മൂന്നര ദശാബ്‌ദത്തിന്റെ വാർത്താശേഖരവുമായി ഉണ്ണി പങ്കജം

മാന്നാർ
മൂന്നരപ്പതിറ്റാണ്ടായി മലയാള ദിനപത്രങ്ങളിലെ വാർത്തകൾ ശേഖരിച്ച് കാത്തുസൂക്ഷിക്കുകയാണ് കുട്ടമ്പേരൂർ പങ്കജത്തിൽ ജി ഉണ്ണികൃഷ്‌ണൻ (54) എന്ന ഉണ്ണി പങ്കജം. 35 വർഷക്കാലത്തെ കേരളത്തിലെ പ്രമുഖപത്രങ്ങളുടെ അയ്യായിരത്തിലധികം പേജുകളാണ് ഉണ്ണികൃഷ്ണന്റെ ശേഖരത്തിൽ. കുട്ടമ്പേരൂർ 611–--ാം നമ്പർ സഹകരണ ബാങ്കിലെ ജീവനക്കാരനാണ് ഉണ്ണികൃഷ്‌ണൻ. ജോർജ് ബുഷ്, സദ്ദാം ഹുസൈൻ, യാസർ അറാഫത്ത്, ബേനസീർ ഭൂട്ടോ, സോണിയ ഗാന്ധി, വാജ്പേയി, ഇ എം എസ്, ഇ കെ നായനാർ, കെ കരുണാകരൻ, വി എസ് അച്യുതാനന്ദൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി, എൽടിടിഇ നേതാവ് പ്രഭാകരൻ, വീരപ്പൻ തുടങ്ങിയവരുടെ ജീവിതമൂഹൂർത്തങ്ങൾ അടയാളപ്പെടുത്തുന്ന വാർത്തകൾ ശേഖരത്തിൽ കാണാം. എല്ലാ പത്രങ്ങളും വായിക്കുന്നതിനോടൊപ്പം പ്രധാനപ്പെട്ട വാർത്തകളും പടങ്ങളും ആർക്കെങ്കിലും പിന്നീട് പ്രയോജനപ്പെടുമെന്ന തോന്നലാണ് പ്രചോദനമെന്നും ഉണ്ണി കൃഷ്‌ണൻ പറഞ്ഞു. വിവിധ പത്രങ്ങളുടെ നൂറോളം വാരാന്തപതിപ്പുകളുടെ സമാഹാരവും ഇതിലുണ്ട്. രാഷ്‌ട്രീയ സംഭവവികാസങ്ങൾ, പ്രമുഖരുടെ സ്‌മരണാഞ്ജലികൾ, ദുരന്തങ്ങൾ, ചരിത്രവ്യക്തിത്വങ്ങൾ, യുദ്ധങ്ങൾ എന്നിങ്ങനെ വാർത്തകൾ തരംതിരിച്ച് ഇരുപത്തിയഞ്ചോളം ബുക്കുകളാക്കി ബൈൻഡ് ചെയ്‌താണ് സൂക്ഷിച്ചിരിക്കുന്നത്. ഇവയിൽ പലതും മാന്നാറിലെ വായനശാലകൾക്കും, ടിടിസിക്കും സംഭാവനയായി നൽകി . വായനപക്ഷാചരണത്തിന് മാന്നാർ നാഷണൽ ഗ്രന്ഥശാലയിൽ വിദ്യാർഥികൾക്കായി ഇവ പ്രദർശിപ്പിച്ചിരുന്നു. കുട്ടമ്പേരൂർ ശബരി കാറ്ററിങ് ഉടമ രാധാമണിയാണ് ഭാര്യ. നേവൽ ആർക്കിടെക്ചർ വിദ്യാർഥി ശബരിനാഥ് മകൻ.








0 comments