ചെത്തുതൊഴിലാളികളെ മുഖ്യധാരയിലെത്തിച്ച 
വി എസ്

വി എസ്
വെബ് ഡെസ്ക്

Published on Jul 23, 2025, 12:29 AM | 1 min read

ആലപ്പുഴ

അമ്പലപ്പുഴ താലൂക്കിലെ ചെത്തുതൊഴിലാളി തലമുറകൾക്ക് "വി എസ്’ എന്നത് കേവലമൊരു നേതാവല്ല, വികാരമാണ്. കള്ളുകച്ചവടം കുടിൽ വ്യവസായമായിരുന്ന കാലത്ത് ചെത്തുതൊഴിലാളികളെ അടിമകളെ പോലെയായിരുന്നു ഷാപ്പ് മുതലാളിമാർ കണ്ടിരുന്നത്. ചെത്തിക്കൊണ്ട് ചെല്ലുന്ന കള്ള് അളന്നെടുക്കാതെ, ഷാപ്പുടമ ഇഷ്ടമുള്ള അളവ് പറയുകയും കൂലി ചോദിച്ചാൽ കപ്പയും കഞ്ഞിയും നൽകുകയും ചെയ്തിരുന്ന കാലം. കൂലിക്ക് നിർബ്ബന്ധിച്ചാൽ കറിവയ്ക്കുന്ന ചട്ടിക്കുള്ള അടിയായിരുന്നു മറുപടി. കുടിൽ വ്യവസായമായിരുന്നതിനാൽ 1952 വരെ തൊഴിലാളികൾക്ക് സംഘടിക്കാനും സംഘടന രൂപീകരിക്കാനും കഴിഞ്ഞിരുന്നില്ല. കള്ള് കൃത്യമായി അളന്ന് കൂലി നൽകണമെന്നാവശ്യപ്പെട്ടാൽ തൊഴിലാളികളെ ഗുണ്ടകളെയും പൊലീസിനെയും എക്സൈസിനെയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തിരുന്നു. ഒടുവിൽ ചിലതൊഴിലാളികൾ സംഘടിച്ച്, അംഗീകൃതമുദ്രയുള്ള അളവ്പാത്രം ഉപയോഗിച്ച് ചെത്തി കൊണ്ടുവരുന്ന കള്ള് അളന്നെടുത്തു കൂലി നൽകണമെന്ന ആവശ്യമുയർത്തി സമരം ചെയ്തു. ഷാപ്പുടമകൾ ഈ തൊഴിലാളികളെ തെരുവിൽ ഗുണ്ടകളെ ഉപയോഗിച്ച്​ ആക്രമിച്ചപ്പോൾ വി എസ് ഇടപെടുകയും തൊഴിലാളികൾക്ക് സംരക്ഷണം ഏർപ്പാടാക്കുകയും ചെയ്തു. തുടർന്ന് കള്ളു കച്ചവടം കള്ളുചെത്തു വ്യവസായമെന്ന സംഘടിത വ്യവസായമാക്കാനുള്ള വി എസിന്റെ ഇടപെടലുകൾ അനന്യമാണ്. ഒപ്പം ചെത്തുതൊഴിലാളികളെയും ഈ വ്യവസായവുമായി ബന്ധപെട്ട മറ്റ് തൊഴിലാളികളെയും സംഘടിപ്പിച്ച് സുസംഘടിതമായ സംഘടനയുമുണ്ടാക്കി. അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ എന്ന സംഘടനക്ക്​ രൂപം നൽകിയ വി എസ് സംഘടനയുടെ പ്രഥമ പ്രസിഡന്റായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സിപിഐ എം പൊളിറ്റ്​ ബ്യൂറോ അംഗമായിരിക്കുമ്പോഴും തൽസ്ഥാനത്ത് തുടർന്ന വി എസ് 2006-ൽ മുഖ്യമന്ത്രിയാകും വരെ യൂണിയൻ പ്രസിഡന്റായി തുടർന്നു. ആലപ്പുഴയിൽ എത്തിയാൽ വി എസ് ഏറെ സമയം ചെലവിട്ടിരുന്ന ഓഫീസുകളിൽ ഒന്നായിരുന്നു അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ സിഐടിയു ഓഫീസ്. ചെത്തുതൊഴിലാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചതിൽ വി എസിന്റെ പങ്ക് നിസ്തുലമാണ്. വി എസിന്റെ വേർപാടിനെക്കുറിച്ചു പറയുമ്പോൾ, അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എ വി അനിരുദ്ധന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഓരോ ചെത്തുതൊഴിലാളിയുടെയും ഹൃദയവേദന ആ കണ്ണുകളിൽ പ്രതിഫലിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home