ഇനി എളുപ്പത്തിൽ പുഴ കടക്കാം
തൃകൈകുത്ത് പാലം സജ്ജം


എം സനോജ്
Published on Mar 19, 2025, 12:23 AM | 1 min read
നിലമ്പൂർ
കുതിരപ്പുഴ ഇനി എളുപ്പത്തിൽ കടക്കാം. വണ്ടൂരിനെയും നിലമ്പൂരിനെയും ബന്ധിപ്പിക്കുന്ന തൃകൈകുത്ത് പാലം ഉദ്‌ഘാടനത്തിന് ഒരുങ്ങി. 23ന് പകല്‍ 3.30ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും.
നാട്ടുകാരുടെ ആവശ്യപ്രകാരം വണ്ടൂർ മുൻ എംഎൽഎ എൻ കണ്ണനായിരുന്നു പാലത്തിനായി ആദ്യം പ്രയത്നിച്ചത്. 2016ൽ എൽഡിഎഫ് സർക്കാർ ഭരണത്തിലെത്തിയശേഷം 2019–-- 20 ബജറ്റിൽ 10.90 കോടി രൂപയാണ് പാലത്തിനായി അനുവദിച്ചത്. 2021ലാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. 26 മീറ്ററുകളുള്ള അഞ്ച് സ്പാനകളോടുകൂടി 129.74 മീറ്റർ നീളത്തിലാണ് പാലം പ്രവൃത്തി പൂർത്തീകരിച്ചത്. 7.5 മീറ്റർ വീതിയിൽ ടാറിങ്ങും ഇരുവശങ്ങളിലും 1.5 മീറ്റർ നടപ്പാതയുമുണ്ട്. പൊതുമരാമത്ത് പാലക്കാട് പാലം ഡിവിഷനായിരുന്നു നിർമാണ ചുമതല.
മമ്പാട് പഞ്ചായത്തിലെ വള്ളിക്കെട്ട്, തൃക്കൈകുത്ത്, വണ്ടൂർ പഞ്ചായത്തിലെ കാപ്പിൽ, കാഞ്ഞിരംപാടം പ്രദേശങ്ങളിലുള്ളവർ നിലമ്പൂർ എത്താൻ പുളിക്കലോടിവഴി 10 കി.മീ ചുറ്റിയാണ് സഞ്ചരിച്ചിരുന്നത്. പാലം വരുന്നതോടെ ദൂരം രണ്ടര കിലോമീറ്ററായി ചുരുങ്ങും.
കാഞ്ഞിരപാടം, കാരാട്, തൃകൈകുത്ത് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് നിരവധി കുട്ടികളാണ് കുതിരപ്പുഴ കടന്ന് നിലമ്പൂരുള്ള മാനവേദൻ സ്‌കൂളിലേക്കും ചക്കാലക്കുത്ത് എൻഎസ്എസ്എസിലേക്കും പഠിക്കാൻ വന്നിരുന്നത്. മഴക്കാലത്ത് വെള്ളംകൂടിയാൽ സ്കൂളിലേക്ക് പോകാൻ കഴിയില്ല. അല്ലെങ്കിൽ കിലോമീറ്ററുകൾ ചുറ്റിവേണം സ്‌കൂളിലെത്താൻ. തീർത്തും ദുരിതമായിരുന്നു വിദ്യാർഥികളുടെ അവസ്ഥ. രോഗികൾക്ക് ഏക ആശ്രയം നിലമ്പൂർ താലൂക്ക് ആശുപത്രിയായിരുന്നു (ഇന്നത്തെ ജില്ലാ ആശുപത്രി). ആശുപത്രിയിലെത്താനും പുഴകടക്കണം. ചെറിയ തോണിയിൽ രോഗിയെ കൊണ്ടുപോകാൻ വലിയ പ്രയാസമായിരുന്നു. ഗർഭിണികൾ അടക്കമുള്ളവരെ പുഴകടത്തി ആശുപത്രിയിലെത്തിച്ചതും പഴയകാല ഓർമകളാണ്.
പള്ളിയാളി വിദ്യാധരൻ
(പാലമെന്ന ആവശ്യത്തിനായി മുൻനിരയിലുണ്ടായിരുന്ന വ്യക്തി)









0 comments