മോട്ടോർ വാഹന വകുപ്പ്‌

കമീഷൻ കൈപ്പറ്റാൻ ബിനാമി ഗൂഗിൾ പേ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സി പ്രജോഷ്‌ കുമാർ

Published on Jul 22, 2025, 12:15 AM | 1 min read

മലപ്പുറം

മോട്ടോർ വാഹന വകുപ്പിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക്‌ കമീഷൻ കൈമാറുന്നത്‌ ബിനാമി ഗൂഗിൾ പേ നമ്പർ വഴി. പണം കൈപ്പറ്റുമ്പോൾ പിടിക്കപ്പെടുന്നത്‌ ഒഴിവാക്കാനാണ്‌ പുതുരീതി. പിടിക്കപ്പെട്ടാൽ കേസിൽനിന്ന്‌ രക്ഷപ്പെടാനും പഴുതുണ്ട്‌. ഞായറാഴ്‌ച സംസ്ഥാനത്തെ റീജണൽ ആർടി ഓഫീസുകളിലും സബ്‌ റീജണൽ ഓഫീസുകളിലും വിജിലൻസ്‌ നടത്തിയ ഓപറേഷൻ ‘ക്ലീൻ വീൽസ്‌’ പരിശോധനയിലാണ്‌ തട്ടിപ്പ്‌ പുറത്തായത്‌.

നിലമ്പൂർ സബ്‌ റീജണൽ ഓഫീസിൽ പിടിയിലായ ഏജന്റ്‌ വിവിധ ഉദ്യോഗസ്ഥർക്ക്‌ 46,000 രൂപ അയച്ചതിന്റെ സ്‌ക്രീൻ ഷോട്ട്‌ വിജിലൻസ്‌ കണ്ടെത്തി. എംവിഐ, അസി. എംവിവെ, റീജണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസറുടെ ഡ്രൈവർ എന്നിവരുടെ മൊബൈൽ ഫോണിലേക്കാണ്‌ സ്‌ക്രീൻഷോട്ട്‌ അയച്ചത്‌. ബിനാമി പേരിലുള്ള ഗൂഗിൾ പേ നമ്പറിലേക്ക്‌ പണമയച്ച്‌ സ്‌ക്രീൻഷോട്ട്‌ ഉദ്യോഗസ്ഥർക്ക്‌ കൈമാറുകയാണ്‌ രീതി. ഇത്‌ ഉദ്യോഗസ്ഥർ പിന്നീട്‌ വീതംവച്ചെടുക്കും.

സൈബർ പരിശോധനയിൽമാത്രമേ അക്കൗണ്ട്‌ ആരുടെതാണെന്ന്‌ കണ്ടെത്താനാവൂ. ഏജന്റിന്റെ കൈയിൽനിന്ന്‌ 4500 രൂപയും പടിച്ചെടുത്തു. ഓഫീസ്‌ പരിസരത്തുനിന്ന്‌ 43,900 രൂപയും വിജിലൻസ്‌ സംഘത്തിന്‌ ലഭിച്ചു. വിജിലൻസ്‌ സിഐ പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ സംഘം എത്തിയപ്പോൾ ഓഫീസിന്റെ ജനലിലൂടെ പണം പുറത്തേക്ക്‌ എറിയുകയായിരുന്നു. ഓഫീസ്‌ കെട്ടിടത്തിനുതാഴെ പരിശോധന നടക്കുമ്പോഴാണ്‌ പണം വന്നുവീണത്‌.

പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ്‌ കണ്ടെത്തിയത്‌. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ വിജിലൻസ്‌ മേധാവിക്ക്‌ റിപ്പോർട്ട്‌ കൈമാറുമെന്ന്‌ സിഐ അറിയിച്ചു. ഏജന്റിന്റെ ഫോൺ കസ്‌റ്റഡിയിലെടുത്ത്‌ പരിശോധിച്ചാൽ തട്ടിപ്പിന്റെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ആർടി ഓഫീസിൽ രണ്ട്‌ ഏജന്റുമാരിൽനിന്ന്‌ 7120 രൂപ പിടികൂടി. തിരൂരിൽ ഡ്രൈവിങ് ടെസ്‌റ്റ്‌ ഗ്രൗണ്ടിൽ സ്ഥാപിച്ച കാമറ പ്രവർത്തനക്ഷമമല്ലെന്ന്‌ കണ്ടെത്തി. ഉദ്യോഗസ്ഥർ കൈവശമുള്ള പണം രജിസ്‌റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല. രജിസ്‌റ്ററിൽ ഒപ്പിട്ട നാല്‌ ഉദ്യോഗസ്ഥർ ജോലിക്കുണ്ടായിരുന്നില്ല.

തിരൂരിൽ ഇന്‍സ്പെക്ടര്‍ കെ റഫീഖ്‌, പെരിന്തൽമണ്ണയിൽ ഇന്‍സ്പെക്ടര്‍ റിയാസ്‌ ചാക്കീരി, മലപ്പുറത്ത്‌ ഡിവൈഎസ്‌പി എം ഗംഗാധരൻ എന്നിവർ പരിശോധനക്ക്‌ നേതൃത്വം നൽകി. തിരൂരങ്ങാടിയിൽ കോഴിക്കോട്‌ വിജിലൻസ്‌ സംഘമാണ്‌ പരിശോധന നടത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home