വി എസ് നിർദേശിച്ചു പുന്നപ്ര സമരഭൂമി പാർടിക്ക് സ്വന്തമായി

പുന്നപ്ര സമരഭൂമി
അഞ്ജുനാഥ്
Published on Jul 23, 2025, 12:22 AM | 1 min read
ആലപ്പുഴ
‘‘ഈ സ്ഥലം നിങ്ങൾ വാങ്ങണം. അല്ലെങ്കിൽ അടുത്ത തവണ ഞാൻ ഇവിടെ അനുസ്മരണപരിപാടിയിൽ പങ്കെടുക്കില്ല’. പുന്നപ്ര സമരഭൂമിയായ 19.5 സെന്റ് സ്ഥലം വാങ്ങണമെന്ന് തനിക്ക് കർശനനിർദേശം നൽകിയ വി എസിനെ ഓർമിക്കുകയാണ് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ. 2018ൽ പുന്നപ്ര–-വയലാർ വാരാചരണത്തിന് എത്തിയപ്പോഴാണ് വി എസ് പുന്നപ്ര സമരഭൂമി വാങ്ങണമെന്ന് ആവശ്യപ്പെട്ടത്. ഇത് പാർടിക്ക് തള്ളിക്കയളയാനാവുമായിരുന്നില്ല. സർ സിപിയുടെ കിരാതഭരണത്തിനെതിരെ രണധീരർ പൊരുതിവീണ പ്രദേശത്തോട് ആ മണ്ണിന്റെ മകനും സമരനായകനുമായ വി എസിന് അത്രത്തോളം അടുപ്പമായിരുന്നു. പാർടി ഉടൻതന്നെ സ്ഥലം വാങ്ങി. ഇവിടെ നേരത്തേയുണ്ടായിരുന്ന 10 സെന്റും കൂടി ചേർത്ത് ഇപ്പോൾ 29.5 സെന്റ് സ്ഥലമുണ്ട്. 2019 ൽ പുന്നപ്ര–-വയലാർ സമരത്തിന്റെ 73–ാം വാർഷികത്തിന് ഇവിടേയ്‌ക്ക് വി എസ് എത്തി. രാവിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പചക്രം അർപ്പിച്ച വി എസ് വൈകിട്ട് പറവൂർ രക്‌തസാക്ഷി നഗറിൽ അനുസ്‌മരണ സമ്മേളനവും ഉദ്‌ഘാടനംചെയ്‌തു. അന്ന് അണികൾക്ക് ആവേശം പകർന്നുമടങ്ങിയ സമരനായകന് ഒരിക്കൽക്കൂടി ഇവിടെയെത്താൻ അനാരോഗ്യം അനുവദിച്ചില്ല.









0 comments