മൂരാട് പാലം; അനുബന്ധ റോഡിൽ വിള്ളൽ

മൂരാട് പാലം അനുബന്ധ റോഡിലെ വിള്ളലുള്ള ഭാഗത്ത് ഡിവൈഡർ വച്ചനിലയിൽ
പയ്യോളി
ദേശീയപാത നിർമാണ പ്രവൃത്തിയുടെ ഭാഗമായി പുതുതായി നിർമിച്ച മൂരാട് പാലത്തിന്റെ അനുബന്ധ റോഡിൽ വിള്ളൽ. തിങ്കളാഴ്ച രാത്രി പത്തോടെയാണ് വിള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏതാണ്ട് പത്ത് മീറ്ററോളം നീളത്തിലാണ് വിള്ളൽ കാണുന്നത്. മഴ കൂടുതൽ ശക്തമാകുന്നതോടെ വിള്ളലിന്റെ വലിപ്പം കൂടിവരുമെന്ന ആശങ്കയുമുണ്ട്. വടകര ഭാഗത്തേക്ക് പോകുമ്പോൾ ഇടതുവശത്ത് പാലത്തിൽ പ്രവേശിക്കുന്നിടത്താണ് വിള്ളലുള്ളത്.
വിള്ളലുള്ള ഭാഗത്തെ പടിഞ്ഞാറ് വശത്തുള്ള അനുബന്ധ റോഡിന്റെ സുരക്ഷാഭിത്തി മൂന്ന് ഇഞ്ചിൽ കൂടുതൽ പുറത്തേക്ക് തള്ളിനിൽക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് റോഡിൽ കാണുന്ന വിള്ളൽ. ഹരിയാനയിലെ ഇ ഫൈവ് ഇൻഫ്രാസ്ട്രെക്ച്ചർ എന്ന കരാർ കമ്പനിയാണ് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും പ്രവൃത്തി നടത്തിയിരിക്കുന്നത്. റോഡിന്റെ നിർമാണഘട്ടത്തിൽ ഗുണം കുറഞ്ഞ ‘ചെകിടി' മണ്ണ് ഉപയോഗിക്കുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധമുയർത്തിയിരുന്നെങ്കിലും ഇത് ചെവിക്കൊള്ളാൻ ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ തയ്യാറായില്ലെന്ന് പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായ കെ കെ ഗണേശൻ പറഞ്ഞു. നിർമാണ പ്രവൃത്തിയിലെ ഗുരുതരമായ വീഴ്ചയാണ് ഇപ്പോൾ അനുബന്ധ റോഡിന് സംഭവിച്ചിട്ടുള്ള വിള്ളലെന്നും അദ്ദേഹം പറഞ്ഞു. മൂരാട് ഓയിൽ മില്ലിന് സമീപത്തെ അടിപ്പാതയുടെ അനുബന്ധ റോഡിന്റെ കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും ഇതുപോലെ നീളത്തിൽ വിള്ളലുണ്ട്. ഈ പ്രവൃത്തി നടത്തുന്നത് വഗാഡ് എന്ന കരാർ കമ്പനിയാണ്. ഈ കമ്പനിയുടെ അശാസ്ത്രീയമായ നിർമാണ പ്രവൃത്തി കാരണം ദേശീയപാത വഴി സഞ്ചരിക്കാൻ പറ്റാതായിട്ടുണ്ട്. മൂരാട് അനുബന്ധ റോഡിന്റെ വിള്ളൽ പ്രശ്നത്തിൽ ബന്ധപ്പെട്ട അധികാരികളുടെ ഇടപെടൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments