അഴിമതി കേസ് പരിഹാരത്തിന് വേഗമേറും
പുതിയ വിജിലൻസ് കോടതി തുടങ്ങി

മഞ്ചേരി
ജില്ലയിലെ അഴിമതിസംബന്ധമായ കേസുകളിൽ അതിവേഗം തീർപ്പുണ്ടാകും. മഞ്ചേരി ജില്ലാ കോടതിസമുച്ചയത്തിൽ ഒന്നാം അഡീഷണൽ സെഷൻസ് കോടതി പ്രവർത്തിച്ച കെട്ടിടത്തിൽ വിജിലൻസ് കോടതി പ്രവർത്തനം ആരംഭിച്ചു.
കോഴിക്കോട് വിജിലൻസ് കോടതിയുടെ ക്യാമ്പ് സിറ്റിങ് കേന്ദ്രമായാണ് കോടതി പ്രവർത്തിക്കുക. മാസത്തിൽ നാല് തവണ സിറ്റിങ് ഉണ്ടാകും. ഇതോടെ സർക്കാർ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും ഉൾപ്പെട്ട അഴിമതി കേസുകളുടെ വിചാരണ പൂർണമായും ജില്ലയിൽതന്നെ നടത്താനാകും. ഇതുവരെ ജില്ലയിൽനിന്നുള്ള വിജിലൻസ് കേസുകൾ പരിഗണിച്ചിരുന്നത് കോഴിക്കോട് വിജിലൻസ് കോടതിയിലായിരുന്നു. ഇത് കേസുകളുടെ നടത്തിപ്പിൽ കാലതാമസത്തിന് കാരണമായിരുന്നു. വിജിലൻസ് പിടികൂടുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത് മുതൽ, അവരുടെ റിമാൻഡ്, ജാമ്യാപേക്ഷ, കേസ് വിസ്താരം, വിധി പ്രസ്താവിക്കൽ എന്നിവയെല്ലാം ഈ കോടതിയുടെ അധികാര പരിധിയിൽ വരും.
കേസുമായി ബന്ധപ്പെട്ട സാക്ഷികൾക്കും പരാതിക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും വിചാരണയ്ക്കായി മറ്റു ജില്ലകളിലേക്ക് യാത്രചെയ്യേണ്ടിയിരുന്നു. ഇത് പരാതി നൽകുന്നതിൽ പൊതുജനത്തെ പിറകോട്ടടിപ്പിച്ചു. പുതിയ കോടതി വരുന്നതോടെ കേസുകൾക്ക് വേഗത്തിൽ തീർപ്പുണ്ടാകും.
പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ സനിൽകുമാർ, വിജിലൻസ് കോടതി ജഡ്ജി ഷിബു തോമസ്, ജില്ലാ പ്രോസിക്യൂട്ടർ ടോം കെ തോമസ്, ബാർ കൗൺസിൽ പ്രസിഡന്റ് എം ഉമ്മർ, സെക്രട്ടറി കെ എം സുരേഷ്, അംഗം പി സി മൊയ്ദീൻ എന്നിവർ ആദ്യ സിറ്റിങ്ങിൽ പങ്കെടുത്തു.









0 comments