Deshabhimani

ഡ്രോണും കുങ്കിയാനകളും സജ്ജം

കടുവയെ പിടിക്കാൻ 
കൂടുകൾ സ്ഥാപിച്ചു

റാവുത്തൻകാട്ടിൽ വനപാലകർ കൂട് സ്ഥാപിക്കുന്നു

റാവുത്തൻകാട്ടിൽ വനപാലകർ കൂട് സ്ഥാപിക്കുന്നു

വെബ് ഡെസ്ക്

Published on May 17, 2025, 01:15 PM | 1 min read

കാളികാവ്

റബർ ടാപ്പിങ്‌ തൊഴിലാളിയായ ഗഫൂറലിയെ കടിച്ചുകൊന്ന നരഭോജി കടുവയെ പിടികൂടാൻ കൂടുതൽ നടപടികളുമായി വനംവകുപ്പ്‌. അടക്കാക്കുണ്ട്‌ റാവുത്തൻകാട്ടിൽ ആക്രമണം നടന്നിടത്തുനിന്ന് വനത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ വെള്ളിയാഴ്‌ച തിരച്ചിൽ നടത്തി. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്‌ ദ്രുതകർമ സേന പരിശോധന നടത്തിയത്‌. 60ഓളം പേരാണ്‌ പരിശോധനക്കുള്ളത്‌. ഗഫൂറലിയുടെ മൃതദേഹം ലഭിച്ച പ്രദേശത്ത്‌ രണ്ട്‌ കൂടുകൾ സ്ഥാപിച്ചു. മൃതദേഹം കിടന്നിടത്തും ആക്രമണം നടന്നിടത്തുംമാത്രം ഒമ്പത്‌ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്‌. കാടിനുള്ളിൽ 50 കാമറകൾ ഇതിനകം സ്ഥാപിച്ചു. പ്രദേശത്ത്‌ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതായാണ്‌ വിവരം.

പരിശോധനക്ക്‌ ഡ്രോണുകളും കുങ്കിയാനകളും സജ്ജമാണ്‌. മുത്തങ്ങയിൽനിന്ന്‌ കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ ആനകളെയാണ്‌ എത്തിച്ചത്‌. കടുവയുള്ള സ്ഥലം സ്ഥിരീകരിച്ചാൽ കുങ്കികളുടെ സേവനം ഉപയോഗപ്പെടുത്തും.

സിസിഎഫ് ഉമാ കമൽഹാറിന്റെയും വനംവകുപ്പ്‌ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെയും ഡിഎഫ്ഒ ജി ധനിക്‌ലാലിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ. കടുവ കൂട്ടിലായില്ലെങ്കിൽ കുങ്കിയാനയെ ഉപയോഗപ്പെടുത്തി മയക്കുവെടിവയ്‌ക്കാനാണ് തീരുമാനം.

ചോക്കാട് കല്ലാമൂല കളപ്പറമ്പിൽ ഗഫൂറലിയെ (41)യാണ് വ്യാഴം രാവിലെ ഏഴോടെ റാവുത്തൻകാട് റബർ എസ്റ്റേറ്റിൽ കടുവ കൊലപ്പെടുത്തിയത്‌. സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് ഗഫൂറലിയുടെ പിൻവശത്തുകൂടി എത്തിയ കടുവ ആക്രമിക്കുകയായിരുന്നു. കൂടെ ജോലിചെയ്‌ത സുഹൃത്ത്‌ കരുവൻതുരുത്തി സമദ്‌ അത്ഭുകരമായാണ്‌ രക്ഷപ്പെട്ടത്‌.



വന്യജീവി ആക്രമണം: ആശ്രിതര്‍ക്കായി ആശ്വാസ നടപടികള്‍ കൈക്കൊള്ളണം– എല്‍ഡിഎഫ്

വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കായി ആശ്വാസ നടപടികൾ കൈക്കൊള്ളണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 21ന് മുഖ്യമന്ത്രി പങ്കെടുത്ത് മലപ്പുറത്ത് നടക്കുന്ന റാലി വിജയിപ്പിക്കാനും തീരുമാനമായി.

സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം ഇ എൻ മോഹൻദാസ് അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ പി കെ കൃഷ്‌ണദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ, എൽഡിഎഫ് നേതാക്കളായ കെ പി രാമനാഥൻ, കെ വി ബാലസുബ്രഹ്മണ്യൻ, എം ജനാർദനൻ, കെ എം ജോസ്, പാറാട്ടി കുഞ്ഞാൻ, വിറ്റാജ്, നാസർ പുൽപ്പറ്റ, മുജീബ് ഹസൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home