വിജിയുടെ വിജയവഴി

വിജി ഗോപാൽ കലവൂരിലെ നിർമാണ യൂണിറ്റിൽ പായസകൂട്ടുമായി
ഗോകുൽ ഗോപി
Published on Aug 18, 2025, 02:41 AM | 1 min read
ആലപ്പുഴ
സദ്യയാണ് കഴിക്കുന്നതെങ്കിൽ മലയാളിയുടെ മനസില്‍ ആദ്യം ഓടിയെത്തുക പായസംതന്നെ. പായസംകൊണ്ട് ജീവിതത്തിന് പുതുമധുരംനേടിയ സംരംഭകയാണ് കലവൂർ ശ്രീഭവനിൽ വിജി ഗോപാൽ. പാരമ്പര്യരുചിക്കൂട്ടുകൾക്കൊപ്പം പുത്തൻ പരീക്ഷണങ്ങളും ചേർത്ത് 101 പായസക്കൂട്ടുകൾ തയാറാക്കിയിട്ടുണ്ട് വിജി. 2013ൽ കാർഷിക, വ്യവസായ വകുപ്പുകൾ ആലപ്പുഴയിൽ സംഘടിപ്പിച്ച എക്-സിബിഷനിൽ വിജി ഒരുക്കിയ പായസം സ്‌റ്റാളാണ് വഴിത്തിരിവായത്. ഇത് വൻവിജയമായതോടെ മറ്റ് ജില്ലകളിലും സ്‌റ്റാൾ ഒരുക്കി. തമിഴ്‌നാട്, കർണാടകം, ഗോവ, പുതുച്ചേരി, ഗുജറാത്ത് സംസ്ഥാനങ്ങളിലും വിദേശത്തും വിവിധ ഫെസ്‌റ്റിവലുകളിൽ സ്‌റ്റാളിട്ടു. കുടുംബശ്രീയുടെ പരിശീലനം ലഭിച്ചതോടെ കൂടുതൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ തയ്യാറാക്കി. വ്യവസായവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ എവിഎസ് രുചി എന്ന സംരംഭം ആരംഭിച്ചു. നിർമാണത്തിനും പാക്കിങ്ങിനുമായി രണ്ട് വനിതകളെയുംകൂട്ടി. ആലപ്പുഴ കാർഷിക വിജ്ഞാനകേന്ദ്രത്തിന്റെ സഹായത്തോടെ ‘ബാംബൂവിറ്റ' എന്ന ഹെൽത്ത്മിക-്‌സും വിപണിയിലെത്തിച്ചു. അച്ചാറുകളും കുക്കീസുകളും കൂടാതെ ചക്ക, ജാതിക്ക സീസൺ ഉൽപ്പന്നങ്ങളും സൗന്ദര്യവൽക്കരണ സാധനങ്ങളും വിപണിയിലെത്തിച്ചു. പരിചയപ്പെടുത്തുന്നതിന് യൂട്യൂബ് ചാനലും വെബ്സൈറ്റും തുടങ്ങി. കലവൂരിൽ ദേശീയപാതയ-്‌ക്കരികിലെ വീട് കടയാക്കി കോവിഡ് കാലത്തെയും തോൽപ്പിച്ചു. ആമസോൺ ഉൾപ്പെടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വിജിയുടെ ഉൽപ്പന്നങ്ങൾ ലഭിക്കും. പാചകം സംബന്ധിച്ച നാല് പുസ-്‌തകവും എഴുതി പ്രസിദ്ധീകരിച്ചു. കാർഷിക വിജ്ഞാനകേന്ദ്രത്തിന്റെയും വ്യവസായവകുപ്പിന്റെയും ഉൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചു. ഭർത്താവ് ടി ശ്രീകുമാറും മക്കളായ അപർണയും ആർച്ചയും പിന്തുണയായുണ്ട്.









0 comments