ഭൂവില നിശ്ചയിച്ചതിലെ അപാകം
പുളിക്കൽ സ്റ്റേഡിയം നിർമാണം ത്രിശങ്കുവിൽ

കൊണ്ടോട്ടി
കൊണ്ടോട്ടി താലൂക്ക് ഓഫീസിന്റെ വിചിത്ര നിലപാടുമൂലം പുളിക്കൽ പഞ്ചായത്തിന്റെ സ്റ്റേഡിയമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാനാകുന്നില്ല. സ്റ്റേഡിയം നിർമിക്കാനുള്ള ഭൂമിക്ക്, സെന്റിന് 6800 രൂപ താലൂക്ക് വില നിശ്ചയിച്ചതാണ് അനിശ്ചിതത്വത്തിലാക്കിയത്. പുളിക്കൽ പഞ്ചായത്തിലെ മാക്കാലിൽ 1.47 ഏക്കറാണ് സ്റ്റേഡിയം നിർമാണത്തിനായി കണ്ടെത്തിയത്. ഇൗ ഭൂമിക്ക് സെന്റിന് ഒരുലക്ഷം രൂപയ്‌ക്കുമുകളിലാണ് ഉടമ ആവശ്യപ്പെടുന്നത്. ഇൗ ഭൂമിക്കാണ് സെന്റിന് താലൂക്ക് ഓ-ഫീസ് 6800 രൂപ വിലയിട്ടത്. ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കാൻ പഞ്ചായത്ത് ഭരണസമിതി 1.20 കോടി രൂപയുടെ സ്ഥലം വാങ്ങാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്.
‘ഒരു പഞ്ചായത്തിന് ഒരു കളിസ്ഥലം’ എന്നത് സംസ്ഥാന സർക്കാരിന്റെ പദ്ധതികൂടിയായിരുന്നു. പഞ്ചായത്ത് വികസന സെമിനാർ, പഞ്ചായത്തിലെ ക്ലബ്ബുകളുടെ ആവശ്യം, ഗ്രാമസഭകളുടെ തീരുമാനം എന്നിവയുടെ ഫലമായാണ് സ്റ്റേഡിയം പദ്ധതി തയ്യാറാക്കിയത്. പഞ്ചായത്തിന്റെ സാമ്പത്തിക സുസ്ഥിരതക്ക് ഉൾപ്പെടെ പ്രയോജനപ്പെടുമെന്ന് മുൻകൂട്ടിക്കണ്ടാണ് എൽഡിഎഫ് ഭരണസമിതി പദ്ധതിയുമായി മുന്നോട്ട് പോയത്.
കഴിഞ്ഞവർഷം സ്പോർട്‌സ് കൗൺസിൽ സ്ഥലം സന്ദർശിച്ച് അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. തുടർന്ന്, വില നിശ്ചയിക്കാൻ പഞ്ചായത്ത് തഹസിൽദാർക്ക് അപേക്ഷ നൽകി. താലൂക്ക് ഓഫീസിന്റെ ആവശ്യപ്രകാരം അടുത്ത ദിവസങ്ങളിൽ രജിസ്റ്റർചെയ്ത ആധാരങ്ങളുടെ പകർപ്പും നൽകി. ഈ ആധാരങ്ങളുടെ ശരാശരി വില നിശ്ചയിക്കാനാണ് ഈ നടപടിക്രമം പൂർത്തിയാക്കിയത്. സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ പരിശോധനയും പൂർത്തിയാക്കി. എന്നാൽ, വിചിത്രമായ ഉത്തരവാണ് കഴിഞ്ഞദിവസം താലൂക്ക് ഓഫീസിൽനിന്ന് പുറത്തുവന്നത്.
പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ ഫെയർ വാല്യൂ നിശ്ചയിക്കുന്നത് അപ്രായോഗികമാണ് എന്നതിനാലാണ് മറ്റ് നടപടിക്രമങ്ങൾക്ക് ഉത്തരവുള്ളത്. ദേശീയപാതയ്‌ക്കും വിമാനത്താവളംപോലുള്ള പദ്ധതികൾക്കും സ്ഥലം ഏറ്റെടുക്കുമ്പോൾ ഉദാരമായ സമീപനമാണ് സർക്കാർ സ്വീകരിക്കാറുള്ളത്. എന്നാൽ, താലൂക്ക് ഓഫീസിന്റെ ഭാഗത്തുനിന്ന് നിഷേധാത്മകമായ സമീപനമാണുണ്ടായത്. ഇതിനെതിരെ യുവജനങ്ങളിൽനിന്നും നാട്ടുകാരിൽനിന്നും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.









0 comments