സ്‌മാർട്ടായി ‘കെ സ്മാർട്ട്‌ ’

a
avatar
സുധ സുന്ദരൻ

Published on Mar 19, 2025, 12:26 AM | 1 min read

മലപ്പുറം

സാധാരണക്കാരന്‌ അതിവേഗ–- സുതാര്യ സേവനം ഉറപ്പാക്കാൻ തദ്ദേശവകുപ്പ്‌ നടപ്പാക്കിയ ഓൺലൈൻ പദ്ധതി ‘കെ സ്മാർട്ട്‌ ’ ത്രിതല സംവിധാനത്തിലേക്ക്‌. ഏപ്രിൽ ഒന്നുമുതൽ പഞ്ചായത്തിലെയും ബ്ലോക്കിലെയും സേവനങ്ങളും കെ സ്മാർട്ടിൽ ലഭ്യമാകും. 2024ൽ നഗരസഭകളിൽ കെ സ്മാർട്ട്‌ നടപ്പാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ജില്ലയിലെ 12 നഗരസഭകളിൽ കെ സ്‌മാർട്ട്‌ നടപ്പാക്കിയിട്ടുണ്ട്‌. രണ്ടാംഘട്ടത്തിൽ 94 പഞ്ചായത്തുകളും 15 ബ്ലോക്കുകളും കെ സ്‌മാർട്ടിലേക്ക്‌ മാറും. ആദ്യഘട്ടത്തിൽ സിവിൽ രജിസ്‌ട്രേഷൻ (ജനന–-മരണ, വിവാഹ രജിസ്‌ട്രേഷൻ), ബിസിനസ്‌ ഫെസിലിറ്റേഷൻ (വ്യാപാര–-വ്യവസായ ലൈസൻസുകൾ), വസ്‌തു നികുതി, ബിൽഡിങ് പെർമിഷൻ, എൻഒസികൾ, പൊതുജന പരാതി–-പരിഹാരം തുടങ്ങിയ സേവനങ്ങളാണ്‌ കെ സ്‌മാർട്ടിൽ ലഭ്യമാവുക. പ്രവാസികൾക്കും വിവിധ സേവനങ്ങൾ നേരിട്ടെത്താതെ കെ സ്‌മാർട്ടിലൂടെ ലഭ്യമാക്കാനാവും. തദ്ദേശസ്ഥാപനങ്ങളിൽ കെ സ്‌മാർട്ട്‌ പദ്ധതിയാകുന്നതിന്റെ ഭാഗമായി ജില്ലയിലെ ബന്ധപ്പെട്ട ജീവനക്കാർക്കുള്ള പരിശീലനം പൂർത്തിയാക്കി.

ഒരിടം ഒട്ടനവധി സേവനങ്ങൾ

സാംഖ്യ, സങ്കേതം (ബിൽഡിങ് പെർമിറ്റ്‌), സേവന, സഞ്ചയ (നികുതി/ലൈസൻസ്‌), സ്ഥാപന തുടങ്ങിയ വിവിധ ഓൺലൈൻ സൈറ്റുകളിലൂടെയാണ്‌ തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള സേവനങ്ങൾ ലഭ്യമായിരുന്നത്‌. കെ സ്മാർട്ട്‌ യാഥാർഥ്യമാവുന്നതോടെ ഈ സേവനങ്ങളെല്ലാം ഒരൊറ്റ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമാവും. പൊതുജനങ്ങൾക്ക്‌ സിറ്റിസൺ ലോഗിനിലൂടെ ആവശ്യമായ സേവനങ്ങൾ പ്രയോജനപ്പെടുത്താം.

അൽപ്പം ഇടവേള

വിവിധ സോഫ്‌റ്റ്‌വെയറുകൾ ഒരു ഓൺലൈൻ ഫ്ലാറ്റ്‌ഫോമിലേക്ക്‌ മാറ്റുന്നതിന്റെ ഭാഗമായി മാർച്ച് 31മുതൽ ഏപ്രിൽ അഞ്ചുവരെ സേവനങ്ങൾക്കായി ജനങ്ങൾക്ക് അപേക്ഷകൾ നൽകാൻ കഴിയുന്നതല്ല. ഏപ്രിൽ ഒന്നുമുതൽ ഒമ്പതുവരെ ഉദ്യോഗസ്ഥതലത്തിലും സോഫ്റ്റ് വെയറുകൾ പ്രവർത്തിക്കുന്നതല്ല.

കൂടെയുണ്ട്‌ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ

കെ- സ്മാർട്ടിലൂടെ പൊതുജനങ്ങൾക്ക്‌ സേവനങ്ങൾ സ്വന്തം ലോഗിൻ മുഖേന ലഭ്യമാവുന്നയോടെ തദ്ദേശസ്ഥാപനങ്ങളിൽ ഫ്രണ്ട് ഓഫീസിന് പ്രാധാന്യമുണ്ടാവില്ല. എന്നാൽ, സാങ്കേതികവിദ്യ അറിയാത്തവരെ സഹായിക്കാൻ പഞ്ചായത്ത് ഓഫീസുകളിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കും. സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകളിൽ ലോഗിൻ ക്രിയേറ്റ് ചെയ്യാനും അപേക്ഷകൾ നൽകാനും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും സൗകര്യമൊരുക്കും.

നിലവിൽ ലഭ്യമാവുന്ന സേവനങ്ങൾ

ജനന രജിസ്‌ട്രഷൻ, വിവാഹ രജിസ്‌ട്രേഷൻ, മരണ രജിസ്‌ട്രഷൻ, കെട്ടിടനിർമാണ അനുമതി, കെട്ടിട നികുതി, ട്രേഡ്‌ ലൈസൻസ്‌, പൊതുജന പരാതി–-പരിഹാരം.



deshabhimani section

Related News

View More
0 comments
Sort by

Home