കുടുംബശ്രീ ട്രാവൽസ്
പടുത്തുയർത്തിയ തൊഴിൽവീഥികൾ

സുധ സുന്ദരൻ
Published on Oct 23, 2025, 12:37 AM | 1 min read
മലപ്പുറം
‘‘വീട് പണിക്കൊന്നും പെണ്ണുങ്ങളെക്കൊണ്ട് പറ്റൂല. കല്ല് ചുമക്കണം, സിമന്റും മണലും കൂട്ടണം, വാർക്കണം അങ്ങനെ എന്തൊക്കെ. ഇവരെക്കൊണ്ടൊന്നും കൂട്ട്യാ കൂടൂലാ...’’ ആവർത്തിച്ചുള്ള കുത്തുവാക്കുകളിൽ പിൻവാങ്ങാൻ ഈ വീട്ടമ്മമാർ തയ്യാറായില്ല. ഉറച്ച തീരുമാനത്തിൽ മുന്നേറി കരുത്തോടെ സ്വപ്‌നഭവനങ്ങൾ പൂർത്തിയാക്കി. പെരുമ്പടപ്പ് വെളിയങ്കോട് സിഡിഎസിലെ വിവിധ കുടുംബശ്രീയിലെ അംഗങ്ങളായ പള്ളിത്താഴത്ത് സുബൈദ, രാവാട്ട് ഷെരീഫ, പടിഞ്ഞാറുവീട്ടിൽ വിനീത, തുരുത്തുമേൽ റംല, തെക്കിനിത്തോൽ താജുന്നീസ എന്നിവർ ചേർന്നാണ് വീട് നിർമിച്ചത്. അഞ്ചുപേർ ചേർന്ന് തുടങ്ങിയ "നിർമിതി' കൺസ്ട്രക്ഷൻ യൂണിറ്റ് വഴിയാണ് നിർമാണം.
2018–-19ൽ വണ്ടൂരിൽ കനറാ ബാങ്ക് നേതൃത്വത്തിൽ സുബ്ബറാവു ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങൾക്ക് നിർമാണ മേഖലയിൽ പരിശീലനം നൽകിയിരുന്നു. അതിനുശേഷമാണ് അഞ്ചുപേർ ചേർന്ന് ‘നിർമിതി' നിർമാണ യൂണിറ്റ് ആരംഭിച്ചത്. 2019-–20ൽ വെളിയങ്കോട്, മാറഞ്ചേരി എന്നിവിടങ്ങളിൽ രണ്ട് വീടുകൾ നിർമിച്ചു. ലൈഫ് മിഷന് കീഴിലുള്ള വീടുകളാണ് നിർമിച്ചത്. 45 ദിവസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. നിലവിൽ എൻആർഇജി ബോർഡ്, കമ്പോസ്റ്റ് പ്ലാന്റ് എന്നീ പ്രവൃത്തിയും ചെയ്യുന്നുണ്ട്.
നിർമിതിയിലെ അംഗങ്ങൾക്ക് മാത്രമല്ല, ഓരോ കുടുംബശ്രീ സംരംഭകയ്‌ക്കും പറയാനുണ്ട് നേടിയെടുത്ത തൊഴിലിന്റെയും വരുമാനത്തിന്റെയും കരുത്ത്. കുഞ്ഞു മധുര മിഠായികൾമുതൽ വിദേശ തൊഴിലിടങ്ങൾവരെ അതിലുൾപ്പെടും. ചെറുകിട സംരംഭങ്ങൾക്കൊപ്പം കാർഷിക–വ്യാവസായിക മേഖലയിലും ഒട്ടനവധി സംരംഭങ്ങൾ തുടങ്ങി. കാർഷിക മേഖലയിൽ വലതും ചെറുതുമായ 515 സംരംഭങ്ങളാണുള്ളത്. 114 ജൈവിക പ്ലാന്റ് നഴ്സറികളും 44 ബയോ ഫാർമസികളും പ്രവർത്തിക്കുന്നു. മൃഗസംരക്ഷണ മേഖലയിൽ 25 സംരംഭങ്ങളുണ്ട്. പാൽ മൂല്യവർധന യൂണിറ്റ്–6, ഫിഷ് ഹബ്ബ്–1, എഗ്ഗ് യൂണിറ്റ് –12, ആട് വളർത്തൽ യൂണിറ്റ് –2, ബയോ ഫെർട്ടിലൈസർ (ജൈവവളം)–4. ഗ്രാമീണ സ്റ്റാർട്ടപ്പ് മേഖലയിൽ വ്യക്തിഗത–സംഘ സംരംഭങ്ങളും വർധിച്ചു. നിലമ്പൂർ ബ്ലോക്കിൽ 2355 സംരംഭങ്ങളാണുള്ളത്. പെരുമ്പടപ്പ് ബ്ലോക്കിൽ 732, പെരിന്തൽമണ്ണ–261 എന്നിങ്ങനെയാണ് കണക്കുകൾ.
നിർമിതി കൺസ്‌ട്രക്ഷൻ യൂണിറ്റിലെ അംഗങ്ങൾ നിർമാണപ്രവൃത്തിയിൽ (ഫയൽ ചിത്രം)










0 comments