ഇനിയാർക്ക് 
നിഴലാകും, 
അവർ മടങ്ങി

വി എസ്

പൊലീസ് ഉദ്യോഗസ്ഥരായ എം ബിനുകുമാർ, എ ഷിജു, ഒ സിജു, എം എസ്​ ബിജിത്ത്​, ടി ജെ സുനിൽകുമാർ, 
വി പ്രമോദ് കുമാർ, ജെ രതീഷ് എന്നിവർ വേലിക്കകത്ത് വീട്ടിൽ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിനെ 
സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 25, 2025, 12:57 AM | 1 min read

ആലപ്പുഴ

മടങ്ങും മുമ്പ്​ അവർ ഏഴ്​ പേരും ഒരിക്കൽകൂടി വേലിക്കകത്ത്​ വീട്ടിലെത്തി. കാത്തിരിക്കാനും നിഴൽ പോലെ കാവലൊരുക്കാനും വി എസ് ഇല്ലെന്ന വേദനയോടെ. വീട്ടിൽ വലിയ ചിത്രത്തിന്​ മുന്നിൽനിന്ന്​ ചിത്രമെടുത്തു. മലയും കുന്നും കയറാനും ഉ‍ൗന്നുവടിയാകാനും സദാ ഒപ്പം നടന്നവർ. ഒ‍ൗദ്യോഗികമായി ഇനിയൊരു വരവ്​ ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത്​ വീട്ടിലേക്കുണ്ടാകില്ല. എം ബിനുകുമാർ, എ ഷിജു, ഒ സിജു, എം എസ്​ ബിജിത്ത്​, ടി ജെ സുനിൽകുമാർ, വി പ്രമോദ് കുമാർ, ജെ രതീഷ്....​ വി എസ്​ അച്യുതാനന്ദന്​ സുരക്ഷയൊരുക്കി വർഷങ്ങളായി ഒപ്പമുണ്ടായിരുന്ന പൊലീസുകാർ​. ബിനുകുമാറും ഷിജുവും ഗൺമാൻമാരും സിജുവും ബിജിത്തും റിങ്​ റ‍ൗണ്ടുമായിരുന്നു. മറ്റു മൂന്നുപേരും എസ്​കോർട്ട്​ ഡ്യൂട്ടിയിലും. സ്​റ്റേറ്റ്​ സ്​പെഷ്യൽ ബ്രാഞ്ച്​ സെക്യൂരിറ്റി സർവീസിലേക്ക്​ മടങ്ങും മുമ്പ്​ വ്യാഴം രാവിലെ ഏഴുപേരുമെത്തി വി എസിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.വൈകാരികമായിരുന്നു യാത്ര പറച്ചിൽ. 15 വർഷമായി വി എസിനൊപ്പമുള്ളയാളാണ്​ ബിനുകുമാർ. മറ്റുള്ളവർക്കും അതിനടുത്ത്​ തന്നെ വി എസിനോട്​ അടുപ്പമുണ്ട്​. ഒരിക്കലും വിഷു കൈനീട്ടം മുടങ്ങിയിട്ടില്ല. വി എസ്​ ഇല്ലെങ്കിൽ ചിറ്റ (ഭാര്യ കെ വസുമതി) യോ മകൻ അരുൺകുമാറോ നൽകും. അതു പറഞ്ഞേൽപ്പിക്കാൻ ഒരിക്കലും മറക്കാറില്ല അദ്ദേഹം. സത്യസന്ധതയും സ്​നേഹവും കൂടിചേർന്നാൽ അത്​ വി എസായി. വീട്ടുകാരെയും തിരക്കും. ജോലിയുടെ കാര്യത്തിൽ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല. കൂടെയുള്ളപ്പോഴും വീട്ടിലും നല്ല പരിഗണന നൽകും– നിറഞ്ഞ മിഴികളോടെ ബിനുകുമാർ പറയുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ അവസാനം കണ്ടത്​ ചിറ്റയെയാണ്​. ‘ഇനിയും വരണം’ മെന്ന വാക്കുകൾക്ക്​ പതിഞ്ഞ ഒരു ചിരിയില്ലാതെ എന്ത്​ പകരം നൽകാൻ.



deshabhimani section

Related News

View More
0 comments
Sort by

Home