മനയുടെ മടിത്തട്ടിൽ തുടങ്ങിയ പുരോഗമനഗാഥ

a

ഏലംകുളം മന

avatar
സി പ്രജോഷ്‌കുമാർ

Published on Sep 19, 2025, 03:47 AM | 2 min read

മലപ്പുറം

ഏലംകുളം മന വെറുമൊരു നിർമിതിയല്ല. കേരള ചരിത്രത്തിന്റെ രാഷ്‌ട്രീയ ഗതിവിഗതികൾ മാറ്റിമറിച്ച ഇ എം എസ്‌ എന്ന ചരിത്ര പുരുഷന്‌ ജന്മംപകർന്ന മണ്ണാണത്‌. യാഥാസ്ഥിതികത്വം മതിലുകൾതീർത്ത ഇ‍ൗ ലോകത്തുനിന്നാണ്‌ ആ കുറിയ മനുഷ്യൻ ലോകമറിയുന്ന കമ്യൂണിസ്‌റ്റ്‌ ആചാര്യനായി മാറിയത്‌. കാലത്തോടും വ്യവസ്ഥകളോടും സ്വയംകലഹിക്കുക മാത്രമല്ല, താൻ ജീവിച്ച കാലത്തെ സാമൂഹ്യ മുന്നേറ്റത്തിലേക്ക്‌ നയിക്കാനും ആ ധിഷണശാലിക്കായി. ഇന്ന്‌ കുന്തിപ്പുഴയുടെ ഓരങ്ങളിൽ കാലംസാക്ഷിയായി ഏലംകുളം മനയുണ്ട്‌. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായി അത്‌ മായാതെ നിൽക്കുന്നു.

പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഏലംകുളം ഗ്രാമമായി. പിന്നെയും ചെന്നാൽ കുന്തിപ്പുഴയുടെ കരയിലെത്തും. അവിടെ വിശാലമായ തൊടിയിൽ നിറഞ്ഞുനിൽക്കുന്ന പച്ചപ്പിനിടയിൽ നാലുകെട്ടും നടുമുറ്റവും കൂറ്റൻ പത്തായപ്പുരകളും ഊട്ടുപുരകളുമായി തലയുയർത്തി നിൽക്കുകയാണ് ഏലംകുളം മന. വിശ്വാസങ്ങളുടെ നിഴലുകൾ വീണുകിടന്നിരുന്ന ഈ നാലുകെട്ടിലാണ് 1909 ജൂൺ 13-ന് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും വിഷ്ണുദത്തയുടെയും മകനായി ഇ എം എസിന്റെ ജനനം. എണ്ണമറ്റ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഇരുൾമൂടിയ മതിൽക്കെട്ടിനുള്ളിലെ ജീവിതത്തിൽനിന്നാണ് ആ മനുഷ്യൻ പുതിയ പ്രഭാതത്തിന്റെ സ്വപ്നവും നെഞ്ചേറ്റി കുന്തിപ്പുഴയുടെ മടിത്തട്ടിൽനിന്ന് നടന്നകന്നത്. ആ നടത്തം കേവലമായ വ്യക്തി സഞ്ചാരമായിരുന്നില്ല, കേരളത്തിന്റെ സാമൂഹിക രാഷ്‌ട്രീയ ജാതകം മാറ്റിയെഴുതിയ നവോത്ഥാന, പുരോഗമന ഗാഥയായിരുന്നു. അത്‌ കാലം അടയാളപ്പെടുത്തി.

കുതിരവണ്ടിയിൽ സഹോദരൻമാരോടൊപ്പം സ്‌കൂളിലേക്ക് പോയിരുന്ന ഏലംകുളത്തെ ‘നാലാം തമ്പുരാൻ' അവർക്ക് അതിശയക്കാഴ്ചയായിരുന്നു. വിദ്യാലയം വിട്ടിറങ്ങി ദേശീയ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം നടന്നുകയറിയതും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ നെടുനായകനായതും അത്ഭുതത്തോടും ആദരവോടെയുമാണ് അവർ കണ്ടത്. പിന്നീട്, ചരിത്രംകുറിച്ച ജനവിധിയിലൂടെ ഇ എം എസ് ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായപ്പോൾ അവർ ആഹ്ലാദിച്ചു.

സമ്പൽ സമൃദ്ധിയിലാണ് പിറന്നുവീണതെങ്കിലും യാഥാസ്ഥിതികത്വത്തിന്റെ ബന്ധനത്തിലായിരുന്നു ഇ എം എസിന്റെ ബാല്യം. സ്‌കൂളുകളിൽ അന്യജാതിക്കാർക്കൊപ്പം പഠിക്കുന്നത് തീണ്ടലായിക്കണ്ട കാലം. അങ്ങാടിപ്പുറം ബോർഡ് സ്കൂളിൽ (പെരിന്തൽമണ്ണ ഹൈസ്‌കൂൾ) പതിനാറാം വയസ്സിൽ ശങ്കരൻ നമ്പൂതിരിപ്പാട് മൂന്നാം ഫോറത്തിൽ ചേർന്നു. ഇതോടെ പുറംലോകത്തിന്റെ ചലനങ്ങൾ ആ കൗമാര മനസ്സിൽ അനുരണനങ്ങളുണ്ടാക്കി. ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ഫിഫ്ത്ത്‌ ഫോറത്തിൽ പഠിക്കുമ്പോൾ 18–ാം വയസ്സിൽ എഐസിസി സമ്മേളന പ്രതിനിധിയായി. ദേശീയ പ്രസ്ഥാനത്തിന്റെയും യോഗക്ഷേമ സഭയുടെയും സജീവ പ്രവർത്തകനായി വളർന്നു. അപ്പോഴേക്കും ഏലംകുളവുമായുള്ള നിത്യബന്ധവും അവസാനിച്ചിരുന്നു. വരവും പോക്കും വല്ലപ്പോഴും മാത്രമായി.



deshabhimani section

Related News

View More
0 comments
Sort by

Home