സ്കൂളുകളില്‍ കിറ്റുകള്‍ വിതരണംചെയ്തു

ഇനി കുട്ടികള്‍ നിര്‍മിക്കും റോബോട്ട്

a
avatar
സ്വന്തം ലേഖകൻ

Published on Jul 25, 2025, 12:39 AM | 1 min read

മലപ്പുറം

നമുക്കൊരു റോബോട്ടിനെ നിർമിച്ചാലോ? എങ്ങനെയെന്നാണ് സംശയമെങ്കിൽ പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തിൽ ഉത്തരമുണ്ട്. ബാറ്ററിയില്ലാതെ എൽഇഡി തെളിക്കാനും ഇടവേളകളിൽ അലാറം കേൾക്കാനും കുപ്പിയിൽ സ്‌പർശിക്കാതെ സാനിറ്റൈസർ കൈയിലാക്കാനും ആളുകളെ കാണുമ്പോൾ താനെ തുറക്കുന്ന വാതിൽ നിർമിക്കാനും പഠിക്കാം. ഇങ്ങനെ ചെറിയ അറിവുകളിലൂടെ റോബോട്ടിക്സിന്റെ വിശാല ലോകത്തേക്ക് കാലെടുത്തുവയ്ക്കാം.

പാഠ്യപദ്ധതി പരിഷ്കരണത്തിനുശേഷം ഈ അധ്യയനവർഷമാണ് പത്താം ക്ലാസ് ഐടിയിൽ "റോബോട്ടുകളുടെ ലോകം' അധ്യായമുൾപ്പെടുത്തിയത്. റോബോട്ടുകളുടെ പ്രവർത്തനവും സാങ്കേതികവിദ്യയും പഠിക്കുന്നതിനൊപ്പം പ്രായോ​ഗിക പരിശീലനവും ലഭിക്കുമെന്നതാണ് പ്രത്യേകത. ഇതിനായി ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) മുഖേനെ റോബോട്ടിക് കിറ്റുകൾ വിതരണംചെയ്തു. 201 സ്കൂളുകളിലായി 3083 കിറ്റുകളാണ് സൗജന്യമായി നൽകിയത്.ആർഡിനോ ബോർഡ്, ബ്രഡ് ബോർഡ്, ഐആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വയറുകൾ എന്നിവയാണ് കിറ്റിലുള്ളത്. സർക്യൂട്ട് നിർമാണം, സെൻസറുകളുടെയും ആക്ചുവേറ്ററുകളുടെയും ഉപയോഗം, കംപ്യൂട്ടർ പ്രോഗ്രാമിങ് തുടങ്ങിയ പ്രവർത്തനങ്ങളാണ് പഠിപ്പിക്കുന്നത്. ആവശ്യമെങ്കിൽ നിശ്ചിത തുക കൊടുത്ത് കൂടുതൽ കിറ്റ് സ്കൂളുകൾക്ക് വാങ്ങാം.

പരിശീലനം ആരംഭിച്ചു

റോബോട്ടിക്സിൽ അധ്യാപകർക്കുള്ള പ്രായോ​ഗിക പരിശീലനം ആരംഭിച്ചു. ജില്ലയിലെ 1384 അധ്യാപകർക്കാണ് പ്രത്യേക ക്ലാസ് നൽകുന്നത്. ആഗസ്ത് ആദ്യവാരത്തോടെ പൂർത്തിയാകും.

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്‌ അം​ഗങ്ങൾക്ക് നേരത്തെതന്നെ റോബോട്ട് നിർമാണത്തിൽ പരിശീലനം നൽകിയിരുന്നു. ചലിക്കുന്ന റോബോട്ടുകൾ നിർമിക്കാനാകുന്ന അഡ്വാൻസ് കിറ്റുകൾ ഈ വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ലഭ്യമാക്കുമെന്ന് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചിട്ടുണ്ട്. ഈ വർഷം സ്കൂളുകളിൽ പ്രത്യേക റോബോ ഫെസ്റ്റുകൾ സംഘടിപ്പിക്കാനും കൈറ്റ് പദ്ധതിയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home