിതെറാപ്പി പദ്ധതിയിൽ ഒരു സ്ഥാപനത്തിന് -5000 രൂപവീതവും നൽകുന്നുണ്ട്.
അതിദാരിദ്ര്യത്തിലും ആശ്രയം
ഊരകം പഞ്ചായത്തിൽ അതിദരിദ്ര ഗുണഭോക്താവായ അലവികുട്ടി ചക്കിപ്പാറ
കുടുംബശ്രീ ഉജ്ജീവനം സ്റ്റാർട്ട് അപ്പ് ഫണ്ടിലൂടെ ഉപജീവന മാർഗമായി ആരംഭിച്ച പെട്ടിക്കട
അതിദാരിദ്ര്യ നിർമാര്‍ജനം പദ്ധതി ഭാഗമായി കുടുംബശ്രീ ‘ഉജ്ജീവനം’ പദ്ധതിയിൽ ജില്ലയിൽ ഉപജീവനത്തിന് വഴിയൊരുങ്ങിയത് 878 അതിദരിദ്ര കുടുംബങ്ങൾക്ക്. വിവിധ ഘട്ടങ്ങളിൽ 2.38 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉപജീവന പദ്ധതികൾ നടപ്പാക്കിയത് ജില്ലയിലാണ്. വനിതകളും വയോധികരുമാണ് ഗുണഭോക്താക്കളിൽ ഏറെയും. ആദ്യഘട്ടത്തിൽ 92 കുടുംബങ്ങൾക്ക് 23.32 ലക്ഷം രൂപയുടെയും രണ്ടാംഘട്ടത്തിൽ 307 കുടുംബങ്ങൾക്ക് 1.12 കോടിയുടെയും ഉപജീവന പദ്ധതികളാണ് തയ്യാറാക്കിയത്. വിവിധ സിഡിഎസുകൾ സ്‌പോൺസർഷിപ്പിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് 30 കുടുംബങ്ങൾക്കും വരുമാനമാർഗം ഉറപ്പാക്കി.
ഗുണഭോക്താക്കളുടെ ആവശ്യാനുസരണം തയ്യൽ, -കുടനിർമാണം, ഭക്ഷ്യ വിതരണം, വളർത്തുമൃഗ പരിപാലന സംരംഭങ്ങൾ, ഓട്ടോറിക്ഷ, ഓൺലൈൻ സേവന കേന്ദ്രങ്ങൾ, ബ്യൂട്ടിപാർലർ എന്നിവയാണ് ഒരുക്കിയത്.









0 comments