പുളിങ്കുന്നിലും വീയപുരംവേട്ട

VBC

പുളിങ്കുന്നിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ

avatar
ഫെബിൻ ജോഷി

Published on Nov 02, 2025, 02:44 AM | 2 min read

ആലപ്പുഴ

മണിമലയാറിന്റെ ഓളപ്പരപ്പിലും ആധിപത്യം തുടർന്ന്‌ പുളിങ്കുന്നിലും വീയപുരത്തിന്റെ വിജയക്കുതിപ്പ്‌. ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ ആദ്യ അഞ്ചുമത്സരങ്ങളും വിജയിച്ചാണ്‌ വില്ലേജ്‌ ബോട്ട്‌ ക്ലബ്‌ കൈനകരി തുഴയുന്ന വീയപുരം കിരീടത്തിൽ മുത്തമിട്ടത്‌. സമയം 2.56.383 മിനിറ്റ്‌. മണിമലയാറിന്റെ കരകളെ ത്രസിപ്പിച്ച ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട്​ ക്ലബിന്റെ (പിബിസി) മേൽപ്പാടം ചുണ്ടൻ (2.56.443) മൈക്രോ സെക്കൻഡിനാണ്‌ പിന്നിലായത്‌. പുന്നമട ബ്ലോട്ട്​ ക്ലബിന്റെ നടുഭാഗം ചുണ്ടനാണ്‌ (2.57.819) മൂന്നാമത്‌. കോട്ടപ്പുറത്തിനു സമാനമായി പതിഞ്ഞുതുടങ്ങി പകുതി പിന്നിടുമ്പോൾ തുഴമുറുക്കുന്ന ശൈലി മാറ്റി തുടക്കംമുതൽ അടിച്ചുനിൽക്കാൻ ഉറപ്പിച്ചാണ് വില്ലേജ് കലാശക്കളിക്കിറങ്ങിയത്. കുട്ടനാട്ടിലെ ഹൃദയ നെട്ടായത്തില്‍ തുടക്കംമുതല്‍ വീരു ലീഡെടുത്തു. തിരിച്ചടിക്ക് ഒരുങ്ങിയെത്തിയ പള്ളാത്തുരുത്തി കുതിച്ചുകയറിയതോടെ വില്ലേജ് വിയര്‍ത്തു. കുമരകം ഇമ്മാനുവൽ ബോട്ട്​ ക്ലബിന്റെ നടുവിലേപറമ്പൻ നാലാമതായി. നിരണം ബോട്ട്​ ക്ലബിന്റെ നിരണം ചുണ്ടൻ അഞ്ചാമതും കാരിച്ചാൽ ചുണ്ടൻ ബോട്ട്​ ക്ലബ്​ തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ആറാമതുമായി. കുമരകം ടൗൺ ബോട്ട്​ ക്ലബിന്റെ പായിപ്പാട്​ ചുണ്ടൻ, മ​​ങ്കൊമ്പ് തെക്കേക്കര ബോട്ട്​ ക്ലബിന്റെ ചെറുതന ചുണ്ടൻ, ചങ്ങനാശ്ശേരി ബോട്ട്​ ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ എന്നിവരാണ്‌ അവസാന മൂന്ന്‌ സ്ഥാനങ്ങളിൽ. രണ്ടാം ഹീറ്റ്​സിൽ മികച്ച സമയം കുറിച്ച് മേൽപ്പാടവും പള്ളാത്തുരുത്തിയും (03.01.316) ഇത് തങ്ങളുടെ ദിനമാണെന്ന് തോന്നിപ്പിച്ചു. കുമരകം ടൗണിന്റെ പായിപ്പാടനെയും (03:22:572), ചങ്ങനാശ്ശേരി ബോട്ട്​ ക്ലബിന്റെ ചമ്പക്കുളത്തെയും (03:40:470) വള്ളപ്പാടുകൾക്ക് പിന്നിലാക്കിയാണ്‌ മേൽപ്പാടത്തിന്റെ കുതിപ്പ്. ആദ്യ ഹീറ്റ്​സിൽ വിബിസിയുടെ വീയപുരം ചുണ്ടൻ (03:03:880) ഒന്നാമതെത്തി. പുന്നമടയുടെ നടുഭാഗം (03:08:557) രണ്ടും തെക്കേക്കര ബോട്ട്​ ക്ലബിന്റെ ചെറുതന (03:31:172) മൂന്നുംസ്ഥാനംനേടി. മൂന്നാംഹീറ്റ്​സിൽ നിരണത്തെ ഞെട്ടിച്ച്​ ഇമ്മാനുവൽ ബോട്ട്​ ക്ലബിന്റെ നടുവിലേപറമ്പൻ (03:11:00) ആദ്യം വിജയവരത്തൊട്ടു. നിരണം (03:12:00) രണ്ടും കാരിച്ചാൽ (03:18:00 ) മൂന്നുംസ്ഥാനങ്ങളിൽ മത്സരം അവസാനിപ്പിച്ചു. ​സിബിഎല്ലിൽ അഞ്ചിലും മിന്നിച്ച്‌ വില്ലേജ്‌ സിബിഎൽ സീസൺ അഞ്ചിൽ ആദ്യഅഞ്ചിലും മിന്നിച്ച് വീയപുരവും വില്ലേജ്‌ ബോട്ട്‌ ക്ലബ്‌ കൈനകരിയും 50 പോയിന്റോടെ കുതിപ്പ്‌ തുടരുകയാണ്. പോയിന്റ്‌ പട്ടികയിൽ ആറു പോയിന്റിന്റെ ലീഡ്. മേൽപ്പാടവും പള്ളാത്തുരുത്തി ബോട്ട്‌ ക്ലബും 44 പോയിന്റുമായി പിന്നാലെയുണ്ട്. സ‍‍ീസണിൽ അപ്രതീക്ഷിത കുതിപ്പ്‌ തുടരുന്ന പുന്നമട ബോട്ട്‌ ക്ലബാണ്‌ 40 പോയിന്റോടെ മൂന്നാം സ്ഥാനത്ത്‌. നിരണം ബോട്ട്‌ ക്ലബിന്റെ നിരണം ചുണ്ടൻ (35), ഇമ്മാനുവൽ ബോട്ട്‌ ക്ലബിന്റെ നടുവിലെപറമ്പൻ ചുണ്ടൻ (31), കുമരകം ട‍ൗൺ ബോട്ട്‌ ക്ലബിന്റെ പായിപ്പാടൻ ചുണ്ടൻ (22), തെക്കേക്കര ബോട്ട്‌ ക്ലബിന്റെ ചെറുതന ചുണ്ടൻ (21), കാരിച്ചാൽ ചുണ്ടൻ ബോട്ട്‌ ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ (17), ചങ്ങനാശേരി ബോട്ട്‌ ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ (10) എന്നിങ്ങനെയാണ്‌ പോയിന്റ്‌ നില.



deshabhimani section

Related News

View More
0 comments
Sort by

Home